ഏപ്രില്‍ 3 ന് ആരംഭിച്ച എസ്.എസ്.എല്‍.സി/ റ്റി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണയത്തിന്റെ ആദ്യഘട്ടം ഏപ്രില്‍ 11-ാം തീയതി അവസാനിക്കും. രണ്ടാംഘട്ടം ഏപ്രില്‍ 21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കും. മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു..
ഈ വര്‍ഷത്തെ പരീക്ഷാ ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം നടത്തുന്നതിനായി സംസ്ഥാനമൊട്ടാകെ 72 കേന്ദ്രീകൃതമൂല്യനിര്‍ണ്ണയ ക്യാമ്പുകളാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനം നടക്കുക.
952 അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരെയും 8975 എക്‌സാമിനര്‍മാരെയുമാണ് സംസ്ഥാനത്തെ എല്ലാ മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലുമായി നിയോഗിച്ചിരിക്കുന്നത്. 72 ക്യാമ്പ് ഓഫീസര്‍മാര്‍, 72 ഡെപ്യൂട്ടി ക്യാമ്പ് ഓഫീസര്‍മാര്‍ 216 ഓഫീസ് ജീവനക്കാര്‍ എന്നിവരാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി 89 ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏപ്രില്‍ 3-ന് ആരംഭിച്ച മൂല്യനിര്‍ണ്ണയം മെയ് 10-ന് അവസാനിക്കുന്ന രീതിയിലാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. മെയ് മൂന്നാം വാരത്തിനുള്ളില്‍ എസ് എസ് എല്‍ സി,ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.
ഇരിട്ടി:കേരളത്തില്‍ 61 ഡാമുകള്‍ക്കു ഇരു കരകളിലും 120 മീറ്റര്‍ ദൂരം ബഫര്‍ സോണായി പ്രഖ്യാപിച്ചത് പുനഃപ്പരിശോധിക്കണമെന്ന് സിപിഐ ഇരിട്ടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പഴശ്ശി ജലസേചന പദ്ധതിയെചുറ്റിയുള്ള സ്വന്തം സ്ഥലത്തു ജനങ്ങള്‍ നിര്‍മിച്ചു വരുന്ന, ഭാവിയില്‍ നിര്‍മ്മിക്കാനിരിക്കുന്ന വീടുകള്‍ക്ക് ബഫര്‍ സോണ്‍ ഭീഷണിയായിട്ടുണ്ട്. ഇരിട്ടി വിശ്വശ്രീ കലാക്ഷേത്രം ഹാളില്‍ വെച്ച് നടന്ന സിപിഐ ഇരിട്ടി ബ്രാഞ്ച് സമ്മേളനം സി രാജന്റെ അധ്യക്ഷതയില്‍ ഷിജിത് വായന്നൂര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പായം ബാബുരാജ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എന്‍ വി രവീന്ദ്രന്‍, ചാവശ്ശേരി ലോക്കല്‍ സെക്രട്ടറി കെ പി പദ്മനാഭന്‍, ഡോ ജി ശിവരാമകൃഷ്ണന്‍,ബെന്നി പാലക്കല്‍, ഇ രവി എന്നിവര്‍ സംസാരിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ഡോ ജി ശിവരാമകൃഷ്ണനെയും അസി : സെക്രട്ടറിയായി സി രാജനെയും തിരഞ്ഞെടുത്തു.
കഞ്ചാവ് കൈവശം വച്ച പെരുന്തോടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. നിരവധി മയക്ക് മരുന്ന് ക്രിമിനൽ കേസിൽ പ്രതിയായ പെരുന്തോടി സ്വദേശി വരിക്കാനിക്കുഴിയിൽ വീട്ടിൽ എബിൻ ബെന്നി എന്നയാളാണ് 15 ഗ്രാം കഞ്ചാവുമായി തെറ്റുവഴി ഭാഗത്തു വച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ പി ടി യേശുദാസൻ്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ എൻ പത്മരാജൻ,പ്രിവന്റീവ് ഓഫീസർ സന്തോഷ് കെ, സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജ ആർ ജോൺ,എക്സൈസ് ഡ്രൈവർ ധനീഷ് സി എന്നിവർ പങ്കെടുത്തു.
കഞ്ചാവ് കൈവശം വച്ച മലപ്പുറം കൊണ്ടോട്ടി വഴയൂർ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.കൊണ്ടോട്ടി സ്വദേശി ഇപ്പോൾ അമ്പയത്തോട് ഉന്നതിയിൽ താമസിക്കുന്ന മുള്ളൻപറമ്പത്ത് വീട്ടിൽ സുജിത്ത് എം എന്നയാളാണ് 10 ഗ്രാം കഞ്ചാവുമായി കൊട്ടിയൂർ ഭാഗത്തു വച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.അസി. എക്സൈസ് ഇൻസ്പെക്ടർ എൻ പത്മരാജൻ്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സുനീഷ് കെ, സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ, എക്സൈസ് ഡ്രൈവർ ധനീഷ് സി എന്നിവർ പങ്കെടുത്തു.
ശിവപുരം:കോളോത്ത് ഹൗസ് കുടുംബാംങ്ങള്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇസ്മായില്‍ കേളോത്ത്,ഹസൈനാര്‍ ഹാജി കേളോത്ത്, യൂസഫ് ഹാജി കേളോത്ത്,അബ്ദുല്‍കാദര്‍ ഉരുവച്ചാല്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഹസൈനാര്‍ ഹാജി കേളോത്ത്,അല്‍ ഹാഫിള് മുഹമ്മദ് സ്വാലിഹ് ,മുസ്തഫ പാനൂര്‍,അബൂബകര്‍ നടുവനാട്,ശുഹൈബ് ,സമദ്,തമീംമ്,റഹീസ് .ന്നിവര്‍ നേതൃത്വം നല്‍കി.പൊതു പരീക്ഷാ ഉന്നത വിജയികളെ ചടങ്ങില്‍ ആദരിച്ചു.
കൊച്ചി കളമശേരി ഗവ. പോളിടെക്നിക്കില്‍ വന്‍ കഞ്ചാവ് വേട്ട. കോളജ് ഹോസ്റ്റലില്‍ രാത്രിയാണ് റെയ്ഡ് നടന്നത്. രണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടി. ഹോളി ആഘോഷങ്ങള്‍ക്കായി കോളേജ് ഹോസ്റ്റലിനുള്ളില്‍ ലഹരി സൂക്ഷിക്കുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വെയിറ്റിംഗ് മെഷീന്‍ അടക്കം ഉപയോഗിച്ച് കഞ്ചാവ് ചെറിയ പാക്കറ്റുകളില്‍ ആക്കുന്നതിനിടെയായിരുന്നു പൊലീസ് പരിശോധന.
പൊലീസിന്റെയും ഡാന്‍സാഫിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് മൂന്ന് പേര്‍ കളമശേരി പൊലീസ് സ്റ്റേഷനിലാണ്. കൂടുതല്‍ പ്രതികള്‍ കേസില്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്. ഇന്നലെ പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചിലും നടത്തുന്നുണ്ട്.
എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവരുടെ മുറിയില്‍ നിന്ന് 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്.
ഇരിട്ടി:ഏരിയ കമ്മിറ്റി ചര്‍ച്ച ചെയ്താണ് ഇരിട്ടി കേന്ദ്രീകരിച്ച് വിദ്യാഭ്യാസ മേഖലയില്‍ ഇടപെടുക എന്ന ലക്ഷ്യതോടെയാണ് നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി രൂപീകരിച്ച് 2015 ല്‍ പ്രവര്‍ത്തനമാരംഭിച്ചത് പാര്‍ട്ടി അംഗങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കളില്‍ നിന്നുമായി ഷെയര്‍ സമാഹരിച്ച് സൊസൈറ്റിയുടെ മൂലധനം കണ്ടെത്തി സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്. പാര്‍ട്ടി ഘടകങ്ങള്‍ മുഖാന്തിരവും നേരിട്ടും 22 ലക്ഷം രൂപയുടെ ഷെയര്‍ മാത്രമാണ് സമാഹരിച്ചത്.. അവര്‍ക്ക് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുമുണ്ട്. ആരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടുമില്ല.എഡ്യൂക്കേര്‍ അക്കാദമി എന്ന പാരലല്‍ കോളേജ് ആണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവെങ്കിലും കോവിഡ് വന്നതിന് ശേഷം മറ്റ് കോളേജുകളിലെ പോലെ കുട്ടികളുടെ എണ്ണം ഇവിടെയും കുറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍, എയിഡഡ് കോളേജുകളിലും സെല്‍ഫിനാന്‍സ് ക്ാളേജുകളിലും ആവശ്യത്തിന് കുട്ടികളെ കിട്ടാത്ത പൊതു സാഹചര്യം സൃഷ്ടിച്ച ആശങ്ക കൂടുതല്‍ വിപുലീകരണത്തിലേക്ക് പോകാന്‍ തടസ്സമായിട്ടുണ്ട്. ഷെയര്‍ ഇനത്തില്‍ സമാഹരിച്ച പണം ഉപയോഗിച്ചാണ് എഡ്യൂക്കേര്‍ ആക്കാദമി ആരംഭിച്ചത്. ഇരിട്ടി നേരമ്പോക്ക് റോഡില്‍ 39 സെന്റ് സ്ഥലം സൊസൈറ്റിയുടെ കൈവശം ഉണ്ട് ഷെയര്‍ ഇനത്തില്‍ സമാഹരിച്ച തുകയേക്കാള്‍ ഉയര്‍ന്ന മൂല്യം ഇന്ന് ആ സ്ഥലത്തിനുണ്ട്. സ്വന്തം കെട്ടിടം പണിയാന്‍ തറകല്ലിട്ടെങ്കിലും പണി ആരംഭിക്കാന്‍ സാധിച്ചില്ല.വലിയ ലക്ഷ്യത്തോടെ ആരംഭിച്ച പല സ്ഥാപനങ്ങള്‍ക്കും ഉണ്ടായ പ്രതിസന്ധികള്‍ മാത്രമാണ് ഈ സൊസൈറ്റിക്കും നേരിട്ടിട്ടുള്ളത്.