Hivision Channel

latest news

ഒഡിഷ ട്രെയിന്‍ അപകടം;തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് ഒഡിഷയിലേക്കും അസാമിലേക്കും പോകുന്ന ട്രെയിനുകള്‍ റദ്ദാക്കി

ഒഡിഷ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് ഒഡിഷയിലേക്കും അസാമിലേക്കും പോകുന്ന ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം സെന്‍ട്രല്‍ ഷാലിമാര്‍ ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും (22641), കന്യാകുമാരി ദിബ്രുഗഢ് വിവേക് സൂപ്പര്‍ഫാസ്റ്റുമാണ് (22503) റദ്ദാക്കിയത്.

ഒഡിഷയില്‍ 233 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടര്‍ന്ന് 48 ട്രെയിനുകളാണ് മൊത്തം റദ്ദാക്കിയത്. 36 ട്രയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വര്‍ വഴിയുള്ള എല്ലാ ട്രയിന്‍ സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്. ബലാസൂറിലെ ബഹ്‌നാദിലാണ് അപകടമുണ്ടായത്. 12837 ഹൗറ പുരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 12863 ഹൗറ-ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 12839 ഹൗറ-ചെന്നൈ മെയില്‍ എന്നിവ റദ്ദാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയെന്ന് സ്ഥിരീകരണം

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയെന്ന് സ്ഥിരീകരണം. 1000ലേറെ പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയെ ദുരന്തഭൂമിയാക്കി മാറ്റിയ ട്രെയിന്‍ അപകട മേഖല സന്ദര്‍ശിച്ചു. ബാലസോറിലെ അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തി. പരിക്കേറ്റവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യ കണ്ട വലിയ ദുരന്തത്തില്‍ ഒന്നാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. റയില്‍വെക്കൊപ്പം ദേശീയ ദുരന്ത നിവാരണ സംഘവും ഒഡിഷയുടെ സംസ്ഥാന ദുരന്ത നിവാരണ സംഘവും മറ്റ് സംസ്ഥാന സര്‍ക്കാരുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ റെയില്‍ സുരക്ഷാ കമ്മീഷണര്‍ സ്വതന്ത്രമായി മറ്റൊരു അന്വേഷണം നടത്തുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് 48 ട്രെയിനുകളാണ് മൊത്തം റദ്ദാക്കിയത്. 36 ട്രയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വര്‍ വഴിയുള്ള എല്ലാ ട്രയിന്‍ സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്. ബലാസൂറിലെ ബഹ്‌നാദിലാണ് അപകടമുണ്ടായത്. 12837 ഹൗറ പുരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 12863 ഹൗറ-ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 12839 ഹൗറ-ചെന്നൈ മെയില്‍ എന്നിവ റദ്ദാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലിടിച്ച് വൻ അപകടം.

ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയെന്നാണ് വിവരം. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയത് അപകടത്തിന്റെ തീവ്രത കൂട്ടി. ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ രണ്ടു ബോഗികളും പാളം തെറ്റി.

അപകടത്തിൽ 50 പേർ മരിച്ചതായി ഒഡീഷയിലെ പ്രാദേശിക മാധ്യമങ്ങളും വിവിധ ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. റെയിൽവേ അധികൃതരോ സർക്കാരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇരുനൂറിലധികം പേർ മറിഞ്ഞ ബോഗികൾക്കിടയിൽ കുടുങ്ങിയതായാണ് വിവരം. ഇവരിൽ പരുക്കേറ്റ 132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം, മുന്നൂറിലധികം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.

