ഇരിട്ടി:ലോക സമാധാന ദിനത്തോടുമ്പന്ധിച്ച് വൈസ് മെന്‍ ക്ലബ് ഓഫ് ആറളം നടത്തിയ യുദ്ധവിരുദ്ധ ക്യാമ്പയിന് – ‘Never again is now ‘ എന്ന യുദ്ധത്തിനെതിരെയുള്ള ക്യാമ്പയിന്റെ ഉദ്ഘാടനം ആയിഷ എല്‍പി സ്കൂളില്‍ വെച്ച് ആറളം ഗ്രാമപഞ്ചായത്ത് അംഗം ശിഹാബുദ്ധീന്‍ നിര്‍വഹിച്ചു. വൈസ് മെന്‍ ക്ലബ് ഓഫ് ആറളം പ്രസിഡണ്ട് ആല്ബിന് ജോര്‍ജ് കുര്യന് അധ്യക്ഷത വഹിച്ചു.ആയിഷ എല്‍.പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ഉഷ ,ഫാത്തിമ ടീച്ചര്‍, ഉബൈദ് മാസ്റ്റര്‍, വിജിന ടീച്ചര്‍ ,അര്ജുന് വിജയന് എന്നിവര്‍ സംസാരിച്ചു. ടൈറ്റസ്, അബിന്‍ മാസ്റ്റര്‍ എന്നിവര്‍ ക്യാമ്പയിന് നേതൃത്വം നല്കി. ലോക സമാധാന ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് കോമ്പറ്റീഷന് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.
ഉപയോഗം കുറഞ്ഞിട്ടും സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി നിയന്ത്രണം. ദീര്‍ഘകാല കരാറുകള്‍ വഴിയുള്ള വൈദ്യുതി ലഭ്യത ഇന്നലെ കുത്തനെ കുറഞ്ഞു. ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള വൈദ്യുതി കിട്ടിയില്ലെങ്കില്‍ ഇന്നും നിയന്ത്രണത്തിന് സാധ്യതയുണ്ട്. പ്രതിസന്ധി ഒറ്റയടിക്ക് തീരില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. മഴ വന്നിട്ടും ഉപയോഗം കുറഞ്ഞിട്ടും കറന്റ് കട്ട് തുടരുകയാണ്. ഓരോ ദിവസവും കട്ടിന് ഓരോ കാരണങ്ങളാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ വൈദ്യുതി ഉപയോഗം 91.62 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. പക്ഷേ 100 ദശലക്ഷം യൂണിറ്റിന് അടുത്ത് ഉപയോഗം ഉയര്‍ന്ന ദിവസങ്ങളിലേതു പോലെ രാത്രിയില്‍ രണ്ടു വട്ടം നിയന്ത്രണമുണ്ടായി. ഇന്നലത്തെ കാരണം ദീര്‍ഘകാല കരാര്‍ വഴി കിട്ടേണ്ട വൈദ്യുതി കിട്ടാത്തതാണ്. നിലയങ്ങളുടെ തകരാറ് മൂലം മൂന്നു കമ്പനികളില്‍ നിന്ന് വൈദ്യുതി കിട്ടിയില്ലെന്നാണ് വിവരം. ഇങ്ങനെ 413 മെഗാവാട്ടിന്റെ കുറവുണ്ടായെന്നാണ് കെഎസ്ഇബി വൃത്തങ്ങള്‍ പറയുന്നത്. നാളെയേ പ്രശ്നം പരിഹരിക്കൂവെന്നാണ് വിവരം. ഹ്രസ്വകാല ഇടപാടുകള്‍ വഴിയുള്ള വൈദ്യുതിയും കുറഞ്ഞു.
ഇതോടെ,കേന്ദ്ര പൂളില്‍ നിന്ന് മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കിട്ടിയിട്ടും 75 മെഗാവാട്ട് ഒഡീഷ്യയില്‍ നിന്ന് തരപ്പെടുത്തിയിട്ടും കറണ്ട് കട്ട് ഒഴിവായില്ല. കേന്ദ്ര പൂളില്‍ നിന്ന് 44.72 ദശലക്ഷം യൂണിറ്റ് കിട്ടിയിരുന്നു. പ്രതിസന്ധിയില്‍ സര്‍ക്കാരും കെഎസ്ഇബിയും കടുത്ത പ്രതിരോധത്തിലായപ്പോഴാണ് കറന്റ് വാങ്ങാന്‍ ഡയറക്ടര്‍മാര്‍ സംസ്ഥാനത്തിന് പുറത്തേയ്ക്ക് പോയത്. ജൂണില്‍ തന്നെ ഈ മാസം പീക്ക് സമയത്ത് വൈദ്യുതിയുടെ കുറവുണ്ടെന്ന് വ്യക്തമായിരുന്നു.
വാഹന മോഡിഫിക്കേഷനില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെയാണ് സംസ്ഥാനത്ത് പല കാര്യങ്ങളും ചെയ്യുന്നതെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിമര്‍ശിച്ചു. ജീപ്പുകളില്‍ വലിയ ടയറുകള്‍ ഘടിപ്പിക്കുന്നത് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് വഴിവെക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലെ അപകടങ്ങള്‍ ചൂണ്ടികാണിച്ചായിരുന്നു വിമര്‍ശനം. ദേശീയപാതയിലെ തുടര്‍ച്ചയായ അപകടങ്ങളിലും വാഹന മോഡിഫിക്കേഷനിലെ പ്രശ്നങ്ങളെ തുടര്‍ന്നും ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടികള്‍.
മാസപ്പടി കേസില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി പി എ മുഹമ്മദ് റിയാസ് എം എല്‍ എ രംഗത്തെത്തി. അന്വേഷണം സംബന്ധിച്ച് ടിവിയില്‍ കണ്ടിട്ടുള്ള വിവരം മാത്രമേ അറിയൂ എന്ന് റിയാസ് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായ കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറി സംസാരിക്കും.
ഇന്ത്യയില്‍ പല ഇടങ്ങളിലും ഇ ഡി അന്വേഷണം, മൊഴിയെടുക്കുന്ന രീതി ഇതൊക്കെ ബിജെപി ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഇതില്‍ മുന്‍പന്തിയില്‍ നിന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇ ഡി റിപ്പോര്‍ട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തത് സ്വാഭാവികമായും സമൂഹം ചര്‍ച്ച ചെയ്യും.
ഒരുപാട് വ്യാജ വാര്‍ത്തകള്‍ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. അതിനെയെല്ലാം നിയമപരമായി നേരിടും. തനിക്ക് ഒന്നും ഭയപ്പെടാനില്ല. ഒരു തെറ്റും ചെയ്തിട്ടില്ല എന്നുള്ളതുകൊണ്ട് നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും റിയാസ് പറഞ്ഞു.കേസിന്റെ മറ്റു വശങ്ങളിലേക്ക് ഒന്നും പോകുന്നില്ലെന്നും കോണ്‍ഗ്രസിന്റെ നിലപാട് ഇതില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ മന്ത്രിയുടെ വസതിയില്‍ നടന്ന റെയ്ഡിനെ കോണ്‍ഗ്രസ് അതിശക്തമായി എതിര്‍ത്തിട്ടുണ്ട്. നിയമപരമായ വശം നിയമ വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും. ഏതൊക്കെ തരത്തില്‍ എന്തൊക്കെ നീക്കം നടത്തിയാലും ഒരു തെറ്റും താന്‍ ചെയ്തിട്ടില്ല. ആളുകളെ ഭയപ്പെടുത്തിയും മറ്റു പല നിലയിലും ഇ ഡി മൊഴിയെടുത്തു. ഇത് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പല കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവിതത്തില്‍ താന്‍ കാണാത്തവരെ വെച്ച് വരെ കഥ മെനഞ്ഞിട്ടുണ്ടെന്നും റിയാസ് വ്യക്തമാക്കി.
ഇരിട്ടി:പടിയൂര്‍ – കല്യാട് ഗ്രാമപഞ്ചായത്തിലെ കല്യാട് താഴെമൂലയില് കുഞ്ഞിക്കണ്ടി നാണിയുടെ വീടിനാണ് തിങ്കളാഴ്ച വൈകുന്നേരം ഇടിമിന്നലേറ്റത്.ഇടിമിന്നലില്‍ വീടിന് കനത്ത നാശനഷ്ടമുണ്ടായി.ഗൃഹോപകരണങ്ങളും വയറിംഗും നശിച്ചു. വൈദ്യതിബന്ധം പൂര്‍ണമായും തകരാറിലായി.കുട്ടികള്‍ മാത്രമുള്ള സമയത്താണ് അപകടം നടന്നത് .നിസാര പരിക്കേറ്റ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.സംഭവസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശ്രീജ ,വൈസ് പ്രസിഡണ്ട് പി വി രാജീവ് ,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ബി രാമചന്ദ്രന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി വി ഷൈല കെ വി മനോഹരന് വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എം സുമോദ് എന്നിവര്‍ സന്ദര്‍ശിച്ചു.
സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇ ഡി ശിപാര്‍ശയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മകള്‍ വീണ ടി, ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ഡിജിപിക്കാണ് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിന്റെ സ്വഭാവം ഡിജിപി തീരുമാനിക്കും. പ്രാഥമിക അന്വേഷണം നടത്തണോ അതോ എഫ്ഐആര്‍ എടുത്ത ശേഷം അന്വേഷണം നടത്തണോ എന്ന് തീരുമാനിക്കാനുള്ള അധികാരമാണ് ഡിജിപിക്ക് നല്‍കിയിരിക്കുന്നത്
അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കണോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് തീരുമാനമെടുക്കാം. പ്രാഥമിക അന്വേഷണം ഉള്‍പ്പെടെ കഴിഞ്ഞതിന് ശേഷം വിജിലന്‍സ് അന്വേഷണം മതിയെന്ന തീരുമാനത്തിലേക്കാണ് നിലവില്‍ ആഭ്യന്തരവകുപ്പ് എത്തിയിരിക്കുന്നത്. ഡിജിപിയെ സെക്രട്ടേറിയറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ആഭ്യന്തരവകുപ്പ് മന്ത്രി സുപ്രധാന നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പന്ത് ഡിജിപിയുടെ കോര്‍ട്ടിലെത്തിയിരിക്കുന്നത്.
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു കൊലക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് അപേക്ഷയില്‍ വിധി പറഞ്ഞത്.പരസ്യവിചാരണ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികള്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാല്‍, രഹസ്യവിചാരണ ഒരു തരത്തിലും അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു.വിചാരണ റിപ്പോര്‍ട്ട് ചെയ്യുകയെന്നത് മാധ്യമപ്രവര്‍ത്തകരുടെ അവകാശമാണ്. ഇത് യാതൊരു കാരണവശാലും നിഷേധിക്കാന്‍ പാടില്ലെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് പറഞ്ഞു.
കോളേജ് വിദ്യാര്‍ഥികള്‍ വിചാരണയ്ക്ക് വന്നാല്‍ തന്നെ അവരെ നിയന്ത്രിക്കാന്‍ പൊലീസിനാവുമെന്നും പ്രോസിക്യൂഷന് വാദിച്ചു. ജാമ്യത്തിലുള്ള പ്രതികളുടെ ചിത്രം കോടതിയില്‍ വച്ച് പകര്‍ത്താന്‍ ശ്രമിച്ചുവെന്ന വാദം ബാലിശമാണെന്നും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.കേസിന്റെ വിചാരണ ഒക്ടോബര്‍ 15നാണ് ആരംഭിക്കുന്നത്. പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് ജഡ്ജി കെ കെ ബാലകൃഷ്ണന് വിചാരണയ്ക്ക് ഉത്തരവിട്ടത്. ആകെ 16 പ്രതികളാണുള്ളത്. 2018 ജൂലൈ രണ്ടിനാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് എട്ടു വര്‍ഷത്തിനുശേഷമാണ് വിചാരണ തുടങ്ങുന്നത്.