പ്രതിസന്ധികളെ മറികടന്നു സൊസൈറ്റി യുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി മുന്നോട്ട് പോകാന്‍ പാര്‍ട്ടി സൊസൈറ്റി ആവശ്യമായ ഇടപെടലുകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. സിപിഐഎം നെയും സൊസൈറ്റി ഭാരവാഹികളെയും അപകീര്‍ത്തി പെടുത്താന്‍ ചില തല്പര കക്ഷികള്‍ നടത്തുന്ന നീക്കങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സിപിഐഎം ഇരിട്ടി ഏറിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഉത്തരാഖണ്ഡിൽ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപമാണ് വൻ ഹിമപാതമുണ്ടായത്. ഹിമപാതത്തെ തുടര്‍ന്ന് 57 തൊഴിലാളികളാണ് കുടുങ്ങിയത്. ഇതിൽ 16 പേരെ രക്ഷപ്പെടുത്തി. നിലവിൽ 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്. ബിആര്‍എസിന്‍റെ ക്യാമ്പുകള്‍ക്ക് മുകളിലേക്കാണ് മഞ്ഞിടിഞ്ഞുവീണത്. ക്യാമ്പുകളിലെ കണ്ടെയ്നര്‍ ഹോമുകള്‍ക്കുള്ളിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്. വലിയ രീതിയിൽ മഞ്ഞ് നീക്കം ചെയ്തുവേണം തൊഴിലാളികളെ പുറത്തെടുക്കാൻ.ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ബദ്രിനാഥിന് അപ്പുറത്തുള്ള മാന എന്ന ഗ്രാമത്തിലാണ് ഹിമപാതമുണ്ടായത്. റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത്. ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. നിലവിൽ എസ്‍ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും സാധാരണയെക്കാള്‍ 2 ഡി?ഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
കണ്ണൂരിൽ അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡി പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തൽ. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രഥമിക നിഗമനം. ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാൻ സാധ്യതയുടെന്നും എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്ന് നിഗമനം.
അപകടത്തിൽ മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യയുടെ സംസ്കാരം ഇന്ന് നടക്കും. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നേദ്യ പഠിച്ച കുറുമാത്തൂർ ചിന്മയ യുപി സ്കൂളിൽ പൊതുദർശനമുണ്ടാകും. അപകടത്തിൽ പരിക്കേറ്റ പതിനെട്ട് കുട്ടികളിൽ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവർ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇറക്കത്തിൽ ബസിന്‍റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി.
അതേസമയം, സ്കൂൾ ബസ് അപകടത്തിൽ ആക്ഷേപം സർക്കാരിലേക്ക് നീങ്ങുകയാണ്. ഫിറ്റ്നസ് അവസാനിച്ച സ്കൂൾ ബസുകൾക്ക് ഗതാഗത കമ്മീഷണർ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നൽകി. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. വാഹനങ്ങളുടെ ഫിറ്റ്നസ് നീട്ടി നൽകാൻ കേന്ദ്രസർക്കാരിന് മാത്രമാണ് അധികാരം.
അപകടത്തിൽ കാലിന് ഉള്‍പ്പെടെ പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ വെളിപ്പെടുത്തിയത്. പുതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത്. സെക്കന്‍ഡ് ഗിയറില്‍ പതുക്കെ ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി. ഇറക്കത്തിലെ വളവിൽ വെച്ചാണ് പെട്ടെന്ന് ബ്രേക്ക് പോയത്. ഹൈ ഗിയറിലിട്ട് വാഹനം പതുക്കെ ആക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി. പിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മുന്നിൽ ഒരു ഭാഗത്ത് കടയുണ്ടായിരുന്നു. നിയന്ത്രണം വിട്ടതോടെ ബസ് അരികിലേക്ക് നീങ്ങി വലതുവശത്തേക്ക് കുഴിയിലേക്ക് മറിഞ്ഞതോടെ പലതവണ മലക്കം മറിയുകയായിരുന്നു. ഒരു കുട്ടി ബസിൽ നിന്ന് തെറിച്ച് വീണുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഡ്രൈവര്‍ പ്രതികരിച്ചു.