മാലിന്യമുക്തം നവകേരളം; ജൂണ്‍ അഞ്ചിന്എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹരിതസഭകള്‍

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതസഭകള്‍ ചേരും. ക്യാമ്പയിനിന്റെ അടിയന്തര ഘട്ട പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അഞ്ചിനകം പൂര്‍ത്തീകരിക്കണമെന്ന്് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ വിലയിരുത്തലും ഹ്രസ്വകാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഓരോ തദ്ദേശസ്ഥാപന തലത്തിലും ആവിഷ്‌ക്കരിച്ചിരിക്കുന്ന പ്രവര്‍ത്തന പരിപാടികള്‍ ജനകീയ ചര്‍ച്ചക്ക് വിധേയമാക്കുകയുമാണ് ഹരിതസഭയിലൂടെ ഉദ്ദേശിക്കുന്നത്. വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കി പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ നടത്തിപ്പിന് തദ്ദേശവാസികളെ സജ്ജമാക്കാന്‍ സഹായകമാകുന്ന തരത്തില്‍ ഹരിതസഭകള്‍ സംഘടിപ്പിക്കണമെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാര്‍ച്ച് 15 മുതല്‍ ജൂണ്‍ ഒന്ന് വരെ നടന്ന പ്രവര്‍ത്തനങ്ങള്‍, ഇതിന്റെ ഭാഗമായി നേരത്തെയുള്ള അവസ്ഥയില്‍ നിന്ന് ഉണ്ടായ പുരോഗതി, ഇതിനായി നടത്തിയ പ്രത്യേക പ്രവര്‍ത്തനങ്ങള്‍, നൂതന പരിപാടികള്‍, നേരിട്ട പ്രതിസന്ധികള്‍, അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്നിവ ഹരിത സഭകളില്‍ ജനകീയ പരിശോധനക്ക് വിധേയമാക്കും.
2024 മാര്‍ച്ചോടെ തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ച പ്രവര്‍ത്തന പരിപാടികളും ഹരിതസഭ ചര്‍ച്ച ചെയ്യും.
പ്രവര്‍ത്തനങ്ങളുടെ അവലോകന റിപ്പോര്‍ട്ട് അവതരണം, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ, ഹരിത കര്‍മ സേന പ്രതിനിധികളുടെ അവതരണം, ഗ്രൂപ്പ് ചര്‍ച്ച, ഹരിതകര്‍മ സേന അനുമോദനം എന്നിവ ഹരിതസഭയുടെ ഭാഗമായി നടത്തും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോ വിഷയത്തിലും രൂപീകരിക്കുന്ന ഗ്രൂപ്പുകള്‍ പ്രത്യേകമായി ഗ്രൂപ്പ് ചര്‍ച്ച നടത്തുകയും ഇതിന്റെ റിപ്പോര്‍ട്ടിങ്ങ് നടത്തുകയും ചെയ്യും. റിപ്പോര്‍ട്ട്, ഗ്രൂപ്പ് ചര്‍ച്ച, ഗ്രൂപ്പ് പ്രതികരണങ്ങള്‍ എന്നിവ കേള്‍ക്കാനും തദ്ദേശസ്ഥാപനത്തിന്റെ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്താനും ഒരു വിദഗ്്ധ പാനലിനെ ബന്ധപ്പെട്ട തദ്ദേശസ്ഥാപനം ഹരിത സഭകളില്‍ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. ഹരിത സഭകളില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ജൂണ്‍ എട്ടിന് മുമ്പ് തദ്ദേശസ്വയംഭരണ വകുപ്പിന് സമര്‍പ്പിക്കണം.

എല്ലാ വാര്‍ഡുകളില്‍ നിന്നും വിവിധ ജനവിഭാഗങ്ങളില്‍ നിന്നുമുള്ള പ്രാതിനിധ്യം ഉറപ്പാക്കും വിധം പരിപാടിയിലേക്ക് മുന്‍കൂട്ടി ആളുകളെ ക്ഷണിക്കും. ജനപ്രതിനിധികള്‍, വായനശാല പ്രതിനിധികള്‍, ശാസ്ത്ര-സാംസ്‌ക്കാരിക സംഘടനാ പ്രതിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, യുവജന, വനിതാ, സംഘടന പ്രതിനിധികള്‍, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, വാര്‍ഡ്തല ആരോഗ്യ ജാഗ്രതാസമിതി പ്രതിനിധികള്‍ തുടങ്ങി എല്ലാവിഭാഗത്തിന്റെയും പ്രതിനിധികളെ ഹരിതസഭകളിലേക്ക് ക്ഷണിക്കും.

