
പേരാവൂര്‍: മാലൂര്‍പ്പടി അഷ്ടമി ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഇളനീര്‍ പൊതു കൊള്ളല്‍ യാത്ര വേല എഴുന്നള്ളത്ത് ആരംഭിച്ചു. വേലയുടെ പൂര്‍ണ്ണ അധികാരം കൈതേരി തിയ്യ സമുദായ അംഗങ്ങള്‍ക്കാണ്. അഷ്ടമി ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ പ്രധാന സ്ഥാനികരായ അച്ഛന്മാര്‍ പുലര്‍ച്ചെ ഭദ്രദീപം തൊഴുത് ക്ഷേത്ര നടയിലെത്തി അരിങ്ങോട്ടില്ലം നമ്പൂതിരി പെരുമാളില്‍ നിന്നും അയവ് വാങ്ങി കൊടുത്തതിനു ശേഷം കൊട്ടിലിലെത്തി നടക്കുന്ന അടിയന്തിര യോഗത്തില്‍ വെച്ചാണ് വിളി എന്ന ചടങ്ങ് നടക്കുന്നത്. ആദ്യം മുന്നൂറ്റാന്‍ സമുദായത്തെ വിളിച്ച് പെരുമാളുടെ ഉത്സവാഘോഷത്തിനുള്ള ചെണ്ടമേളം ആരംഭിക്കുന്നതിനു വേണ്ടിയുള്ള പാണി കൊട്ടാന്‍ ആവശ്യപ്പെടുന്നു. അതോടെ ക്ഷേത്ര വയലില്‍ കേളികൊട്ട് ആരംഭിക്കും. അതിനുശേഷം ഇളനീര്‍ പൊതു കൊള്ളല്‍ യാത്ര വേലക്ക് അധികാരികളായ സമുദായക്കാരോട് മാലൂര്‍ കൈക്കോളനേയും കൂട്ടി ക്ഷേത്രത്തിനടുത്തുള്ള വേങ്ങേരി പറമ്പത്ത് പോയി അഷ്ടമി ആഘോഷത്തിന് ആവശ്യമായ ഇളനീര് കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നു. അതോടെ അടിയന്തരയോഗ നിര്‍ദ്ദേശപ്രകാരം സ്ഥാനികര്‍ വാദ്യസമേതം ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് വേങ്ങേരി പറമ്പില്‍ എത്തി ഇളനീര്‍ ഇറക്കി ക്ഷേത്ര നടയില്‍ സമര്‍പ്പിച്ചതിനുശേഷം പാരമ്പര്യമായി പോകുന്ന മറ്റു പ്രധാന സ്ഥലങ്ങളില്‍ വേല എഴുന്നള്ളി ഇളനീര്‍ പൊയ്ത് ഉച്ചയോടെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു. നാളെ ഉച്ച വരെയും വേല തുടരും.















