വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റ് രൂപീകരിച്ച് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്. പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വാക്സിനേഷന്‍ സെപ്റ്റംബര്‍ 25ന് ആരംഭിക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തി. രണ്ട് വാഹനങ്ങളിലായാണ് വാക്സിനേഷന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുക. ഒരു വെറ്റിനറി ഡോക്ടര്‍, രണ്ട് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, നാല് പട്ടി പിടുത്തക്കാര്‍ എന്നിവരാണ് ഒരു യൂണിറ്റില്‍ ഉണ്ടാവുക. രാവിലെ ആറു മുതല്‍ വാക്സിനേഷന്‍ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി നടത്തിയ കണക്കെടുപ്പില്‍ 2000ത്തോളം തെരുവ് നായകള്‍ ബ്ലോക്ക് പരിധിയിലുള്ളതായി കണ്ടെത്തി. ഇതിനുപുറമേ വളര്‍ത്തു നായ്ക്കള്‍ക്കായി സൗജന്യ വാക്സിനേഷന്‍ ക്യാമ്പും സംഘടിപ്പിക്കും. വന്ധ്യംകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കും.
ദേശീയ പോഷണ മാസാചരണം ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. രോഗങ്ങള്‍ കൂടാനുള്ള പ്രധാന കാരണം നമ്മുടെ ഭക്ഷണ ശീലമാണെന്നും പോഷക മൂല്യമുള്ള ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്ന് മുതല്‍ 30 വരെയാണ് ദേശീയ പോഷണ മാസമായി ആചരിക്കുന്നത്. ശാരീരിക മാനസികാരോഗ്യത്തിനും വളര്‍ച്ചക്കും പോഷണത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണിത്. സ്ത്രീകളുടെ ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസവും പോഷകാഹാരവും, സ്ത്രീപക്ഷ ജലസംരക്ഷണ വിതരണ ക്രമം, ഗോത്രവര്‍ഗ മേഖലയിലെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പരമ്പരാഗത ഭക്ഷണക്രമം തുടങ്ങിയവയാണ് ഈ വര്‍ഷത്തെ ദേശീയ പോഷണ മാസാചരണത്തിന്റെ ലക്ഷ്യങ്ങള്‍. മാസാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. തദ്ദേശ സ്ഥാപന തലത്തിലും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ പോഷകാഹാര പ്രദര്‍ശനവും നടന്നു. 50 ഓളം വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചു. ജില്ലാ ആശുപത്രി ഡയറ്റീഷ്യന്‍ നിവേദിത രാഹുല്‍ പോഷണ മാസാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എ എച്ച് കൗണ്‍സിലര്‍ അമല്‍ മരിയ കൗമാര പ്രായക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. എം പി ജീജ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, പ്രാധാനാധ്യാപകന്‍ പ്രദീപ് നാറോത്ത്, പ്രിന്‍സിപ്പല്‍ കെ സ്വപ്ന, ഡി എം ഒ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി ജി ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കണ്ണൂര്‍ പുതിയതെരു മുതല്‍ ചാല വരെ ദേശീയപാതയില്‍ മീഡിയന്‍ സ്ഥാപിച്ചതിലെ അപാകത മൂലം അപകടങ്ങള്‍ കൂടുന്നതിനാല്‍ അടിയന്തിരമായി പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. തകര്‍ന്ന ഡിവൈഡറുകള്‍ പുനര്‍നിര്‍മ്മിക്കാമെന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് എന്‍എച്ച്എഐ സമ്മതിച്ചെങ്കിലും അതുണ്ടായില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. കുഴികള്‍ അടക്കുക, മീഡിയനുകള്‍ പരിഷ്‌ക്കരിക്കുക, റിഫ്ളക്ടറുകള്‍ സ്ഥാപിക്കുക തുടങ്ങി സംയുക്ത പരിശോധനയെ തുടര്‍ന്ന് ഉറപ്പുനല്‍കിയ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. പുതിയതെരു-ചാല ദേശീയപാതയില്‍ 63 ഹസാര്‍ഡ് മാര്‍ക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മേലെ ചൊവ്വ മുതല്‍ താണ വരെ 150 മീഡിയന്‍ മാര്‍ക്കറുകള്‍ സ്ഥാപിച്ചതായും എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ബാക്കി വരുന്ന മീഡിയന്‍ മാര്‍ക്കറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. എംഎല്‍എമാരായ കെ വി സുമേഷ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്. ദേശീയപാതയില്‍ തോട്ടട പോളിടെക്നിക്കിന് സമീപം എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനായി ദേശീയപാത അതോറിറ്റിയുടെ അനുമതി തേടിയിട്ട് ഒരു വര്‍ഷത്തോളമായിട്ടും ലഭിച്ചില്ലെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ പറഞ്ഞു. ആദിവാസി കോളനികളിലുള്ളവര്‍ക്ക് ആശ്രയമായ കോളയാട്-പെരുവ-കടല്‍ക്കണ്ടം പാലം നിര്‍മ്മാണത്തിന് യൂസര്‍ ഏജന്‍സിയായ ഐടിഡിപി വനം വകുപ്പിന്റെ അനുമതിക്കായി പരിവേഷ് പോര്‍ട്ടലില്‍ നല്‍കേണ്ട അപേക്ഷ അടിയന്തിരമായി നല്‍കണമെന്ന് കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ നിര്‍ദേശിച്ചു. വനഭൂമി വനേതര ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് ഈ അനുമതി ആവശ്യമാണ്. പാലം നിര്‍മ്മാണത്തിന് 0.1378 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ 2,19,900 രൂപ ഐടിഡിപി കോര്‍പസ് ഫണ്ടില്‍നിന്ന് അനുവദിക്കും. ഇരിക്കൂര്‍ പാലം റോഡിലെ കുഴികള്‍ ഒരാഴചയ്ക്കകം അടക്കണമെന്നും പുതിയ പാലത്തിനായി ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ ആരംഭിക്കണമെന്നും ശൈലജ ടീച്ചര്‍ എംഎല്‍എ നിര്‍ദേശം പൊതുമരാമത്ത് വകുപ്പിന് നല്‍കി. കണിച്ചാര്‍, ആറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓടന്തോട് പാലത്തിന്റെ നിര്‍മ്മാണം 90 ശതമാനം പൂര്‍ത്തീകരിച്ചതായി ഐടിഡിപി അറിയിച്ചു. ശേഷിക്കുന്ന പ്രവൃത്തികള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കും. ചെറുതാഴം, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ റോഡ് കട്ടിംഗ് അനുമതിക്ക് സംയുക്ത പരിശോധന പൂര്‍ത്തീകരിച്ചു. തുടര്‍നടപടികള്‍ എന്‍എച്ച്എഐ കോഴിക്കോട് റീജ്യനല്‍ ഓഫീസാണ് സ്വീകരിക്കേണ്ടത്. പാനൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാന്‍ പോലീസ് സ്റ്റേഷന്‍ വളപ്പിലെ സിഐയുടെ കെട്ടിടം ആറ് മാസത്തേക്ക് അനുവദിച്ചിട്ടും അതിലേക്ക് മാറാത്തതിനാല്‍ നിലവിലെ ഓഫീസായ പാനൂര്‍ വിശ്രമ മന്ദിരത്തില്‍നിന്ന് ഒഴിവാകാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ആലക്കോട് കപ്പണ കോളനിയില്‍ കുഴല്‍ക്കിണര്‍ സ്ഥാപിക്കാന്‍ കോളനി വാസിയായ ബാബു സ്ഥലം അനുവദിച്ചതിനാല്‍ തുടര്‍നടപടിക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാപ്പിനിശ്ശേരി-പിലാത്തറ റോഡില്‍ പാപ്പിനിശ്ശേരി പാലത്തിലെ കുഴികള്‍ അടച്ചതായി കെഎസ്ടിപി അറിയിച്ചു. ഈ റോഡിലെ തെരുവു വിളക്കുകള്‍ സോളാര്‍ സംവിധാനത്തില്‍നിന്ന് മാറ്റി കെഎസ്ഇബിയിലേക്ക് കൈമാറാനായി ഗവ. സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടക്കുകയാണ്. പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ രാത്രി ഏഴിന് ശേഷം ബസുകള്‍ ട്രിപ്പ് മുടക്കുന്നത് പരിശോധിച്ച് സര്‍വീസ് നടത്താത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു. ജനശതാബ്ദി ട്രെയിനിന് കണക്ഷനായി ദേശീയപാത വഴി കാഞ്ഞങ്ങാട് സര്‍വീസ് പുനഃസ്ഥാപിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു. വടവന്തൂര്‍ പാലം നിര്‍മ്മാണം പുനരാരംഭിച്ചു. ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിര്‍ത്തലാക്കിയ കാലാങ്കി ഏകാധ്യാപക സ്‌കൂള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതായും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് കാത്തിരിക്കുന്നതായും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ശ്രീകണ്ഠപുരം നഗരസഭ വികസനത്തിന് അഞ്ച് കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമായതായും ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതായും പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പട്ടുവം കൂത്താട്ട് മലയിടിച്ചിലില്‍ അപകട ഭീഷണിയുണ്ടായ പ്രദശത്ത് കോഴിക്കോട് എന്‍ഐടി, ജിയോളജിസ്റ്റ് സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നാല് കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാറിലേക്ക് ശുപാര്‍ശ നല്‍കിയതായി എഡിഎം അറിയിച്ചു. ഇതില്‍ രണ്ട് കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കലക്ടറേറ്റ് ഗ്രൗണ്ടിലും പരിസരത്തും ഉപേക്ഷിച്ചിരിക്കുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ ഇ-ലേലം വഴി മാറ്റി തുടങ്ങിയതായി എഡിഎം അറിയിച്ചു. ജില്ലയില്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തിയ 55 പേര്‍ക്ക് വാറണ്ടി കാലയളവിന് ശേഷം റിപ്പയറിംഗിനുള്ള അപേക്ഷ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതായി സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഇതിന് പഞ്ചായത്തുകള്‍ പ്രൊജക്ട് വെക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. 134 പേര്‍ക്കാണ് ജില്ലയില്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തിയത്. ചൊറുക്കള-ബാറുപറമ്പ്-മയ്യില്‍-ചാലോട് റോഡിന് 291.63 കോടിയുടെ സാമ്പത്തിക അനുമതി കിഫ്ബിയില്‍നിന്ന് ലഭിച്ചതായും ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്നതായും കെആര്‍എഫ്ബി-പിഎംയു എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. എംഎല്‍എമാരായ കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, അസി. കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ഡിപിഒ കെ പ്രകാശന്‍, എഡിഎം കെ കെ ദിവാകരന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് (എസ്.എസ്.സി. സി. ജി. എല്‍ 2022) ഒക്ടോബര്‍ എട്ട് വരെ അപേക്ഷിക്കാം. എസ്. എസ്. സി യുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://ssc.nic.in വഴിയാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ടത്. ടയര്‍ 1 പരീക്ഷ 2022 ഡിസംബര്‍ മാസത്തില്‍ നടക്കും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ തുടങ്ങിയവയിലേക്കുള്ള ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലെ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. വിവരങ്ങള്‍ക്ക് : 080-25502520, 9483862020.
പേരാവൂര്‍:സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതില്‍ ഇടിഞ്ഞ് റോഡിലേക്ക് വീണത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.തൊണ്ടിയില്‍ മണത്തണ റോഡില്‍ കോറ ബസ് കത്തിരിപ്പ് കേന്ദ്രത്തിന് മുന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ മതില്‍ ഇടിഞ്ഞ് റേഡിലേക്ക് വീണത് നീക്കം ചെയ്യാത്തതാണ് അപകടങ്ങള്‍ക്ക് കാരണം.നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിനരികില്‍ കരിങ്കലുകള്‍ കിടക്കുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. തൊണ്ടിയില്‍ സ്വദേശി ഷിജോയുടെ കാര്‍ കരിങ്കല്ലില്‍ ഇടിച്ച് അപകടമുണ്ടായി.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.റോഡിലേക്ക് വീണ കരിങ്കല്ലുകള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പിഎഫ്‌ഐ കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് രണ്ട് മണി വരെ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 237 പേരെയാണ് അറസ്റ്റ് ചെയ്യ്തതെന്നും 384 പേരെ കരുതല്‍ തടവിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ നടന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഹൈക്കോടതി, നഷ്ടം ആരില്‍ നിന്ന് ഈടാക്കുമെന്നും ചോദിച്ചു. ഹര്‍ത്താല്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നാണോ നഷ്ടം നികത്തുകയെന്നും ഹൈക്കോടതി ആരാഞ്ഞു.ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാകും നടപടി.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഉയര്‍ന്ന അതേ വിലയാണ് ഇന്ന് കുറഞ്ഞത്. അതായത് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് 400 രൂപയുടെ ഇടിവും ഉണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36800 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4600 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 45 രൂപയാണ് ഇടിഞ്ഞത്. ഇന്നലെ 45 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3795 രൂപയാണ്.
