Hivision Channel

latest news

സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. കഴിഞ്ഞ പത്ത് ദിവസമായി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണ വിലയാണ് ഇന്ന് ഉയര്‍ന്നത്. പത്ത് ദിവസംകൊണ്ട് 920 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ദ്ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37800 രൂപയാണ്.

കുട്ടികളെ ഇടകലര്‍ത്തി ഇരുത്തല്‍; നിര്‍ദ്ദേശം തിരുത്തി വിദ്യാഭ്യാസ വകുപ്പ്

പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ക്ലാസുകളില്‍ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്കിനുപകരം സ്‌കൂള്‍ അന്തരീക്ഷം എന്നാക്കിമാറ്റി. ആണ്‍-പെണ്‍കുട്ടികളെ ഒരുമിച്ച് ഇരുത്തണമെന്ന നിര്‍ദ്ദേശനത്തിനെതിരെ വിമര്‍ശനം ഉയരുന്നതിന്റെ സാഹചര്യത്തിലാണ് വിദ്യാഭാസ വകുപ്പ് നിര്‍ദ്ദേശം തിരുത്തിയത്.

രാജ്യത്ത് ടോള്‍ പ്ലാസകള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ടോള്‍ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്. നിശ്ചിത ഇടങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ ആകും നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സാധ്യമാക്കുക. ടോള്‍ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും പുതിയ സംവിധാനത്തില്‍ പരിഹരിക്കപ്പെടും. പുതിയ ടോള്‍ പിരിവ് സമ്പ്രദായത്തിനായി നിയമഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. രണ്ട് ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ടോള്‍ പ്ലാസയ്‌ക്കൊപ്പം ഫാസ്റ്റ് ട്രാക്കും പുതിയ ഭേദഗതി വരുന്നതോടെ ഇല്ലാതാകും. അടുത്ത ഒരു വര്‍ഷത്തില്‍ തന്നെ ഇതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.

രാജ്യത്ത് 8586 പുതിയ കൊവിഡ് കേസുകള്‍; 48 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8586 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 4,43,57,546 ആയി. ഇന്നലെ കൊവിഡ് ബാധിച്ച് 48 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 5,27,416 ആയി.

കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് അസോസിയേഷന്‍ പേരാവൂര്‍ മേഖല കൗണ്‍സില്‍ യോഗവും അനുമോദനവും ഐഡി കാര്‍ഡ് വിതരണവും

പേരാവൂ:കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് അസോസിയേഷന്‍ പേരാവൂര്‍ മേഖല കൗണ്‍സില്‍ യോഗവും അനുമോദനവും ഐഡി കാര്‍ഡ് വിതരണവും പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നു. സി.ഇ.ഒ. എ ജില്ലാ പ്രസിഡണ്ട് ജോര്‍ജുകുട്ടി വാളുവെട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു.

കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് അസോസിയേഷന്‍ പേരാവൂര്‍ മേഖല കൗണ്‍സില്‍ യോഗവും ആഗസ്റ്റ് ഒന്നിന് പൂളക്കുറ്റി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചു പേരുടെ ജീവന്‍ രക്ഷിച്ച സി.ഇ.ഒ. എ അങ്കം ജിബിന്‍ ജോസഫിനുള്ള അനുമോദനവും അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവുമാണ് പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നത്.

ചടങ്ങില്‍ മേഖലാ സെക്രട്ടറി ബി.കെ സക്കരിയ അധ്യക്ഷനായി.ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ ഖാദര്‍ ഐഡി കാര്‍ഡ് വിതരണം നടത്തി. ഷാജി വണ്ടനാഴി, ജയിംസ് മരിയന്‍ , റോജര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയുക, സഹകരണ സംഘങ്ങളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. സി.ഐ.ടി.യു പേരാവൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ നടന്ന സംഗമം അഡ്വ.കെ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. എം.സി ഷാജു, പി.വി പ്രഭാകരന്‍, സി.സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പീഡിയാട്രിക് ഗ്യാസ്ട്രോ ഇന്‍സ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി

തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക് ഗ്യാസ്ട്രോ ഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് തുകയനുവദിക്കുന്നത്. സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമാണിത്.

ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്നോ നാലോ പ്രധാന ആശുപത്രികളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. ഇത് സജ്ജമാകുന്നതോടെ എസ്.എ.ടി.യില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിലെത്തുന്ന കുട്ടികള്‍ക്ക് അത്യാധുനിക ചികിത്സാ സംവിധാനം ലഭ്യമാകും. ഭാവിയില്‍ ഈ വിഭാഗത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡി.എം കോഴ്സ് ആരംഭിക്കാന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ക്കുണ്ടാകുന്ന ഉദരം, കുടല്‍, കരള്‍, പാന്‍ക്രിയാസ് എന്നിവ സംബന്ധമായ അസുഖങ്ങള്‍ക്കായുള്ള സ്പെഷ്യാലിറ്റി ചികിത്സയാണ് പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം വഴി നല്‍കുന്നത്. ഇതോടൊപ്പം തന്നെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ ചികിത്സയും ഈ വിഭാഗം വഴി നല്‍കി വരുന്നു. പ്രതിവര്‍ഷം നാലായിരത്തോളം പേരാണ് എസ്.എ.ടി ആശുപത്രിയിലെ ഈ വിഭാഗത്തില്‍ ചികിത്സ തേടുന്നത്. ഗുരുതര കരള്‍ രോഗം ബാധിച്ച കുട്ടികള്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള ചികിത്സയും ഇവിടെ നിന്നും ലഭ്യമാക്കുന്നു.

