Hivision Channel

hivision

തലശ്ശേരി ജില്ലാ കോടതി സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തലശേരി:എത്രയും വേഗം നീതി ഉറപ്പാക്കുന്നതും സാധാരണക്കാരന് നീതി ലഭ്യമാക്കുന്നതുമായ ഇടങ്ങളായി ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ നിലകൊള്ളുക തന്നെ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലശ്ശേരിയിലെ കണ്ണൂര്‍ ജില്ലാ ജുഡീഷ്യല്‍ ആസ്ഥാനത്ത് പുതിയ കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകുകയായിരുന്നു മുഖ്യമന്ത്രി.
അനന്തമായി കേസുകള്‍ നീണ്ടുപോകുന്നത് സാധാരണ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ഉണ്ടാകാന്‍ പാടില്ല. ജസ്റ്റിസ് ഡിലേയ്ഡ് ഈസ് ജസ്റ്റിസ് ഡിനൈഡ് എന്ന് പലപ്പോഴും പറയാറുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യ പോലൊരു രാജ്യത്ത്, അഞ്ച് കോടിയോളം കേസുകളാണ് കോടതികളില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ കേസുകള്‍ തീര്‍പ്പാക്കാനെടുക്കുന്ന കാലതാമസത്തെക്കുറിച്ച് കുറച്ചുനാള്‍ മുമ്പ് പരാമര്‍ശിച്ചത് നമുക്കറിയാം. പരമോന്നത നീതിപീഠത്തിന്റെ അധ്യക്ഷന്റെ വാക്കുകളെ അതീവ ഗൗരവത്തോടെ കാണാനുള്ള ഉത്തരവാദിത്തം ജനാധിപത്യ സംവിധാനങ്ങളുടെ ഭാഗമായ നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട് എന്നു മാത്രം ഓര്‍മ്മിപ്പിക്കട്ടെ.
കോടതി മാത്രം വിചാരിച്ചതുകൊണ്ട് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാകണം എന്നില്ല. അതിനു പിന്നില്‍ പല ഘടകങ്ങളുണ്ട്. വാദിയുടെയും പ്രതിയുടെയും വക്കീലന്മാര്‍ തുടര്‍ച്ചയായി കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെടുന്നതും വേഗത കുറവിന്റെ പ്രധാന കാരണമാണ്. ന്യായാധിപന്മാരുടെ കുറവ് മറ്റൊരു കാരണമാണ്. ആധുനിക സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ നമുക്കു കഴിയേണ്ടതുണ്ട്
ഇരുനൂറിലധികം വര്‍ഷത്തെ പാരമ്പര്യമുള്ള ജുഡീഷ്യല്‍ സംവിധാനമാണ് തലശ്ശേരിയിലേത്. കൊങ്കണ്‍ മേഖല മുതല്‍ മലബാര്‍ ആകെയുള്ള പ്രദേശത്തിന്റെ ജുഡീഷ്യറി ആസ്ഥാനമായിരുന്നു തലശ്ശേരി. ചരിത്രം ഉറങ്ങി കിടക്കുന്ന തലശ്ശേരിക്ക് അതിന്റെ പ്രൗഡിക്ക് കെട്ടിട സമുച്ചയം നിര്‍മ്മിക്കുക എന്നത് ഇവിടുത്തെ നാട്ടുകാരുടെയും അഭിഭാഷകളുടെയും മറ്റും ആവശ്യമായിരുന്നു.
തലശ്ശേരി കോര്‍ട്ട് സെന്ററില്‍ 14 കോടതികളാണ് പ്രവര്‍ത്തിച്ചുവരുന്നത്. അവയില്‍ പലതും സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്നവയാണ്. അതുകൊണ്ടുതന്നെ സൗകര്യങ്ങളുള്ള കോടതികള്‍ ഉണ്ടാവുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
കിഫ്ബി ഫണ്ട് വഴി 57 കോടി രൂപ ചെലവിലാണ് ഈ ബഹുനില മന്ദിരം നിര്‍മ്മിച്ചിട്ടുള്ളത്. തലശ്ശേരിയുടെ പൈതൃകത്തിനൊത്ത വിധം നിര്‍മ്മിച്ചിട്ടുള്ള ഈ മന്ദിരം കേവലമായ ഒരു കെട്ടിട സമുച്ചയം മാത്രമല്ല. പുതിയ കാലത്തിനനുസൃതമായി കോടതി നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യങ്ങള്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമില്ല.
കോര്‍ട്ട് സെന്ററിലെ 14 കോടതികളില്‍ 10 എണ്ണം ഈ മന്ദിരത്തിലേക്ക് മാറും. നാല് അഡീഷണല്‍ ജില്ലാ കോടതികള്‍, എം എ സി റ്റി കോടതി, ഫാമിലി കോടതി, പ്രിന്‍സിപ്പല്‍ സബ് കോടതി, അഡീഷണല്‍ സബ് കോടതി, അഡീഷണല്‍ സി ജെ എം കോടതി, ജെ എഫ് സി എം കോടതി എന്നിവയാണ് ഇവിടേക്ക് മാറുക. മറ്റ് കോടതികള്‍ പഴയ കെട്ടിടത്തില്‍ തന്നെയാകും പ്രവര്‍ത്തിക്കുക.