പേരാവൂര്‍: വിദ്യാരംഗം കലാ സാഹിത്യവേദി ഇരിട്ടി ഉപജില്ലസര്‍ഗോത്സവം പേരാവൂര്‍ എം.പി.യു.പി സ്‌കൂളില്‍ നടന്നു. നാടക പ്രവര്‍ത്തകന്‍ ജിനോ ജോസഫ് ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജി ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം ഷൈലജ സമ്മാനദാനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ രാജീവ്, പി.ടി.എ പ്രസിഡണ്ട് റെന്നി വര്‍ഗീസ്, വിദ്യാരംഗം സബ്ജില്ല കണ്‍വീനര്‍ കെ വിനോദ്കുമാര്‍, മദര്‍ പിടിഎ പ്രസിഡണ്ട് ബിന്ദു രാജേഷ്, സീനിയര്‍ അസിസ്റ്റന്റ് എ സി രഞ്ജിനി, പ്രധാനാധ്യാപിക യു വി സജിത, വിദ്യാരംഗം കണ്‍വീനര്‍ ഇ കെ നിഷ എന്നിവര്‍ സംസാരിച്ചു.
വവ്വാലില്‍ നിന്ന് കണ്ടെത്തിയ ഖോസ്ത 2 വൈറസിന് മനുഷ്യനില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. നിലവിലെ വാക്സിനുകള്‍ വൈറസിനെതിരെ ഫലപ്രദമാകില്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പിഎല്‍ഒഎസ് എന്ന ജേണലില്‍ നല്‍കിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
2020 ല്‍ റഷ്യയിലാണ് ആദ്യമായി ഖോസ്ത 2 വൈറസ് കണ്ടെത്തുന്നത്. അന്ന് ഈ വൈറസ് മനുഷ്യനില്‍ പ്രവേശിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് മനുഷ്യന് വൈറസ് വെല്ലുവിളിയാകുമെന്ന് കണ്ടെത്തുന്നത്.കൊറോണ വൈറസിന്റെ ഇനത്തില്‍ തന്നെ പെടുന്ന സാര്‍ബികോവൈറസാണ് ഖോസ്ത 2. ഖോസ്ത 1 മനുഷ്യ ശരീരത്തില്‍ പ്രവേശിക്കില്ല എന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.വവ്വാലുകള്‍, റക്കൂണ്‍, വെരുക് എന്നിവയില്‍ നിന്ന് ഖോസ്ത 2 വൈറസ് മനുഷ്യനിലേക്ക് പകരാം. ഖോസ്ത 2 മനുഷ്യ ശരീരത്തില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകില്ലെങ്കിലും വൈറസ് കൊവിഡ് വൈറസുമായി കൂടിച്ചേര്‍ന്നാല്‍ അത് വലിയ വിപത്തിന് വഴിമാറാം.നിലവില്‍ കൊറോണ വൈറസിനെതിരെ മാത്രമല്ല മറിച്ച് സാര്‍ബികോവ് വൈറസ് ഇനത്തില്‍പ്പെടുന്ന എല്ലാ വൈറസിനെതിരെയും ഫലപ്രദമായ ഒരു വാക്സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.
വയനാട് തൊണ്ടര്‍നാട് കുഞ്ഞോത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ ടൗണില്‍ പലയിടത്തും പോസ്റ്റര്‍ പതിച്ചത് കണ്ടത്.ആദിവാസികളോട് അവകാശ നിഷേധത്തിനെതിരെയും ഭൂമിയുടെ പട്ടയത്തിനുവേണ്ടിയും പോരാടാന്‍ ആഹ്വാനം ചെയ്താണ് സി.പി ഐ മാവോയിസ്റ്റ് പോസ്റ്റര്‍. തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.