പുതിയ സംവിധാനം വരുന്നതോടെ ഈ വിഭാഗത്തിലെത്തുന്ന കുട്ടികള്‍ക്ക് പീഡിയാട്രിക് ഗ്യാസ്ട്രോ ഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീനിലൂടെ നൂതന പരിശോധനയും ചികിത്സയും ലഭ്യമാകും. കുടല്‍ സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തുന്നതിനും കരള്‍ രോഗം ബാധിച്ച കുട്ടികളിലെ രക്തസ്രാവം കണ്ടെത്തുന്നതിനും കഴിയും. അറിയാതെ എന്തെങ്കിലും വസ്തുക്കള്‍ വിഴുങ്ങി വരുന്ന കുട്ടികളില്‍, വിഴുങ്ങിയ വസ്തുവിനെ കൃത്യമായി കണ്ടെത്താനും പുറത്തെടുക്കാനും സാധിക്കും. അനസ്തീഷ്യ വിഭാഗത്തിന്റെ സേവനം ഉറപ്പ് വരുത്തിയാണ് ചികിത്സ നല്‍കുന്നത്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഒ.പി പ്രവര്‍ത്തിക്കുന്നത്.

പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയിലിടിച്ച് അപകടം

കൊട്ടിയൂര്‍ :

കൊട്ടിയൂര്‍ : നീണ്ടുനോക്കി ടൗണിന് സമീപം പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയിലിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. കേളകം ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പിന് മുന്നില്‍ ഓട്ടോറിക്ഷ സിഗ്നല്‍ ഇട്ട് റോഡരികിലുള്ള സ്ഥാപനത്തിലേക്ക് കയറ്റുന്നതിനിടെ പുറകിലുള്ള പിക്കപ്പ് ജീപ്പ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗവും പുറകുവശവും തകര്‍ന്നു. കൊട്ടിയൂര്‍ വെങ്ങലോടി സ്വദേശി നിധിന്റേതാണ് ഓട്ടോറിക്ഷ.

കേന്ദ്ര സായുധ പൊലീസ് സേന, ഡല്‍ഹി പൊലീസില്‍ എസ്‌.ഐ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഡല്‍ഹി പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്മെന്റിനായുള്ള ഓപ്പണ്‍ കോംപറ്റീറ്റീവ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും സെന്‍ട്രല്‍ & പൊലീസ് ഫോഴ്സ്സ് പരീക്ഷയും 2022 നവംബറില്‍ രാജ്യത്തുടനീളം നടത്തും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും.

പരീക്ഷയില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ രണ്ട് ഒബ്ജക്റ്റീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യപേപ്പറുകളും തുടര്‍ന്ന് PST/PET, DME എന്നിവയും ഉണ്ടായിരിക്കും.

ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷ സമര്‍പ്പിക്കാനും വിശദ വിവരങ്ങള്‍ക്കും http://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. 100 രൂപയാണ് അപേക്ഷ ഫീസ്. വനിത/എസ്സി/എസ്ടി/ഇഎക്‌സ്എസ് വിഭാഗങ്ങള്‍ക്ക് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഓഗസ്റ്റ് 30 രാത്രി 11 മണിവരെയാണ്. ആകെ 4,300 ഒഴിവുകളാണുള്ളത് (4,019 – പുരുഷന്മാര്‍ക്കുള്ള തസ്തികകള്‍; 281 – വനിതകള്‍ക്കുള്ള തസ്തികകള്‍).

ശമ്പളം എക്സ് വിഭാഗത്തിലുള്ള നഗരങ്ങളില്‍ ഏകദേശം 62,000 രൂപ ആയിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ 2022 ജനുവരി ഒന്നാം തിയതി, 20-25 വയസ്സിനും ഇടയിലുള്ളവരാകണം. സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ വയസ്സ് ഇളവ് ലഭിക്കും.

കേളകം പഞ്ചായത്ത് വികസന സമിതി യോഗം

കേളകം : ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന കേളകം പഞ്ചായത്ത് വികസന സമിതി യോഗത്തില്‍ പഞ്ചായത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ സമയബന്ധിതമായി നടപടികള്‍ ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചു. യോഗത്തില്‍ കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു. വികസന സമിതി കണ്‍വീനര്‍ ജോര്‍ജ്കുട്ടി കുപ്പക്കാട്ട് പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കൂറ്റ്, എസ്.ടി രാജേന്ദ്രന്‍, എം.രമണന്‍, എം.വി മാത്യു മനക്കല്‍, കെ.എം അബ്ദുല്‍ അസീസ്, പൈലി വാത്യാട്ട്, കെ.പി ഷാജി, പഞ്ചായത്ത് മെമ്പര്‍മാരായ ടോമി, ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.