നീതിന്യായ വ്യവസ്ഥയുടെ ചരിത്രം വെളിവാക്കുന്ന ഒരു മ്യൂസിയവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അധിനിേവശ കാലത്തെ കോടതിയെ പോലെയാണ് അത് ഒരുക്കിയിട്ടുള്ളത്. കാലാകാലങ്ങളില്‍ മാറ്റം വന്ന ഇരിപ്പിടങ്ങള്‍, താളിയോലകള്‍, അളവുതൂക്ക സംവിധാനങ്ങള്‍, വ്യത്യസ്ത പഞ്ചിംഗ് ഉപകരണങ്ങള്‍ തുടങ്ങി ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായ പലതും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചരിത്രപ്രധാനമായ പല ആര്‍ക്കൈവല്‍ മെറ്റീരിയലുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അധിനിവേശ ഭരണകാലത്ത് ജഡ്ജിമാര്‍ സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതിയ വിധികള്‍, വിവിധ ശിക്ഷാ രേഖകള്‍ തുടങ്ങിയവയും ഇവിടെ കാണാം. ഇതൊക്കെ കണ്ട് മനസ്സിലാക്കുന്നതിന് പൊതുസമൂഹം തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജനാധിപത്യ വ്യവസ്ഥയില്‍ എക്സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും പോലെ ജുഡീഷ്യറിക്കും വലിയ പ്രധാന്യമാണുള്ളത്. ചെക്ക്സ് ആന്‍ഡ് ബാലന്‍സസ് ഉറപ്പുവരുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ജുഡീഷ്യറിയെ ശക്തിപ്പെടുത്തേണ്ടത്, അതുകൊണ്ടുതന്നെ തികച്ചും അനിവാര്യമാണ്. ഈ കാഴ്ചപ്പാടോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്.
കഴിഞ്ഞ എട്ടര വര്‍ഷത്തിനുള്ളില്‍ 105 കോടതികളാണ് കേരളത്തില്‍ സ്ഥാപിച്ചത്. രാജ്യത്താദ്യമായി 24 മണിക്കൂറും പ്രവൃത്തിക്കുന്ന പേപ്പര്‍രഹിത ഡിജിറ്റല്‍ കോടതി കൊല്ലത്ത് ആരംഭിച്ചു. സുപ്രീം കോടതിയുടെ ഇ-കോടതി നയത്തിന്റെ ഭാഗമായാണ് ആ മുഴുവന്‍ സമയ കോടതി സ്ഥാപിച്ചത്. കക്ഷിയും വക്കീലും കോടതിയില്‍ ഹാജരാകാതെ തന്നെ അവിടെ കേസുകള്‍ തീര്‍പ്പാക്കാനാകും.
കോടതികള്‍ സ്ഥാപിക്കുക മാത്രമല്ല, അവിടുത്തെ നടപടികള്‍ വേഗത്തിലാക്കുന്നതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതിയില്‍ മാത്രം 577 തസ്തികകളാണ് സൃഷ്ടിച്ചത്. സബോര്‍ഡിനേറ്റ് കോടതികളിലാകട്ടെ 2,334 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ജുഡീഷ്യറിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്ന അഭിഭാഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. 1980 ലെ ഇ കെ നായനാര്‍ സര്‍ക്കാരാണ് അഭിഭാഷകര്‍ക്കായി ക്ഷേമനിധി ഫണ്ട് രൂപീകരിച്ചത്. അന്ന് വെല്‍ഫെയര്‍ ഫണ്ട് 30,000 രൂപയായിരുന്നു. 2016 ലെ എല്‍ ഡി എഫ് സര്‍ക്കാര്‍, വിരമിക്കുന്ന അഭിഭാഷകര്‍ക്കായുള്ള ആനുകൂല്യം 10 ലക്ഷം രൂപയായി ഉയര്‍ത്തി. മാത്രമല്ല, അവരുടെ മെഡിക്കല്‍ സഹായ തുക 5,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ പുതുതായി എന്റോള്‍ ചെയ്യുന്ന അഭിഭാഷകര്‍ക്ക് പ്രത്യേക സ്‌റ്റൈപെന്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷനായി.
പുതിയ കോടതി സമുച്ചയത്തിലെ പത്ത് കോടതികളുടെ പ്രവര്‍ത്തന ഉദ്ഘാടനം മുഖ്യാതിഥിയായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദാര്‍ നിര്‍വഹിച്ചു. അഡ്വ എം.കെ. ദാമോദരന്‍ മെമ്മോറിയല്‍ ബാര്‍ അസോസിയേഷന്‍ ഹാളിന്റെയും അഡ്വ. എം.കെ ഗോവിന്ദന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ ബാര്‍ അസോസിയേഷന്‍ ലൈബ്രറിയുടെയും ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് നിര്‍വഹിച്ചു. ഐ.ടി ട്രെയ്‌നിംഗ് ഹാള്‍ ഉദ്ഘാടനം ജസ്റ്റിസ് ടി. ആര്‍. രവി നിര്‍വഹിച്ചു. ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫീസ് ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ജഡ്ജസ് ലൈബ്രറി ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് നിര്‍വഹിച്ചു. കോടതി മ്യൂസിയം ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിര്‍വഹിച്ചു.
ഷാഫി പറമ്പില്‍ എം.പി, ജില്ലാ ജഡ്ജ് കെ.ടി നിസാര്‍ അഹമ്മദ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബി കരുണാകരന്‍, കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണി ടീച്ചര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.എ. സജീവന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. അജിത് കുമാര്‍, ബാര്‍ അസോസിയേഷന്‍ സിക്രട്ടറി അഡ്വ. ജി.പി. ഗോപാല കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

