
ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തര്ക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാന് വിപുലമായ മുന്നൊരുക്കങ്ങള് ഏര്പ്പെടുത്തിയതായി കെഎസ്ആര്ടിസി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തില് സര്വീസ് നടത്തുക. തീര്ഥാടകരുടെ തിരക്ക് വര്ധിക്കുന്നതനുസരിച്ച് കൂടുതല് ബസുകള് ലഭ്യമാക്കാനും ലീസ് വ്യവസ്ഥയില് ബസുകള് ഏര്പ്പെടുത്താനും നടപടികള് സ്വീകരിച്ചിട്ടുണ്ട്.
പമ്പനിലയ്ക്കല് ചെയിന് സര്വീസുകള്ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളെയും പ്രത്യേക സര്വീസ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഘട്ടംഘട്ടമായാണ് സര്വീസുകള് ക്രമീകരിച്ചിട്ടുള്ളത്. പമ്പ, നിലയ്ക്കല്, ചെങ്ങന്നൂര്, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെന്ട്രല്, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂര്, അടൂര്, തൃശൂര്, ഗുരുവായൂര്, കായംകുളം തുടങ്ങിയ കേന്ദ്രങ്ങളില്നിന്ന് സ്പെഷ്യല് സര്വീസുകള് ഉണ്ടാകും. മണ്ഡലപൂജാ ഘട്ടത്തില് നിലയ്ക്കലില് 180 ബസുകളും മകരവിളക്ക് ഘട്ടത്തില് 220 ബസുകളും വിന്യസിക്കും. ചെങ്ങന്നൂരില് യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.
പ്രത്യേക സര്വീസുകളുടെ സുഗമമായ നടത്തിപ്പിനായി പമ്പയിലും നിലയ്ക്കലുമായി ജീവനക്കാരെ രണ്ട് ഘട്ടമായാണ് വിന്യസിക്കുക. മണ്ഡലപൂജാ ഘട്ടത്തില് 678 ജീവനക്കാരെയും മകരവിളക്ക് ഘട്ടത്തില് 778 ജീവനക്കാരെയും നിയോഗിക്കും. ഡ്രൈവര്മാര്, കണ്ടക്ടര്മാര്, ഇന്സ്പെക്ടര്മാര്, മെക്കാനിക്കുകള്, ഓഫിസ് ജീവനക്കാര്, സുരക്ഷാ ജീവനക്കാര് തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെയാണ് ചുമതലപ്പെടുത്തുന്നത്. ആദ്യഘട്ടത്തില് 325 ഡ്രൈവര്മാരെയും 225 കണ്ടക്ടര്മാരെയും രണ്ടാംഘട്ടത്തില് 375 ഡ്രൈവര്മാരെയും 275 കണ്ടക്ടര്മാരെയും നിയോഗിക്കും. സര്വീസുകളുടെ സുരക്ഷിതവും കാര്യക്ഷമവുമായ നടത്തിപ്പിനായി ജീവനക്കാര്ക്ക് ഫയര് ആന്ഡ് റെസ്ക്യൂ, മെഡിക്കല് പരിശീലനങ്ങളും മെക്കാനിക്കല് ജീവനക്കാര്ക്ക് വാഹന നിര്മാണ കമ്പനികളുടേതുള്പ്പെടെയുള്ള പ്രത്യേക പരിശീലനങ്ങളും നല്കിയിട്ടുണ്ട്.
കെഎസ്ആര്ടിസി ബജറ്റ് ടൂറിസം സെല് മുഖേന ശബരിമല തീര്ഥാടനത്തിനായി ചാര്ട്ടേഡ് ട്രിപ്പുകള് ക്രമീകരിക്കുന്നതിനും ഓണ്ലൈന് റിസര്വേഷന് സൗകര്യം ഒരുക്കുന്നതിനുമുള്ള നടപടികള് സ്വീകരിച്ചു. വിവിധ ഡിപ്പോകള്ക്കും പ്രത്യേക സര്വീസ് കേന്ദ്രങ്ങള്ക്കും സമീപമുള്ള ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്ക് പ്രത്യേക സര്വീസുകള് നടത്തും. തീര്ഥാടകര്ക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനും ഉള്പ്പെടെയുള്ള ക്രമീകരണങ്ങള് ഏര്പ്പെടുത്തി വരികയാണ്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട 70-ല്പരം ക്ഷേത്രങ്ങളുടെ വിവരം വൈകാതെ കെഎസ്ആര്ടിസി പ്രസിദ്ധീകരിക്കും. ജനപ്രതിനിധികളുടെ ആവശ്യങ്ങള്കൂടി പരിഗണിച്ച് പുതിയ സര്വീസുകളും അധിക ട്രിപ്പുകളും ക്രമീകരിക്കും.














