Hivision Channel

ദേശീയപാതയിലെ മീഡിയനുകളുടെ അപാകത അടിയന്തിരമായി പരിഹരിക്കണം

കണ്ണൂര്‍ പുതിയതെരു മുതല്‍ ചാല വരെ ദേശീയപാതയില്‍ മീഡിയന്‍ സ്ഥാപിച്ചതിലെ അപാകത മൂലം അപകടങ്ങള്‍ കൂടുന്നതിനാല്‍ അടിയന്തിരമായി പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. തകര്‍ന്ന ഡിവൈഡറുകള്‍ പുനര്‍നിര്‍മ്മിക്കാമെന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് എന്‍എച്ച്എഐ സമ്മതിച്ചെങ്കിലും അതുണ്ടായില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. കുഴികള്‍ അടക്കുക, മീഡിയനുകള്‍ പരിഷ്‌ക്കരിക്കുക, റിഫ്ളക്ടറുകള്‍ സ്ഥാപിക്കുക തുടങ്ങി സംയുക്ത പരിശോധനയെ തുടര്‍ന്ന് ഉറപ്പുനല്‍കിയ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. പുതിയതെരു-ചാല ദേശീയപാതയില്‍ 63 ഹസാര്‍ഡ് മാര്‍ക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മേലെ ചൊവ്വ മുതല്‍ താണ വരെ 150 മീഡിയന്‍ മാര്‍ക്കറുകള്‍ സ്ഥാപിച്ചതായും എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ബാക്കി വരുന്ന മീഡിയന്‍ മാര്‍ക്കറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. എംഎല്‍എമാരായ കെ വി സുമേഷ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്. ദേശീയപാതയില്‍ തോട്ടട പോളിടെക്നിക്കിന് സമീപം എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനായി ദേശീയപാത അതോറിറ്റിയുടെ അനുമതി തേടിയിട്ട് ഒരു വര്‍ഷത്തോളമായിട്ടും ലഭിച്ചില്ലെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ പറഞ്ഞു.
ആദിവാസി കോളനികളിലുള്ളവര്‍ക്ക് ആശ്രയമായ കോളയാട്-പെരുവ-കടല്‍ക്കണ്ടം പാലം നിര്‍മ്മാണത്തിന് യൂസര്‍ ഏജന്‍സിയായ ഐടിഡിപി വനം വകുപ്പിന്റെ അനുമതിക്കായി പരിവേഷ് പോര്‍ട്ടലില്‍ നല്‍കേണ്ട അപേക്ഷ അടിയന്തിരമായി നല്‍കണമെന്ന് കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ നിര്‍ദേശിച്ചു. വനഭൂമി വനേതര ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് ഈ അനുമതി ആവശ്യമാണ്. പാലം നിര്‍മ്മാണത്തിന് 0.1378 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ 2,19,900 രൂപ ഐടിഡിപി കോര്‍പസ് ഫണ്ടില്‍നിന്ന് അനുവദിക്കും. ഇരിക്കൂര്‍ പാലം റോഡിലെ കുഴികള്‍ ഒരാഴചയ്ക്കകം അടക്കണമെന്നും പുതിയ പാലത്തിനായി ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ ആരംഭിക്കണമെന്നും ശൈലജ ടീച്ചര്‍ എംഎല്‍എ നിര്‍ദേശം പൊതുമരാമത്ത് വകുപ്പിന് നല്‍കി.
കണിച്ചാര്‍, ആറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓടന്തോട് പാലത്തിന്റെ നിര്‍മ്മാണം 90 ശതമാനം പൂര്‍ത്തീകരിച്ചതായി ഐടിഡിപി അറിയിച്ചു. ശേഷിക്കുന്ന പ്രവൃത്തികള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കും.
ചെറുതാഴം, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ റോഡ് കട്ടിംഗ് അനുമതിക്ക് സംയുക്ത പരിശോധന പൂര്‍ത്തീകരിച്ചു. തുടര്‍നടപടികള്‍ എന്‍എച്ച്എഐ കോഴിക്കോട് റീജ്യനല്‍ ഓഫീസാണ് സ്വീകരിക്കേണ്ടത്.
പാനൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാന്‍ പോലീസ് സ്റ്റേഷന്‍ വളപ്പിലെ സിഐയുടെ കെട്ടിടം ആറ് മാസത്തേക്ക് അനുവദിച്ചിട്ടും അതിലേക്ക് മാറാത്തതിനാല്‍ നിലവിലെ ഓഫീസായ പാനൂര്‍ വിശ്രമ മന്ദിരത്തില്‍നിന്ന് ഒഴിവാകാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
ആലക്കോട് കപ്പണ കോളനിയില്‍ കുഴല്‍ക്കിണര്‍ സ്ഥാപിക്കാന്‍ കോളനി വാസിയായ ബാബു സ്ഥലം അനുവദിച്ചതിനാല്‍ തുടര്‍നടപടിക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാപ്പിനിശ്ശേരി-പിലാത്തറ റോഡില്‍ പാപ്പിനിശ്ശേരി പാലത്തിലെ കുഴികള്‍ അടച്ചതായി കെഎസ്ടിപി അറിയിച്ചു. ഈ റോഡിലെ തെരുവു വിളക്കുകള്‍ സോളാര്‍ സംവിധാനത്തില്‍നിന്ന് മാറ്റി കെഎസ്ഇബിയിലേക്ക് കൈമാറാനായി ഗവ. സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടക്കുകയാണ്.
പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ രാത്രി ഏഴിന് ശേഷം ബസുകള്‍ ട്രിപ്പ് മുടക്കുന്നത് പരിശോധിച്ച് സര്‍വീസ് നടത്താത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു. ജനശതാബ്ദി ട്രെയിനിന് കണക്ഷനായി ദേശീയപാത വഴി കാഞ്ഞങ്ങാട് സര്‍വീസ് പുനഃസ്ഥാപിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു.
വടവന്തൂര്‍ പാലം നിര്‍മ്മാണം പുനരാരംഭിച്ചു. ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
നിര്‍ത്തലാക്കിയ കാലാങ്കി ഏകാധ്യാപക സ്‌കൂള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതായും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് കാത്തിരിക്കുന്നതായും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ശ്രീകണ്ഠപുരം നഗരസഭ വികസനത്തിന് അഞ്ച് കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമായതായും ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതായും പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പട്ടുവം കൂത്താട്ട് മലയിടിച്ചിലില്‍ അപകട ഭീഷണിയുണ്ടായ പ്രദശത്ത് കോഴിക്കോട് എന്‍ഐടി, ജിയോളജിസ്റ്റ് സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നാല് കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാറിലേക്ക് ശുപാര്‍ശ നല്‍കിയതായി എഡിഎം അറിയിച്ചു. ഇതില്‍ രണ്ട് കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കലക്ടറേറ്റ് ഗ്രൗണ്ടിലും പരിസരത്തും ഉപേക്ഷിച്ചിരിക്കുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ ഇ-ലേലം വഴി മാറ്റി തുടങ്ങിയതായി എഡിഎം അറിയിച്ചു.
ജില്ലയില്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തിയ 55 പേര്‍ക്ക് വാറണ്ടി കാലയളവിന് ശേഷം റിപ്പയറിംഗിനുള്ള അപേക്ഷ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതായി സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഇതിന് പഞ്ചായത്തുകള്‍ പ്രൊജക്ട് വെക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. 134 പേര്‍ക്കാണ് ജില്ലയില്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തിയത്.
ചൊറുക്കള-ബാറുപറമ്പ്-മയ്യില്‍-ചാലോട് റോഡിന് 291.63 കോടിയുടെ സാമ്പത്തിക അനുമതി കിഫ്ബിയില്‍നിന്ന് ലഭിച്ചതായും ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്നതായും കെആര്‍എഫ്ബി-പിഎംയു എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. എംഎല്‍എമാരായ കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, അസി. കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ഡിപിഒ കെ പ്രകാശന്‍, എഡിഎം കെ കെ ദിവാകരന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *