Hivision Channel

Kerala news

മഴ പെയ്തില്ലെങ്കില്‍ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

മഴ പെയ്തില്ലെങ്കില്‍ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി. ആറുമണി മുതല്‍ 12:30 വരെയുള്ള സമയങ്ങളില്‍ ഒന്നില്‍ കൂടുതല്‍ തവണ നിയന്ത്രണം ആവശ്യമായി വരും. 500 ഫീഡറുകളെങ്കിലും പീക്ക് സമയങ്ങളില്‍ അരമണിക്കൂര്‍ ഓഫാക്കേണ്ടി വരും. പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപഭോഗം ആയിരം മെഗാവാട്ടിലേക്ക് അടുക്കുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു.

പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ കെഎസ്ഇബിയില്‍ ഇന്ന് യോഗം ചേരും. വൈദ്യുതമന്ത്രിയും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ പങ്കെടുക്കും. ഒരു ദിവസത്തെ ആകെ ഉപഭോഗം 100 ദശലക്ഷം യൂണിറ്റിലേക്ക് അടുക്കാനുള്ള സാധ്യതയുണ്ടെന്നും കെഎസ്ഇബി വിലയിരുത്തുന്നു. അന്തരീക്ഷ താപനില വലിയ രീതിയില്‍ ഉയര്‍ന്നതും മഴ മാറി നില്‍ക്കുന്നതും വൈദ്യുതി ഉപഭോഗം കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്.

വൈകിട്ട് ആറുമണി മുതല്‍ രാത്രി പന്ത്രണ്ടര വരെയുള്ള സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഏറ്റവും ഉയര്‍ന്ന ആവശ്യകത 5000 മെഗാ വാട്ടിലേക്ക് എത്താനും ഇടയുണ്ട്. രാജ്യത്തെ വൈദ്യുത ലഭ്യതയിലുള്ള 12,000 മെഗാവാട്ടിന്റെ കുറവ് ഇതുവരെ പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ദേശീയതലത്തില്‍ വൈദ്യുതിയുടെ ആവശ്യകത വലിയ രീതിയില്‍ വര്‍ദ്ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെയുള്ള ലഭ്യതയിലും കാര്യമായ കുറവുണ്ട്. ഉയര്‍ന്ന വിലയ്ക്ക് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ അതിന്റെ ബുദ്ധിമുട്ട് സാധാരണക്കാര്‍ നേരിടേണ്ടി വരുമെന്ന കാര്യവും കെഎസ്ഇബി അറിയിക്കുന്നു.

ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ 2026; ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

നമ്മുടെ നാടിന്റെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ 2026 സംബന്ധിച്ച പരിശീലന പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കുള്ള പരിശീലനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സുമേഷ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .എം വി സരള നിര്‍വഹിച്ചു.കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി സജീവന്‍, അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന്‍, തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളീധരന്‍ കൈതേരി തുടങ്ങിയവര്‍ സംസാരിച്ചു.ആദ്യ ദിനത്തില്‍ തില്ലങ്കേരി ,അയ്യന്‍കുന്ന് , കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ പങ്കെടുത്തു.രണ്ടാം ദിനത്തില്‍ കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജീവന്‍ , കൂടാളി,ആറളം,പായം ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ അജേഷ് പി കെ, പ്രജീഷ് കാരോന്നോന്‍ , ലിസമ്മ ബാബു, അന്‍വര്‍ സാദത്ത്,ശുചിത്വ മിഷന്‍ RP സജിത പി തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.വിവിധ ബ്ലോക്കുകളിലെ RGSA കോര്‍ഡിനേറ്റര്‍മാര്‍ പങ്കെടുത്തു.

പിഎം ശ്രീയില്‍ സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍

പിഎം ശ്രീയില്‍ സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയെ കുറിച്ചുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതായി വിവരമില്ല. പദ്ധതിയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ടാണ് തീരുമാനം നീളുന്നത്. പദ്ധതിയില്‍ ഒപ്പിട്ട് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസര്‍ക്കാരാണെന്ന് മന്ത്രി ആവര്‍ത്തിച്ചു. രാഷ്ട്രീയ വിയോജിപ്പ് ഉള്ളതുകൊണ്ട് എല്ലാ വശവും വിശദമായി പരിശോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വിശദമാക്കി.

പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ കടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എസ്എസ്‌കെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഡയറക്ടര്‍ ഡല്‍ഹിയില്‍ പോയിരുന്നു. ഫണ്ട് റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. പിഎം ശ്രീയുടെ കാര്യത്തില്‍ ഡല്‍ഹിയില്‍ നിന്ന് പുതിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ നടപടികളിലേക്കൊന്നും കടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പിഎം ശ്രീയില്‍ ഉപസമിതിയ യോഗങ്ങള്‍ ചേര്‍ന്ന് എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ട്. ഒരു അന്തിമ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. മന്ത്രിമാര്‍ പ്രളയവുമായി ബന്ധപ്പെട്ട് അതിന്റെ ചുമതലകളിലായിരുന്നു. അന്ന് യോഗം ചേരാന്‍ കഴിയാതെ വന്നു. അതിനാല്‍ പിന്നീട് യോഗം വിളിച്ചിട്ടുമില്ലെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമുള്ളതുകൊണ്ടാണ് അനിശ്ചിതത്വം തുടരുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേവസ്വം ബോര്‍ഡിന്റെ അവകാശങ്ങളിലും അധികാരങ്ങളിലും സര്‍ക്കാര്‍ കൈവെക്കില്ല; ദര്‍ശനം സുഗമമല്ലെങ്കില്‍ ഇടപെടും; മന്ത്രി കെ മുരളീധരന്‍

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ അവകാശങ്ങളിലും അധികാരങ്ങളിലും സര്‍ക്കാര്‍ കൈവെക്കില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍. ദര്‍ശനം സുഗമമാക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും. നിലവില്‍ നിയമനിര്‍മ്മാണത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. എന്നാല്‍ നിയമനിര്‍മ്മാണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിയമനിര്‍മ്മാണം ഉണ്ടാകും. മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടനം നല്ല രീതിയില്‍ നടത്താനാണ് ശ്രമിക്കുന്നത്. അത് നല്ല രീതിയില്‍ നടക്കണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ദര്‍ശനത്തിന് മുടക്കം സംഭവിച്ചാല്‍ ദേവസ്വം ബോര്‍ഡിനെ അല്ല സര്‍ക്കാരിനെയാണ് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത്. അടുത്ത ദിവസം മുഖ്യമന്ത്രി പമ്പയില്‍ വിശദയോഗം നടത്തുമെന്ന് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. രമ്യ ഹരിദാസ് വിഷയത്തിലും മന്ത്രി പ്രതികരിച്ചു. രമ്യ നിയമസഭയില്‍ അപേക്ഷ കൊടുത്ത കാര്യത്തെ പറ്റി അറിയില്ല. പാര്‍ട്ടി നടപടി എടുത്താല്‍ അതിനപ്പുറം ഒന്നുമില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ആയാലും എംപി ആയാലും എംഎല്‍എ ആയാലും പാര്‍ട്ടിക്ക് വിധേയരാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കുഞ്ഞിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ തീരുമാനങ്ങളെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല; രാജ്യത്താകെ പ്രതിസന്ധിയുണ്ട്’; മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ പ്രതിസന്ധിയുണ്ട്. മഴ കുറഞ്ഞതോടെ ഉത്പാദനം കുറഞ്ഞു. വൈദ്യുതിയുടെ ഉപഭോഗം കൂടുന്നത് പ്രതിസന്ധിയാണെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പല വൈദ്യുത പദ്ധതികളും പൂര്‍ത്തിക്കരിക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്ത് ഒട്ടാകെ മഴ കുറഞ്ഞു ചൂട് കൂടി. ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് നിന്നും ലഭ്യത കുറയുന്നു. ഡാമുകളിലൊന്നും വെള്ളമില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

4 രൂപ 25 പൈസക്ക് ലഭിക്കാവുന്ന വൈദ്യുതി കിട്ടുന്നില്ല. മാര്‍ച്ച്, ഏപ്രില്‍ മാസത്തെ കടം വാങ്ങിയത് ഓരോ ദിവസവും തിരികെ കൊടുക്കുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പലയിടത്തും ഇന്നലെ രാത്രി രണ്ടിലധികം തവണയാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. വൈകുന്നേരം 6 മണി മുതല്‍ 12 മണി വരെയുള്ള പീക്ക് സമയങ്ങളില്‍ നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിക്കുന്നത്. പവര്‍ എക്‌സ്‌ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും കുറവെന്ന് കെഎസ്ഇബി പറയുന്നു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയര്‍ന്നതോടെ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പലയിടത്തും ഇന്നലെ രാത്രി രണ്ടിലധികം തവണയാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. വൈകുന്നേരം 6 മണി മുതല്‍ 12 മണി വരെയുള്ള പീക്ക് സമയങ്ങളില്‍ നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിക്കുന്നത്. പവര്‍ എക്‌സ്‌ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും കുറവെന്ന് കെഎസ്ഇബി പറയുന്നു.

പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ആവശ്യത്തിനനുസരിച്ച് വൈദ്യുതി ലഭിക്കാത്തതും കേരളത്തിന് തിരിച്ചടിയായി. പ്രതിദിനം 600 മുതല്‍ 800 മെഗാവാട്ട് വൈദ്യുതി പീക്ക് സമയങ്ങളില്‍ ആവശ്യമായി വരുന്നുണ്ട്. ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യവും വൈദ്യുതി നിയന്ത്രണത്തിന് കാരണമാകുന്നു. മഴ മാറി നില്‍ക്കുന്നതും അന്തരീക്ഷ താപനില ഉയര്‍ന്നതും വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയര്‍ത്തി. സാധാരണയിലും നാല് ഡിഗ്രി സെല്‍ഷ്യസ് വരെ അധികമാണ് നിലവിലെ താപനില. ഇന്നലെ കൊല്ലം ജില്ലയിലെ പുനലൂര്‍ രേഖപ്പെടുത്തിയത് 36.2 ഡിഗ്രി സെല്‍ഷ്യസ് ആണ്.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളില്‍ അപേക്ഷിച്ച ഗണ്യമായി വര്‍ദ്ധിച്ചു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം കൂടിയേ തീരൂ എന്ന വിലയിരുത്തലിലാണ് കെഎസ്ഇബി. ദേശീയ തലത്തില്‍ 12,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇതുവരെ പരിഹരിക്കാനായിട്ടില്ല.

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയിലും നാല് ഡിഗ്രി സെല്‍ഷ്യസ് വരെ അധികമാണ് നിലവിലെ താപനില. സംസ്ഥാനത്ത് താപനില സാധാരണയില്‍ നിന്ന് നാല് ഡിഗ്രി സെഷ്യല്‍സ് വരെ ഉയരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇന്നലെ കൊല്ലം ജില്ലയിലെ പുനലൂര്‍ രേഖപ്പെടുത്തിയത് 36.2 ഡിഗ്രി സെല്‍ഷ്യസ് ആണ്. ചൂടിനിടെയുള്ള പവര്‍കട്ടും പൊതുജനങ്ങളെ വലയ്ക്കുകയാണ്.

മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍.

മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍. രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കെപിസിസി അധ്യക്ഷന്‍ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ അറിയിച്ചു. തീരുമാനം വൈകില്ലെന്ന് രാഹുല്‍ മറുപടി നല്‍കിയതായി വിവരം. ഡല്‍ഹിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരുമായി സഹകരിച്ച് പോകുന്ന ഒരാള്‍ കെപിസിസി അധ്യക്ഷനാകണം എന്നാണ് വി ഡി സതീശന്റെ നിലപാട്.

ബെന്നി ബഹ്നാന്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, ആന്റോ ആന്റണി ഉള്‍പ്പെടെ എം.പിമാരും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും ജോസഫ് വാഴക്കനുമാണ് പരിഗണനയില്‍. നേരത്തെ കെ മുരളീധരന്‍, സണ്ണി ജോസഫ് തുടങ്ങിയവര്‍ ഹൈക്കമാന്റിനെ നിലപാട് അറിയിച്ചിരുന്നു. കെസി പക്ഷത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന പേരുകളില്‍ ഒന്നാണ് മാത്യു കുഴല്‍നാടന്‍.

നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. സംസ്ഥാന കോണ്‍ഗ്രസില്‍ കെപിസിസി അധ്യക്ഷനില്ലാത്തത് നിലവില്‍ വലിയ സംഘടനാ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് എഐസിസി നേതൃത്വം.

ചിറ്റൂര്‍ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ. അച്യുതന്‍ അന്തരിച്ചു

ചിറ്റൂര്‍ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ. അച്യുതന്‍ അന്തരിച്ചു . 76 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആലത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1996 മുതല്‍ 2016 വരെ ദീര്‍ഘകാലം ചിറ്റൂര്‍ എംഎല്‍എയായിരുന്നു. നിലവിലെ ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്റെ പിതാവാണ്.

ചിറ്റൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീര്‍ഘകാലം മണ്ഡലത്തിന്റെ ജനപ്രതിനിധിയായി പ്രവര്‍ത്തിച്ചു.കര്‍ഷകന്‍, സഹകരണ പ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതന്‍ തത്തമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ചിറ്റൂര്‍-തത്തമംഗലം നഗരസഭയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭവാനിപ്പുഴയില്‍ മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി

അട്ടപ്പാടി ചീരക്കടവ് ഭവാനിപ്പുഴയില്‍ യുവതിയുടെയും പെണ്‍കുട്ടിയുടെയും തലവെട്ടി മാറ്റിയ മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി യുവതിയുടെ ഭര്‍ത്താവ്. പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമബംഗാള്‍ സ്വദേശി. കോട്ടത്തറയിലെ കടയില്‍ നിന്നു വാങ്ങിയ ചാക്കിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

20 ദിവസം മുന്‍പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയില്‍ എത്തിയത്. മൂന്ന് ചാക്കുകളിലാക്കി മൃതദേഹം ഭവാനി പുഴയില്‍ ഇയാള്‍ ഒഴുക്കി വിട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ബംഗാളിലേക്ക് കടന്നുവെന്നാണ് വിവരം.

മൃതദേഹങ്ങള്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏകദേശം അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയുടെയും 30 വയസ്സ് പ്രായമുള്ള സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് തല ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങളാണ് മൂന്നു ചാക്കുകളില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തിയത്. പശുവിനെ മേയ്ക്കാന്‍ പോയവരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ശരീര ഭാഗങ്ങള്‍ ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കി വിട്ടത് എന്നാണ് സംശയം. മൃതദേഹങ്ങള്‍ക്ക് ഒരാഴ്ചയോളം പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. അഗളി ഡിവൈഎസ്പി ആര്‍.അശോകന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.