ലിറ്റില്‍ കൈറ്റ്സ് ജൂണ്‍ 8 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ രണ്ടായിരത്തോളം സര്‍ക്കാര്‍, എയിഡഡ് ഹൈസ്‌കൂളുകളില്‍ നിലവിലുള്ള ‘ലിറ്റില്‍ കൈറ്റ്സ്’ ക്ലബുകളില്‍ അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് ജൂണ്‍ 8 വരെ അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്‌കൂളിലേയും ക്ലബുകളില്‍ തെരഞ്ഞെടുക്കാനുള്ള സംസ്ഥാനതല അഭിരുചി പരീക്ഷ ജൂണ്‍ 13ന് നടക്കും. സ്‌കൂളുകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറത്തില്‍ കുട്ടികള്‍ പ്രധാനധ്യാപകര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായി നടത്തുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷയില്‍ ലോജിക്കല്‍, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും . അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 3, 4, 5 തീയതികളില്‍ രാവിലെ 6.30നും രാത്രി എട്ട് മണിക്കും പ്രത്യേക ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം
ചെയ്യും. അംഗങ്ങളായി തെരഞ്ഞെടുക്കുന്നവര്‍ക്ക് ഹാര്‍ഡ്വെയര്‍, അനിമേഷന്‍, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബര്‍ സുരക്ഷ, മൊബൈല്‍ ആപ്പ് നിര്‍മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേ ണന്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. പുതിയതായി യൂണിറ്റുകള്‍ക്ക് വിതരണം ചെയ്തിട്ടുള്ള ആര്‍ഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്സ് പ്രവര്‍ത്തനങ്ങളും ബ്ലെന്‍ഡര്‍ സോഫ്റ്റ്വെയര്‍ പ്രയോജനപ്പെടുത്തിയുള്ള 3ഡി ആനിമേഷന്‍ തയ്യാറാക്കല്‍ തുടങ്ങിയവ ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളായിരിക്കും. സ്‌കൂള്‍പ്രവര്‍ത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങള്‍ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം നല്‍കുക. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളില്‍ എ ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കും. കൈറ്റ് നടപ്പാക്കുന്ന ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബില്‍ ഇതു വരെ ജില്ലയിലെ 9525 കുട്ടികള്‍ അംഗങ്ങളായിട്ടുണ്ട്. രക്ഷാകര്‍ത്താക്കള്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനം, ഡിജിറ്റല്‍ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്സിലെ സ്‌കൂള്‍ വാര്‍ത്തകള്‍, പൊതു ജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കല്‍, സ്‌കൂള്‍ ടി വി തു ടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ നടത്തി വരുന്നു.വിശദാംശങ്ങള്‍ www.kite.kerala.gov.in-ല്‍ ലഭ്യമാണ്.

എസ്എസ്എഫ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ആറളം: എസ്എസ്എഫ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗ് അടങ്ങുന്ന പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ആറളം സെക്ടര്‍ പരിധിയിലെ ഏഴ് സ്‌കൂളുകളിലായി ഐസിഎഫ്, ആര്‍എസ്‌സി ആറളം കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.എസ്എസ്എഫ് ഇരിട്ടി ഡിവിഷന്‍ പ്രസിഡണ്ട് അഡ്വ.മിദ്ലാജ് സഖാഫി ഇടവേലി ഗവ എല്‍ പി സ്‌കൂളില്‍ വെച്ച് പഠനോപകാരങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. എസ്എസ്എഫ്, എസ് വൈ എസ് ആറളം സെക്ടര്‍ ഭാരവാഹികളും പങ്കെടുത്തു.തുടര്‍ച്ചയായി പത്താം വര്‍ഷമാണ് എസ് എസ് എഫ് നൂറിലേറെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നത്

കോളയാട് കണ്ണവം റോഡില്‍ മരം ഡിപ്പോക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ വീട്ട് മതിലിലിടിച്ച് അപകടം

കോളയാട്: കണ്ണവം റോഡില്‍ മരം ഡിപ്പോക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ വീട്ട് മതിലിലിടിച്ച് അപകടത്തില്‍പെട്ടു. കേളകം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.

