Hivision Channel

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടില്‍ ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടില്‍ ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിര്‍ദേശം മുന്നോട്ടുവെച്ച പാര്‍ലമെന്ററി ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ കോണ്‍ഗ്രസ് എംപിമാര്‍ വിയോജിപ്പ് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. വ്യാപാര ഇടപാടുകളില്‍ നിന്ന് പ്രതിവര്‍ഷം 15,000 കോടി രൂപ സമാഹരിക്കാമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

രാജ്യത്തെ യുപിഐ സാമ്പത്തിക വിനിമയ സംവിധാനങ്ങള്‍ വഴി ഫീസ് ഈടാക്കുന്ന നടപടിയുടെ ആദ്യപടിയാണ് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിനെ വിദഗ്ദ്ധര്‍ കാണുന്നത്. ഓരോ സാമ്പത്തിക വര്‍ഷവും ബാങ്കുകള്‍ക്കും യുപിഐ പ്ലാറ്റ്‌ഫോമുകള്‍ക്കും സേവന ദാതാക്കള്‍ക്കും വന്‍ തുക പിരിച്ചുകിട്ടുന്നതിനാല്‍ തീരുമാനം പിന്‍വലിക്കില്ലെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമായിട്ടുണ്ട്. പ്രതിപക്ഷ ആരോപണങ്ങളെ പൂര്‍ണമായി തള്ളിയാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. കേന്ദ്ര നീക്കത്തിന് പിന്നില്‍ അമേരിക്കയെന്ന രാഹുല്‍ഗാന്ധിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കാനെന്ന് ബിജെപി തുറന്നടിച്ചു.

എംഡിആര്‍ ഉടന്‍ നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിച്ച പാര്‍ലമെന്ററി പാനലില്‍ പി ചിദംബരം, ഗൗരവ് ഗൊഗോയി, മനീഷ് തിവാരി തുടങ്ങിയ ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഉണ്ടായിരുന്നു. ഇവരാരും നീക്കത്തെ എതിര്‍ത്തില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ യുപിഐ എംഡിആര്‍ എന്താണെന്നും ആരില്‍ നിന്നൊക്കെ ഫീസ് ഈടാക്കും എന്നും ജനങ്ങളെ ധരിപ്പിക്കാന്‍ ഒരു അഖിലേന്ത്യ ക്യാമ്പയിനും ബിജെപി തയ്യാറാക്കുകയാണ്. അടുത്ത മാസം 15 മുതലാണ് വ്യാപാരികളില്‍ നിന്ന് 0.4% മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കുക. അതിനിടെ വരുമാനനഷ്ടം ചൂണ്ടിക്കാണിച്ച് പെട്രോള്‍പമ്പുകളെ ഒഴിവാക്കണമെന്ന് ഡീലര്‍മാരുടെ അസോസിയേഷന്‍ ധനകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *