Hivision Channel

രാജ്യത്തെ ഗോതമ്പ് ശേഖരം ഇടിഞ്ഞു; ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

രാജ്യത്തെ ഗോതമ്പ് ശേഖരം ഡിസംബറില്‍ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. സര്‍ക്കാര്‍ വെയര്‍ഹൗസുകളില്‍ സൂക്ഷിച്ചിരുന്ന ഗോതമ്പ് ശേഖരം കുറഞ്ഞതായി സര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. വര്‍ദ്ധിച്ചു വരുന്ന ആവശ്യകതയും വിളവ് കുറഞ്ഞതും ഗോതമ്പിന്റെ വിലയെ റെക്കോര്‍ഡ് ഉയരത്തിലേക്ക് എത്തിച്ചിരുന്നു. ഗോതമ്പ് വില കുറയ്ക്കാന്‍ സര്‍ക്കാര്‍ വെയര്‍ഹൗസുകളിലെ സ്റ്റോക്കുകള്‍ പുറത്തിറക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. 37.85 ദശലക്ഷം ടണ്ണില്‍ നിന്ന് സംസ്ഥാന വെയര്‍ഹൗസുകളിലെ ഗോതമ്പ് ശേഖരം ഈ മാസത്തിന്റെ തുടക്കത്തില്‍ 19 ദശലക്ഷം ടണ്ണായി കുറഞ്ഞു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം നവംബറില്‍ സര്‍ക്കാരിന്റെ കരുതല്‍ ശേഖരം 2 ദശലക്ഷം ടണ്‍ കുറഞ്ഞു.

ഇതിനു മുന്‍പും രാജ്യത്തെ ഗോതമ്പ് ശേഖരത്തില്‍ കുറവ് വന്നിരുന്നു. 2014-ലും 2015-ലും തുടര്‍ച്ചയായ വരള്‍ച്ച കാരണം ഗോതമ്പ് ശേഖരം 16.5 ദശലക്ഷം ടണ്ണായി കുറഞ്ഞിരുന്നു. 2016 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് നിലവില്‍ രാജ്യത്തെ ഗോതമ്പ് ശേഖരം. നാല് മാസത്തിന് ശേഷം മാത്രമേ പുതിയ വിളവെടുപ്പ് ഉണ്ടാകൂ. വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ കൂടുതല്‍ പ്രയാസകരമാകുകയാണ് എന്ന് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു. വില കുറയ്ക്കാന്‍ ഒരു മാസത്തില്‍ 2 ദശലക്ഷം ടണ്ണില്‍ കൂടുതല്‍ കരുതല്‍ ശേഖരം പുറത്തിറക്കാന്‍ സാധിക്കില്ല. കര്‍ഷകരുടെ വിതരണം ഏതാണ്ട് നിലച്ചതിനാല്‍ വില കൂടാനുള്ള സാധ്യതയുമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധാന്യ ഉല്‍പ്പാദക രാജ്യമായിരുന്നിട്ടും, വിളവെടുപ്പില്‍ പെട്ടെന്നുണ്ടായ ഇടിവ് മൂലം രാജ്യത്ത് ഗോതമ്പിന്റെ വില ഉയര്‍ത്തുകയാണ്. മെയ് മാസത്തില്‍ കയറ്റുമതി നിരോധനം നടപ്പാക്കിയെങ്കിലും ഇന്ത്യയില്‍ ഗോതമ്പ് വില കുതിച്ചുയര്‍ന്നു.മെയ് മാസത്തില്‍ കയറ്റുമതി നിരോധനത്തിന് ശേഷം പ്രാദേശിക ഗോതമ്പ് വില ഏകദേശം 28 ശതമാനം ഉയര്‍ന്ന് ടണ്ണിന് 26,785 രൂപയായി.പുതിയ സീസണില്‍ ഗോതമ്പ് ഉല്‍പ്പാദനം സാധാരണ നിലയിലേക്ക് ഉയരുമെങ്കിലും ഏപ്രില്‍ മുതല്‍ പുതിയ വിളവെടുപ്പ് ഉണ്ടാകുന്നത് വരെ വില ഉയരും.

Leave a Comment

Your email address will not be published. Required fields are marked *