ഡോ. സ്വരൂപ ആര്‍ ഇരിട്ടി മഹാത്മാഗാന്ധി കോളേജ് പ്രിന്‍സിപ്പാള്‍

ഇരിട്ടി: മഹാത്മാഗാന്ധി കോളേജ് പ്രിന്‍സിപ്പാളായി ഡോ. സ്വരൂപ ആര്‍ നിയമിതയായി. നിലവില്‍ കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് മെമ്പറും കൊമേഴ്‌സ് വിഭാഗം മേധാവിയുമായ ഡോ. സ്വരൂപ ആര്‍ കണ്ണൂര്‍ സ്വദേശിനിയാണ്. 1998 മുതല്‍ മഹാത്മാഗാന്ധി കോളേജ് അധ്യാപികയാണ്.വിവിധ സര്‍വ്വകലാശാലകളിലെയും സ്വയം ഭരണ കോളേജിലേയും ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കമ്മിറ്റി, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, ഫാക്കല്‍റ്റി മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല റിസര്‍ച്ച് ഗൈഡായ ഡോ. സ്വരൂപയുടെ നേതൃത്വത്തില്‍ 4 പേര്‍ പി.എച്ച് ഡി. നേടിയിട്ടുണ്ട്. നാല്‍പതിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ, അന്തര്‍ദേശീയ സെമിനാറുകളില്‍ റിസോഴ്‌സ്‌പേഴ്‌സണായും പ്രവര്‍ത്തിച്ചു വരുന്നു.

റബ്ബറിന് 300 രൂപ തറ വില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിപിഎം കര്‍ഷക സംഘടന പ്രക്ഷോഭത്തിലേക്ക്

റബ്ബറിന് 300 രൂപ തറ വില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിപിഎം പ്രക്ഷോഭത്തിലേക്ക്. പാര്‍ട്ടിയുടെ കര്‍ഷക സംഘടനയായ കേരള കര്‍ഷക സംഘമാണ് ഈ ആവശ്യവുമായി പ്രതിഷേധത്തിന് ഇറങ്ങുന്നത്. ജൂണ്‍ 6 ന് താമരശ്ശേരിയില്‍ സമരസായാഹ്നം സംഘടിപ്പിക്കുമെന്ന് കേരള കര്‍ഷകസംഘം അറിയിച്ചു.

നേരത്തെ ക്രൈസ്തവ സഭകള്‍ ഉന്നയിച്ച അതേ ആവശ്യമാണ് സിപിഎം ഏറ്റെടുക്കുന്നത്. റബ്ബറിന് 300 രൂപ വില നിശ്ചയിച്ചാല്‍ ബിജെപിക്ക് ഒരു എംപിയെ നല്‍കാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാമ്പ്‌ലാനിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.

വായ്പ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ കെ കെ എബ്രഹാം കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ കെ കെ എബ്രഹാം രാജിവച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് കെ കെ എബ്രഹാം രാജി വച്ചത്. ജയിലില്‍ നിന്നാണ് കെ പി സി സി പ്രസിഡണ്ടിന് രാജി കത്തയച്ചത്. നിരപരാധിത്വം തെളിയിക്കും വരെ മാറി നില്‍ക്കുന്നുവെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് അയച്ച കത്തില്‍ കെ കെ എബ്രഹാം പറയുന്നത്. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിലാണ് എബ്രഹാം ജയിലിലായത്.

വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രന്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് വിജിലന്‍സ് നടപടികള്‍ വേഗത്തിലാക്കിയത്. കെ പി സി സി ജനറല്‍ സെക്രട്ടറിയും മുന്‍ ബാങ്ക് ഭരണ സമിതി പ്രസിഡന്റുമായ കെ കെ എബ്രഹാം ഉള്‍പ്പെടെ 10 പേരാണ് പ്രതി പട്ടികയില്‍ ഉള്ളത്. കെ കെ എബ്രഹാം, മുന്‍ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവര്‍ പുല്‍പ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ ആണ്.