തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെയും ഹോസ്റ്റലിലെയും സംഘര്‍ഷത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ , ജില്ലാ കളക്ടര്‍ എന്നവര്‍ സമിതി അംഗത്തില്‍ ഉള്‍പ്പെടും. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്‍കണം. അനധികൃതമായി താമസിക്കുന്ന വിദ്യാര്‍ഥികളെ ഒഴിവാക്കാന്‍ ഹോസ്റ്റല്‍ വാര്ഡന് മാര്‍ക്ക് നിര്‍ദേശം നല്കി.
വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍. എം. സി മായിന്‍ ഹാജിയാണ് പുതിയ വഖഫ് ബോര്‍ഡ് ചെയര്മാന്. പുതിയ ഉത്തരത്തിലൂടെയാണ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. 9 അംഗങ്ങളാണ് പുതിയ ബോര്‍ഡില്‍ ഉള്ളത്. എംഎല്‍എമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീന്, മുസ്തഫല്‍ ഫൈസി, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി തുടങ്ങിയവര്‍ വഖഫ് ബോര്‍ഡിലുണ്ട്. അമുസ്ലിം അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിട്ടില്ല.
വഖഫ് ബോര്‍ഡ് പുനഃസംഘടനയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. നിലവിലെ ബോര്‍ഡ് പിരിച്ചുവിട്ട് സമ്പൂര്‍ണ പുനഃസംഘടനയാണ് സര്‍ക്കാര്‍ നടത്തിയത്.നേരത്തെ നിരവധി തവണ വഖഫ് ബോര്‍ഡ് അംഗമായിരുന്നു മുസ്ലിം ലീഗ് നേതാവ് കൂടിയായ മായിന്‍ ഹാജി.
ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തര്‍ക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാന്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയതായി കെഎസ്ആര്‍ടിസി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ ലഭ്യമാക്കാനും ലീസ് വ്യവസ്ഥയില്‍ ബസുകള്‍ ഏര്‍പ്പെടുത്താനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പമ്പനിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകള്‍ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളെയും പ്രത്യേക സര്‍വീസ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഘട്ടംഘട്ടമായാണ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. പമ്പ, നിലയ്ക്കല്‍, ചെങ്ങന്നൂര്‍, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂര്‍, അടൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കായംകുളം തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്ന് സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാകും. മണ്ഡലപൂജാ ഘട്ടത്തില്‍ നിലയ്ക്കലില്‍ 180 ബസുകളും മകരവിളക്ക് ഘട്ടത്തില്‍ 220 ബസുകളും വിന്യസിക്കും. ചെങ്ങന്നൂരില്‍ യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.
പ്രത്യേക സര്‍വീസുകളുടെ സുഗമമായ നടത്തിപ്പിനായി പമ്പയിലും നിലയ്ക്കലുമായി ജീവനക്കാരെ രണ്ട് ഘട്ടമായാണ് വിന്യസിക്കുക. മണ്ഡലപൂജാ ഘട്ടത്തില്‍ 678 ജീവനക്കാരെയും മകരവിളക്ക് ഘട്ടത്തില്‍ 778 ജീവനക്കാരെയും നിയോഗിക്കും. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഇന്‍സ്പെക്ടര്‍മാര്‍, മെക്കാനിക്കുകള്‍, ഓഫിസ് ജീവനക്കാര്‍, സുരക്ഷാ ജീവനക്കാര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെയാണ് ചുമതലപ്പെടുത്തുന്നത്. ആദ്യഘട്ടത്തില്‍ 325 ഡ്രൈവര്‍മാരെയും 225 കണ്ടക്ടര്‍മാരെയും രണ്ടാംഘട്ടത്തില്‍ 375 ഡ്രൈവര്‍മാരെയും 275 കണ്ടക്ടര്‍മാരെയും നിയോഗിക്കും. സര്‍വീസുകളുടെ സുരക്ഷിതവും കാര്യക്ഷമവുമായ നടത്തിപ്പിനായി ജീവനക്കാര്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്ക്യൂ, മെഡിക്കല്‍ പരിശീലനങ്ങളും മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് വാഹന നിര്‍മാണ കമ്പനികളുടേതുള്‍പ്പെടെയുള്ള പ്രത്യേക പരിശീലനങ്ങളും നല്‍കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ മുഖേന ശബരിമല തീര്‍ഥാടനത്തിനായി ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ക്രമീകരിക്കുന്നതിനും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഒരുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു. വിവിധ ഡിപ്പോകള്‍ക്കും പ്രത്യേക സര്‍വീസ് കേന്ദ്രങ്ങള്‍ക്കും സമീപമുള്ള ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തും. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനും ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട 70-ല്‍പരം ക്ഷേത്രങ്ങളുടെ വിവരം വൈകാതെ കെഎസ്ആര്‍ടിസി പ്രസിദ്ധീകരിക്കും. ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍കൂടി പരിഗണിച്ച് പുതിയ സര്‍വീസുകളും അധിക ട്രിപ്പുകളും ക്രമീകരിക്കും.
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. നവംബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന കൊച്ചിയില്‍ അറിയിച്ചു. പ്രിയദര്‍ശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സേഷന്‍ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആറ് സംഘടനകള്‍ അടങ്ങുന്ന സംയുക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. അതേസമയം, കേരള ബസ് ട്രാന്‍സ്പോര്‍ട്ട് ഫെഡറേഷന് ഈ പണിമുടക്ക് സമരത്തില്‍ പങ്കാളികളാകില്ല. പ്രിയദര്‍ശിനി നഷ്ടം മറികടക്കാന്‍ ബസ് ഉടമകള്‍ക്ക് ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ബസ് ചാര്‍ജ് മിനിമം 15 രൂപയാക്കണമെന്നും വിദ്യാര്‍ത്ഥി കണ്സഷന് അഞ്ച് രൂപയാക്കണമെന്നുമാണ് പ്രധാന ആവശ്യം.
ഇന്ന് ലോക ഭക്ഷ്യദിനം. പട്ടിണിയെ കുറിച്ചും ഭക്ഷ്യ സുരക്ഷയെ കുറിച്ചും പോഷകാഹാര ലഭ്യതയെ കുറിച്ചും ബോധവത്കരണം നടത്തുക എന്നതാണ് ലോക ഭക്ഷ്യദിന ആചരണത്തിന്റെ ഉദ്ദേശ്യം. നാളെയെ പോഷിപ്പിക്കാനായി ഇന്ന് തന്നെ നവീകരിക്കാം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം
1979ലാണ് ഐക്യരാഷ്ട്ര സഭ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്ഗനൈസേഷന് ഒക്ടോബര്‍ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1945 ഒക്ടോബര്‍ 16ന് രൂപീകരിച്ച ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ വാര്‍ഷികമായാണ് ആദ്യമായി ലോക ഭക്ഷ്യ ദിനം ആചരിച്ച് തുടങ്ങിയത്. മനുഷ്യരുടെ മൗലിക അവകാശമായ ഭക്ഷണം എല്ലാവര്ക്കും ഉറപ്പാക്കുക എന്നതാണ് ഭക്ഷ്യ ദിനത്തിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക അസ്ഥിരതയും ഇതിന്റെ ഭാഗമായി ചര്‍ച്ചചെയ്യപ്പെടുന്നു.
ലോകത്താകമാനം 65 കോടി മനുഷ്യരെ പട്ടിണി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. അതുകൊണ്ടുതന്നെ ഭക്ഷ്യദിനത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്നതായാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നത്.
തുലാവര്‍ഷം തുടങ്ങിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിലും ശക്തമായ കാറ്റിലും ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.
രാവിലെ ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുലര്‍ച്ചെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിച്ചിരുന്നു.
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാറ്റിലൂടെ ഒക്ടോബര്‍ പകുതിയോടെ കേരളത്തില്‍ ലഭിക്കുന്ന രണ്ടാമത്തെ മഴക്കാലമാണ് തുലാവര്‍ഷം അഥവാ തുലാമഴ. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) രാജ്യത്തുനിന്ന് പൂര്‍ണമായി പിന്‍വാങ്ങുന്നതോടെയാണ് തുലാവര്‍ഷം ആരംഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളും കാറ്റുമാണ് ഈ മഴയ്ക്ക് കാരണം. അതിശക്തമായ ഇടിമിന്നലും ശക്തമായ കാറ്റുമാണ് തുലാവര്‍ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.
മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ എക്സൈസ്.സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. നെടുമ്പാശ്ശേരിയിലെ ബാറില്‍ മാത്രം മദ്യം കഴിക്കാന്‍ ചെലവിട്ടത് 4,396 രൂപയാണ്. സുഹൈലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയിലേക്ക് മോട്ടോര്‍ വാഹന വകുപ്പും കടന്നു.
മൂന്ന് ബാറുകളില്‍ കയറിയാണ് സുഹൈല്‍ തുടര്‍ച്ചയായി മദ്യപിച്ച് വാഹനമോടിച്ചത്. സുഹൈല്‍ അമിതമായി മദ്യപിച്ചെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലം. കസ്റ്റഡി പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ സുഹൈലിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് എക്സൈസ്. സുഹൈലിന് മദ്യം നല്‍കിയതുമായി ബന്ധപ്പെട്ട് ബാറുകള്‍ക്കെതിരായ നടപടികളും പുരോഗമിക്കുകയാണ്. സുഹൈലിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. വാഹനവുമായി ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം നല്‍കും. വാഹനത്തിന്റെ തകരാര്‍ ഏതെങ്കിലും വിധത്തില്‍ അപകടത്തിലേക്ക് നയിച്ചോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
എസ്ഐആര്‍ വിവാദങ്ങള്‍ക്കിടെ, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടര്‍പട്ടിക പുതുക്കല്‍. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം പൂര്‍ത്തിയായ സ്ഥലങ്ങളിലാണ് വോട്ടര്‍പട്ടിക പുതുക്കല്‍. അന്തിമ വോട്ടര്‍പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.
കേരളമടക്കം സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ നവംബറില്‍ ആരംഭിക്കുക. നവംബര്‍ 12ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 11 വരെ പരാതികളും അവകാശവാദങ്ങളും സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് നവംബറില്‍ ഈ നടപടികള്‍ ആരംഭിക്കുക.
403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം മെയ് 22 ന് അവസാനിക്കാനിരിക്കുകയാണ്. മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എസ്ഐആറിനെതിരെ തെരുവില്‍ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടക്കുന്നതിനിടെയാണ് വോട്ടര്‍പട്ടിക പുതുക്കല്‍ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പര്‍ ബസും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അപകടത്ത് നാല് പേര് മരിച്ചു. മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പര്‍ ബസും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചായിരുന്നു ദാരുണമായ അപകടം. മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ബസ് ഡ്രൈവര്‍ മൈസൂരു സ്വദേശി സുനില്‍, ബസ് ക്ലീനര്‍ മലയാളിയായ സുഹൈല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ‘കാവേരി’ (Kaveri) എസി സ്ലീപ്പര്‍ ബസും, പെരിയപട്ടണയില്‍ നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. പെരിയപട്ടണ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപ്രതീക്ഷിതമായി ലോറി എതിര് ദിശയിലേക്ക് തിരിക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. അപകടത്തില്‍ ആകെ 31 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 8 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പെരിയപട്ടണ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്.
സംസ്ഥാനത്ത് തുലാവര്‍ഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കി. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലില്‍ ജാഗ്രത വേണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്കി. ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.