1802 ല്‍ സ്ഥാപിതമായ ചരിത്രമുറങ്ങുന്ന കണ്ണൂര്‍ ജില്ലയുടെ ജുഡീഷ്യല്‍ ആസ്ഥാനമായ തലശ്ശേരി കോടതിയില്‍ നാലേക്കര്‍ സ്ഥലത്താണ് 14 കോടതികള്‍ വിവിധ കെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചുവന്നത്. ഇതില്‍ 10 കോടതികള്‍ ആണ് എട്ടുനിലകളിലായി നിര്‍മ്മിക്കുന്ന ഒറ്റ കെട്ടിടത്തിലാക്കിയത്. പൈതൃക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെഷന്‍സ് കോടതി മുന്‍സിഫ് കോടതി, സി. ജെ. എം കോടതി എന്നിവ നിലവിലെ കെട്ടിടത്തില്‍ തന്നെ തുടരും.
പുതുതായി പണിത കെട്ടിടത്തില്‍ 136 മുറികളുണ്ട്. പടിഞ്ഞാറന്‍ കാറ്റും വെളിച്ചവും എല്ലാ മുറികള്‍ക്കകത്തും എത്തുന്ന രീതിയിലാണ് നിര്‍മാണം. കോടതിയിലെത്തുന്ന സാക്ഷികള്‍ക്കുള്ള വിശ്രമ മുറികള്‍, ബാങ്ക്, പോസ്റ്റ് ഓഫീസ്, കാന്റീന്‍ തുടങ്ങിയവയെല്ലാം പുതിയ കെട്ടിടത്തിലുണ്ട്. പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായ കെട്ടിട സമുച്ചയത്തില്‍ കോടതികളില്‍ എത്തുന്ന അമ്മമാര്‍ക്ക് മുലയൂട്ടല്‍ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. അഭിഭാഷകര്‍ക്കും വനിത അഭിഭാഷകര്‍ക്കും ഗുമസ്തന്‍മാര്‍ക്കും പ്രത്യേക വിശ്രമ മുറികളും മികച്ച ലൈബ്രറി സൗകര്യവും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുള്‍പെടെ ഉപയോഗിക്കാന്‍ ശീതീകരിച്ച ഓഡിറ്റോറിയവും സജ്ജമാക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ 80 ലക്ഷം രൂപ ചിലവില്‍ സോളാര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ് സൗകര്യവും ഉണ്ട്.
കെട്ടിട നിര്‍മ്മാണം നിര്‍വഹിച്ച നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സിന്റെ എ എം മുഹമ്മദലിയെ ചടങ്ങില്‍ ആദരിച്ചു.

