വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റ് രൂപീകരിച്ച് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്. പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വാക്സിനേഷന്‍ സെപ്റ്റംബര്‍ 25ന് ആരംഭിക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തി. രണ്ട് വാഹനങ്ങളിലായാണ് വാക്സിനേഷന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുക. ഒരു വെറ്റിനറി ഡോക്ടര്‍, രണ്ട് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, നാല് പട്ടി പിടുത്തക്കാര്‍ എന്നിവരാണ് ഒരു യൂണിറ്റില്‍ ഉണ്ടാവുക. രാവിലെ ആറു മുതല്‍ വാക്സിനേഷന്‍ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി നടത്തിയ കണക്കെടുപ്പില്‍ 2000ത്തോളം തെരുവ് നായകള്‍ ബ്ലോക്ക് പരിധിയിലുള്ളതായി കണ്ടെത്തി. ഇതിനുപുറമേ വളര്‍ത്തു നായ്ക്കള്‍ക്കായി സൗജന്യ വാക്സിനേഷന്‍ ക്യാമ്പും സംഘടിപ്പിക്കും. വന്ധ്യംകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കും.