ഗതാഗത കമ്മീഷണര്‍ പദവിയില്‍ മാറ്റം. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ഐ.ജി. സി.എച്ച്. നാഗരാജുവിനെ മാറ്റി തിരുവനന്തപുരം ഐ.ജി. ജി. സ്പര്‍ജന്‍ കുമാര്‍ പുതിയ ഗതാഗത കമ്മീഷണറാകും. ഭരണസൗകര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ ഈ അടിയന്തര നടപടി. ഗതാഗത മന്ത്രിയുടെ അതൃപ്തിയെ തുടര്‍ന്നാണ് സി എച്ച് നാഗരാജുവിന്റെ സ്ഥലംമാറ്റം. ഇന്റലിജന്‍സ് ഐ.ജിയായിട്ടാണ് നാഗരാജുവിന്റെ പുതിയ നിയമനം. ആര്.നിശാന്തിനിയെ ദക്ഷിണമേഖലാ ഐ.ജിയായും നിയമിച്ചു.
ഗതാഗത വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പുതിയൊരു കമ്മീഷണര്‍ വേണമെന്ന ശക്തമായ നിലപാടാണ് ഭരണനേതൃത്വം എത്തിയത്. വിഷയത്തില്‍ ഗതാഗത മന്ത്രി സി.പി. ജോണ്‍ എടുത്ത ഉറച്ച നിലപാടാണ് പുതിയ മാറ്റത്തിന് വഴിതുറന്നത്. വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പരിഷ്കാരങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാനും തലപ്പത്ത് മാറ്റം വേണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു.
അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോയുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. വീട്ടില്‍ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചതിനാണ് കേസ്. മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ആന്റോ.നേരത്തെ, അനധികൃതമായി മദ്യം കൈവശം വെച്ച കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ആന്റോ ഹൈക്കോടതി സമീപിച്ചത്.
ശബരിമല വിഷയത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി വി എന്‍ വാസവന്. ഈ സമയത്ത് പരസ്പരം കുറ്റപ്പെടുത്തലല്ല, യോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് വി എന്‍ വാസവന് പറഞ്ഞു. വകുപ്പ് മന്ത്രി തന്നെ മുന്‍ കൈ എടുത്ത് ദേവസ്വം ബോര്‍ഡിനെ കൂടി ഉള്‍പ്പെടുത്തി മുന്നോട്ട് പോകണം. 32 വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. സര്‍ക്കാര്‍ ബോര്‍ഡിനെ സഹായിക്കുകയാണ് വേണ്ടതെന്നും വി എന്‍ വാസവന് പ്രതികരിച്ചു.
‘കഴിഞ്ഞ മണ്ഡല കാലത്ത് ജൂണ്‍ മാസം തന്നെ ആദ്യ യോഗം വിളിച്ചു. തീര്‍ത്ഥാടനം തുടങ്ങും മുമ്പ് ഏഴ് മീറ്റിങുകള്‍ നടത്തിയിരുന്നു. എല്ലാ ഏകോപനവും ചെയ്താണ് കാര്യങ്ങള്‍ ഭംഗിയായി നടപ്പാക്കിയത്. പരസ്പരം കുറ്റപ്പെടുത്തല്‍ അല്ല, യോജിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യം. ചര്‍ച്ച ചെയ്താണ് മുന്നോട്ട് പോകേണ്ടത്’, വി എന്‍ വാസവന് പറഞ്ഞു.
ദേവസ്വം മന്ത്രിയും ബോര്‍ഡും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ പരസ്യമായതാണ്. മണ്ഡലകാല മുന്നൊരുക്കങ്ങള്‍ തൃപ്തികരമല്ലെന്നാണ് മന്ത്രിയുടെ നിലപാട്. ദേവസ്വം ബോര്‍ഡിന് അലംഭാവമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനാണ് മന്ത്രി കെ മുരളീധരന്റെ തീരുമാനം. മന്ത്രിതല, ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് മണ്ഡലകാല തീര്‍ത്ഥാടനം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെടാനാണ് മന്ത്രിയുടെ തീരുമാനം.