തൊടുപുഴയില്‍ കാറിന് തീപിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഈസ്റ്റ് കലൂര്‍ സ്വദേശി ഇ.ബി. സിബി (60) യാണ് മരിച്ചത്. കുമാരമംഗലം സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കരനായിരുന്നു. പെരുമാകണ്ടം നരകുഴിയില്‍ വെച്ചാണ് കാര്‍ കത്തി നശിച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

റോഡില്‍ നിന്നും മാറ്റി വാഹനം നിര്‍ത്തിയിട്ട നിലയിലായിരുന്നു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. വീട്ടില്‍ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതില്‍ വ്യക്തതയില്ല.

സംസ്ഥാനത്ത് ചൂടുകൂടുന്നു; ഇന്നും നാളെയും സാധാരണയേക്കാള്‍ താപനില ഉയരുമെന്ന് കേന്ദ്രകാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും സാധാരണയെക്കാള്‍ 2 ഡി?ഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.

അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

കേരളത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റില്‍ ഉടന്‍ മാറ്റം വരും, ക്യാമറയില്‍ ചിത്രീകരിക്കും; ലൈസന്‍സ് വിതരണം സ്‌പോട്ടില്‍

KSRTC യുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഒന്നാം തീയതി ശബളം നല്‍കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1 തീയതി ശബള വിതരണം ആരംഭിക്കും. 8 വര്‍ഷത്തിനിടയില്‍ 10,000 കോടിയാണ് KSRTCക്ക് സര്‍ക്കാര്‍ നല്‍കിയത്.

ശമ്പളത്തെക്കാള്‍ ‘ കൂടുതല്‍ പെന്‍ഷനാണ് നല്‍കുന്നത്. KSRTC യുടെ നഷ്ട്ടം കുറഞ്ഞു. KSRTC യില്‍ മൂന്ന് മാസം കൊണ്ട് പൂര്‍ണമായും കബ്യൂട്ടര്‍ വല്‍ക്കരണം നടക്കും. 5 ദിവസത്തില്‍ അധികം ഒരു ഫയല്‍ വെക്കാന്‍ സാധിക്കില്ല. ഉടന്‍ തീര്‍പ്പാക്കാനും നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

മോട്ടോര്‍ വെക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അടുത്ത ദിവസം ടാബ് വിതരണം ചെയ്യും. ലൈസന്‍സ് സ്‌പോട്ടില്‍ വിതരണം ചെയ്യാന്‍ ഉതുകുന്നതിനാണ് ടാബ്. ഡ്രൈവിങ്ങ് ടെസ്റ്റില്‍ ഉടന്‍ മാറ്റം വരും. ഡ്രൈവിങ്ങ് ടെസ്റ്റ് ക്യാമറയില്‍ ചിത്രീകരിക്കും.

