ദേശീയ പോഷണ മാസാചരണം ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. രോഗങ്ങള്‍ കൂടാനുള്ള പ്രധാന കാരണം നമ്മുടെ ഭക്ഷണ ശീലമാണെന്നും പോഷക മൂല്യമുള്ള ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു.
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്ന് മുതല്‍ 30 വരെയാണ് ദേശീയ പോഷണ മാസമായി ആചരിക്കുന്നത്. ശാരീരിക മാനസികാരോഗ്യത്തിനും വളര്‍ച്ചക്കും പോഷണത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണിത്.
സ്ത്രീകളുടെ ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസവും പോഷകാഹാരവും, സ്ത്രീപക്ഷ ജലസംരക്ഷണ വിതരണ ക്രമം, ഗോത്രവര്‍ഗ മേഖലയിലെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പരമ്പരാഗത ഭക്ഷണക്രമം തുടങ്ങിയവയാണ് ഈ വര്‍ഷത്തെ ദേശീയ പോഷണ മാസാചരണത്തിന്റെ ലക്ഷ്യങ്ങള്‍.
മാസാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. തദ്ദേശ സ്ഥാപന തലത്തിലും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ പോഷകാഹാര പ്രദര്‍ശനവും നടന്നു. 50 ഓളം വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചു. ജില്ലാ ആശുപത്രി ഡയറ്റീഷ്യന്‍ നിവേദിത രാഹുല്‍ പോഷണ മാസാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എ എച്ച് കൗണ്‍സിലര്‍ അമല്‍ മരിയ കൗമാര പ്രായക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. എം പി ജീജ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, പ്രാധാനാധ്യാപകന്‍ പ്രദീപ് നാറോത്ത്, പ്രിന്‍സിപ്പല്‍ കെ സ്വപ്ന, ഡി എം ഒ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി ജി ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.