KSRTCയില്‍ 90 % ജീവനക്കാര്‍ നല്ലതാണ്. ഒരു 4 % പ്രശ്‌നക്കാരാണ് അവരാണ് ആളുകളോട് മോശമായി പെരുമാറുന്നതും, അപകടം ഉണ്ടാക്കുന്നതും. സൂപ്പര്‍ഫാസ്റ്റ് KSRTC ബസ്സുകള്‍ AC ആക്കുക എന്നതാണ് ലക്ഷ്യം. ചാര്‍ജ് വര്‍ദ്ധനവ് ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

ട്രൈയല്‍ ഉടന്‍ ആരംഭിക്കും. വിജയിച്ചാല്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. ആന്‍ഡ്രോയിഡ് ടിക്കറ്റ് മിഷന്‍ ഉടന്‍ ആരംഭിക്കും. ചലോ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. KSRTC ക്ക് പുതിയ ആപ്പ് ഉടന്‍ വരും. ബസ്സിന്റെ സഞ്ചാര പാത തിരിച്ച് അറിയുന്ന രീതിയിലാണ് പദ്ധതി.

ട്രെയിന്‍ ആപ്പുകള്‍ക്ക് സമാനമായ രീതിയിലാണ് ആപ്പ്. ബസ്സ് സ്റ്റേഷന്‍ നവീകരം ഉടന്‍ ഉണ്ടാകും. KSRTC സ്റ്റാന്റുകളിലെ ബാത്ത് റൂം മുഴുവന്‍ ക്ലീനിങ്ങ് ഉടന്‍. ഭക്ഷണ വിതരണം ആരംഭിക്കാനുള്ള പദ്ധതി തയ്യാര്‍. സുലഭം എന്ന ഏജന്‍സിയുമായി സഹകരിച്ചാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

14 വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 1,523 പേര്‍

കഴിഞ്ഞ 14 വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ 1,523 പേര്‍ കൊല്ലപ്പെട്ടെന്ന് കണക്കുകള്‍. കാട്ടാന ആക്രമണത്തില്‍ മാത്രം 273 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കടുവയുടെ ആക്രമണത്തില്‍ 11 പേരും കാട്ടുപന്നിയുടെ ആക്രമണത്തില്‍ 63 പേരും കൊല്ലപ്പെട്ടു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ 63 പേര്‍ക്കും ജീവന്‍ നഷ്ടമായി.

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 9 പേര്‍ക്കും പാമ്പുകളുടെ കടിയേറ്റ് 1421പേരും മരിച്ചു. വന്യജീവി ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത് 2018-19 വര്‍ഷത്തിലാണ്. 146 പേര്‍ പേരാണ് മരണപ്പെട്ടത്. 2024 ല്‍ മുതല്‍ 2025 ജനുവരി വരെ മാത്രം 53 പേരാണ് കൊല്ലപ്പെട്ടത്. 2022ന് ശേഷം വന്യജീവി ആക്രമണത്തിലെ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്.

മാനന്തവാടിയിലെ കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചില്‍ ഊര്‍ജ്ജിതം

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചില്‍ ഊര്‍ജ്ജിതം.വനത്തിനുള്ളില്‍ ആര്‍ആര്‍ടി ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ തുടരും.മാനന്തവാടി നഗരസഭാ പരിധിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ അജേഷ് മോഹന്‍ദാസും സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ അരുണ്‍ സക്കറിയയും രാവിലെ സംഘത്തിന്റെ ഭാഗമാകും. കടുവയ്ക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു.

നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതേസമയം, മരിച്ച രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായ അഞ്ച് ലക്ഷം രൂപ കൈമാറി. മന്ത്രിയും കളക്ടറുമടക്കമുള്ളവര്‍ രാധയുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. 11 ലക്ഷം രൂപയാണ് കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ഇതില്‍ അഞ്ച് ലക്ഷമാണ് അടിയന്തര സഹായമായി കൈമാറിയത്.

വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ അടിയന്തര നടപടി വേണം; രാധയുടെ മരണത്തില്‍ ദുഃഖം പങ്കുവച്ച് പ്രിയങ്ക ഗാന്ധി

മാനന്തവാടി പഞ്ചാര കൊല്ലിയില്‍ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തില്‍ വയനാട് എം പി പ്രിയങ്ക ഗാന്ധി അതീവ ദുഃഖം പങ്കുവച്ച് രംഗത്തെത്തി. കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തില്‍ രാധ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക പറഞ്ഞു. രാധയുടെ വേര്‍പാടില്‍ കുടംബത്തിന്റെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്നും വയനാട് എം പി വ്യക്തമാക്കി. ഇത്തരം വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികള്‍ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

നരഭോജി കടുവയെ ഇന്ന് തന്നെ കൊല്ലുമെന്ന് മന്ത്രി; രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം, സര്‍ക്കാര്‍ ജോലി

മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയ രാധയെന്ന 45കാരിയെ കടിച്ചു കൊന്ന കടുവ നരഭോജിയാണെന്നും വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറക്കിയതായും ഇന്ന് തന്നെ കൊല്ലുമെന്നും മന്ത്രി ഒ.ആര്‍ കേളു. സ്ഥലത്തെത്തിയ മന്ത്രി ഒആര്‍ കേളുവിനുനേരെയും നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ടായി. മരിച്ച രാധയുടെ കുടുംബവുമായി സംസാരിച്ചശേഷം പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളിലെടുത്ത തീരുമാനവും മന്ത്രി അറിയിച്ചു. മന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രാധയുടെ മൃതദേഹം കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചു.

നരഭോജിയെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കടുവയെ ഇന്ന് തന്നെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവാണ് ഇറങ്ങിയിട്ടുള്ളതെന്ന് മന്ത്രി ഒആര്‍ കേളു പറഞ്ഞു. മനുഷ്യനെ കൊന്നുതിന്നുന്ന കടുവയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാധയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. അതിനാലാണ് വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറക്കിയത്. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. നരഭോജി കടുവയാണ് ആക്രമിച്ചത്.നാളെ മുതല്‍ ആളുകള്‍ക്ക് ജോലിക്ക് പോകേണ്ടതാണ്.അതിനാല്‍ അവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടതുണ്ട്.

അതിനായി ആര്‍ആര്‍ടി ടീമിനെ നിയോഗിക്കും.ജനങ്ങളുടെ സുരക്ഷക്കാണ് പ്രധാന്യം നല്‍കുന്നത്. അതിനായി കാവല്‍ ഏര്‍പ്പെടുത്തും. ഇതിന് പുറമെ കടുവയെ പിടികൂടുന്നതിനായി സ്ഥലത്ത് കൂടുകളും ഇന്ന് തന്നെ സ്ഥാപിക്കും. വനാതിര്‍ത്തിയില്‍ പ്രതിരോധം ഒരുക്കുന്നതിനായി ഫെന്‍സിങ് നിര്‍മാണം വൈകുന്നത് വേഗത്തിലാക്കും. ടെണ്ടര്‍ നടപടി വൈകുന്നതിനാലാണ് കാലതാമസം. ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

മരിച്ച രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. രാധയുടെ മകന് ജോലി നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യതില്‍ താന്‍ തന്നെ മുന്‍കൈയെടുത്ത് സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം വാങ്ങിക്കാമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ രാധയുടെ ഭര്‍ത്താവ് വനം വാച്ചറാണ്. കുടുംബത്തിന് ധനസഹായമായി നിലവിലുള്ള മാനദണ്ഡപ്രകാരം 10 ലക്ഷവും അതിന് പുറമെ ഒരു ലക്ഷവും ചേര്‍ത്ത് 11 ലക്ഷം നഷ്ടപരിഹാരം നല്‍കും. ഇതില്‍ അഞ്ചു ലക്ഷം ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി ഒആര്‍ കേളു പറഞ്ഞു.കാപ്പിത്തോട്ടത്തില്‍ വെച്ച് കടുവ രാധയെ ആക്രമിച്ചശേഷം ആറു മീറ്റാണ് വലിച്ചിഴച്ച് കൊണ്ടുപോയത്.
എസ് ഡി പി ഐ നാളെ മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ ജനകീയ ഹര്‍ത്താല്‍ നടത്തും.

ചര്‍ച്ച പരാജയം; അനിശ്ചിതകാല സമരവുമായി റേഷന്‍ വ്യാപാരികള്‍

പേരാവൂര്‍:റേഷന്‍ വ്യാപാരികള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയം.27 മുതല്‍ അനിശ്ചിതകാല സമരവുമായി റേഷന്‍ വ്യാപാരികള്‍

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു.പഞ്ചാരക്കൊല്ലി സ്വദേശിനി രാധയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വനംവകുപ്പ് താല്‍ക്കാലിക വാച്ചറുടെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവര്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം.