Hivision Channel

latest news

പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. മുസ്ലീം ലീഗിന്റെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് തീരുമാനം.

പി എം ശ്രീയുമായി ബന്ധപ്പെട്ട ഉപസമിതി ഉടന്‍ ചേരില്ല. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. യൂത്ത് ലീഗടക്കം വലിയ വിമര്‍ശനം പിഎം ശ്രീ നടപ്പാക്കുന്നതില്‍ ഉന്നയിച്ചിരുന്നു.

നേരത്തെ, പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം കത്ത് അയച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്കായിരുന്നു കത്തയച്ചത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണപത്രം ഒപ്പിട്ടതാണെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഉപസമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്നും വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കണമെന്നും കത്തില്‍ പറയുന്നു. ഈ സര്‍ക്കാര്‍ വന്ന ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്. എന്നാല്‍ നിലവില്‍ മുന്നോട്ട് പോകേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നാണ് വിവരം.

പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് Read More »

സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു

സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു. മലപ്പുറത്തും കോഴിക്കോടുമായി കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇരു ജില്ലകളിലും ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിലൂടെ ഫലപ്രദമായി പ്രതിരോധിച്ചിരുന്ന ഒരു വൈറസ് രോഗമാണ് കേരളത്തിലെ ആരോഗ്യ രംഗത്ത് വീണ്ടും വെല്ലുവിളി ഉയര്‍ത്തുന്നത്, അതും കുട്ടികള്‍ക്കിടയില്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അഞ്ചാം പനി അഥവാ മീസില്‍സ് ബാധിച്ചവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 30 കേസുകളായിരുന്നു സ്ഥിരീകരിച്ചത് എങ്കില്‍ ഈ വര്‍ഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 80 പേര്‍ക്കാണ്, ഏറെയും കുട്ടികളില്‍. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കും മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. കടുത്ത പനിയും ശരീരത്തില്‍ പ്രത്യക്ഷമാകുന്ന തടിപ്പുകളുമാണ് പ്രധാന ലക്ഷണങ്ങള്‍. രോഗനിര്‍ണയവും ശരിയായ ചികില്‍സയും വൈകിയാല്‍ മരണം വരെ സംഭവിക്കാം.

സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു Read More »

ട്രാഫിക് പിഴ അടക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശം

രാജ്യത്തുടനീളം ഇ-ചെല്ലാന്‍ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക 49,194.05 കോടി രൂപയായി ഉയര്‍ന്നതോടെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. ഇ-ചെല്ലാന്‍ തുക അടക്കാത്ത വാഹന ഉടമകള്‍ക്കെതിരെ റോഡുകളില്‍ അപ്രതീക്ഷിത പരിശോധന നടത്താനും, പിഴ അടച്ചുതീര്‍ക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

പിഴ ഒടുക്കാത്ത വാഹന ഉടമകള്‍ക്ക് നല്‍കുന്ന വിവിധ മോട്ടോര്‍ വാഹന സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. വാഹനം വില്‍ക്കാനോ ഉടമസ്ഥാവകാശം കൈമാറാനോ സാധിക്കാത്ത വിധം ‘പരിവാഹന്‍’ പോര്‍ട്ടലില്‍ ഇത്തരം വാഹനങ്ങളെ ബ്ലാക്ക്ലിസ്റ്റ് ചെയ്യും. കൂടാതെ, കുടിശ്ശിക തീര്‍പ്പാക്കാതെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ആര്‍.സി, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇ-ചെല്ലാനുകള്‍ വെറുതെ അയച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, പിഴത്തുക കൃത്യമായി ഈടാക്കാന്‍ അധികാരികള്‍ക്ക് കഴിയണമെന്നും കോടതി നിരീക്ഷിച്ചു. ഇത്രയും വലിയ തുക പിഴയിനത്തില്‍ കുടിശ്ശിക കിടക്കുന്നത് നിസ്സാരമായി കാണാനാകില്ല. വന്‍തോതില്‍ നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നത് തടയുന്നതുള്‍പ്പെടെയുള്ള കര്‍ശനമായ രീതികള്‍ നടപ്പിലാക്കാനും സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രാഫിക് പിഴ അടക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശം Read More »

ഫ്ളൈ ദുബായ് വിമാനത്തില്‍ സഹ പൈലറ്റിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ക്യാപറ്റന്‍ സ്മിത് മച്ഛാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

ഫ്ളൈ ദുബായ് വിമാനത്തില്‍ സഹ പൈലറ്റിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ക്യാപറ്റന്‍ സ്മിത് മച്ഛാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്മിത് മച്ഛാര്‍ ധീതരയുടെ ഉദാത്ത മാതൃകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

മച്ഛാറിന്റെ ധൈര്യവും വീര്യവും പെട്ടെന്നുള്ള തീരുമാനമെടുക്കാനുള്ള കഴിവും നിരവധി ആളുകളുടെ ജീവന്‍ രക്ഷിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ജീവന്‍ അപഹരിക്കുന്നവരല്ല, മറിച്ച് ജീവന്‍ രക്ഷിക്കുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍ എന്ന് അഭിമാനത്തോടെ പറയാന്‍ രാജ്യത്തിന് മുഴുവന്‍ സാധിക്കും. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വെക്കാന്‍ സന്നദ്ധരായവരാണ് ഇന്ത്യക്കാര്‍ എന്ന് അഭിമാനത്തോടെ പറയാന്‍ രാജ്യത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിനിടെ മച്ഛാന്‍ വികാരാധീനനായി. പ്രധാനമന്ത്രിയാണ് തന്റെ ഏറ്റവും വലിയ മാതൃകയെന്നും ഇത്തരത്തില്‍ വിളിച്ച് തന്നോട് സംസാരിക്കുന്നതില്‍ അഭിമാനമെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഒരുപാട് പരുക്കുകള്‍ പറ്റിയിരുന്നു, എങ്കിലും എഴുന്നേല്‍ക്കണമെന്നും എന്തെങ്കിലും പ്രവര്‍ക്കണമെന്നും ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ആ നിമിഷം, ഞാന്‍ എന്റെ ജീവനുവേണ്ടി പോരാടുകയായിരുന്നു. ഞാന്‍ താഴെ വീണിരുന്നു; എന്നാല്‍ എഴുന്നേറ്റില്ലെങ്കില്‍ ഞാന്‍ മരിച്ചുപോകുമെന്ന് എനിക്ക് ബോധ്യമായി സംഭവം ഓര്‍ത്തെടുക്കേ അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു.

ഫ്ളൈ ദുബായ് വിമാനത്തില്‍ സഹ പൈലറ്റിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ക്യാപറ്റന്‍ സ്മിത് മച്ഛാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി Read More »

കുട്ടികള്‍ക്ക് നല്‍കേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല

കുട്ടികള്‍ക്ക് നല്‍കേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല. അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കേണ്ട വിറ്റാമിന്‍ എ മരുന്ന് വിതരണം പൂര്‍ണമായി നിലച്ച അവസ്ഥയിലാണ്. കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിനും ലഭ്യമല്ല. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്ക് ഇല്ലാത്ത 28 മരുന്നുകള്‍ ഈ മാസം പകുതിയോടെ ആശുപത്രികളില്‍ എത്തുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

കുട്ടികള്‍ക്ക് നല്‍കേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല Read More »

ഏഷ്യാനെറ്റ് ന്യൂസ് – ലെന്‍സ്‌ഫെഡ് എഞ്ചിനീയര്‍ അവാര്‍ഡ് തിളക്കത്തില്‍ മലയാളി എഞ്ചിനീയര്‍

കാസര്‍ഗോഡ് പാണത്തൂരിലെ മേരി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റല്‍ കോമ്പൗണ്ടിലെ ചാപ്പലിന്റെ ഗോഥിക് – നിയോ-ഗോഥിക് ശൈലിയിലുള്ള രൂപകല്‍പ്പനയ്ക്ക് മികച്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ ബില്‍ഡിംഗ് പ്രോജക്റ്റിലെ പ്രത്യേക ജൂറി അവാര്‍ഡ് ഇരിട്ടി ഗോഡ്‌സണ്‍ ബില്‍ഡ് ആന്‍ഡ് ഡെവലപ്പ് കണ്‍സള്‍ട്ടേഷന്റെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റും ഡിസൈനറുമായ അമല്‍ ജോസിന് ലഭിച്ചു. 15.5 മീറ്റര്‍ ഉയരമുള്ള ടവറും പരിസ്ഥിതി സൗഹൃദമായ വെന്റിലേഷന്‍ സംവിധാനവും ഉള്ള ഈ നിര്‍മ്മിതി സംസ്ഥാനത്തെ മികച്ച എഞ്ചിനീയറിംഗ് മികവിനുള്ള അംഗീകാരമാണ്.

ഏഷ്യാനെറ്റ് ന്യൂസ് – ലെന്‍സ്‌ഫെഡ് എഞ്ചിനീയര്‍ അവാര്‍ഡ് തിളക്കത്തില്‍ മലയാളി എഞ്ചിനീയര്‍ Read More »

ഇന്ന് മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാര്‍ഷികദിനം

ഇന്ന് മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാനുള്ള ധീരത തന്നെയാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മഹാത്മാവാക്കി മാറ്റിയത്. സത്യഗ്രഹം ഗാന്ധിക്ക് സമരമാര്‍ഗമായിരുന്നു. പോരാട്ടങ്ങള്‍ അഹിംസയിലൂന്നിയായിരുന്നു. ജീവിതം നിരന്തര സത്യാന്വേഷണ പരീക്ഷണമായിരുന്നു. സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കാന്‍ ഗാന്ധിജി നിരന്തരം ശ്രമിച്ചു. വൈരുദ്ധ്യങ്ങളോട് നിരന്തരം സംവദിച്ചു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകനായും ജീവിച്ചു. പാരമ്പര്യത്തില്‍ ഉറച്ചുനിന്നപ്പോഴും ആധുനിക മൂല്യങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ടു.

ലണ്ടനിലെ നിയമ പഠനത്തിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച ഗാന്ധിജി, അവിടെ വംശീയ വിവേചനത്തിനെതിരെ ശക്തമായി പോരാടി. 1915-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം, ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ചമ്പാരന്‍ സത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം, ഉപ്പു സത്യഗ്രഹം, ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയ പ്രക്ഷോഭങ്ങളിലൂടെ, ഒരു തുള്ളി രക്തം പോലും ചിന്താതെ, സാമ്രാജ്യത്വത്തെ മുട്ടുകുത്തിക്കാനാകുമെന്ന് ഗാന്ധിജി ലോകത്തിന് കാണിച്ചുകൊടുത്തു.

ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്ന പല അനാചാരങ്ങള്‍ക്കെതിരെയും ഗാന്ധിജി ശക്തമായ നിലപാട് സ്വീകരിച്ചു. വിഭജനത്തിന്റെ മുറിവുകളുണക്കാന്‍ ശാന്തിദൂതുമായി ഇന്ത്യയിലുടനീളം സഞ്ചരിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, നെല്‍സണ്‍ മണ്ടേല തുടങ്ങിയ മഹാരഥന്മാരെ സ്വാധീനിച്ചത് ഗാന്ധിയന്‍ ചിന്തകളായിരുന്നു. ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് പ്രസക്തിയേറി വരുന്ന കാലത്താണ് മറ്റൊരു ഗാന്ധിജയന്തി കൂടി കടന്നുപോകുന്നത്.

ഇന്ന് മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാര്‍ഷികദിനം Read More »

പെരുന്തോടി വേക്കളം എ.യു.പി സ്‌കൂളില്‍ ഗാന്ധിജയന്തി ദിനാഘോഷം

പേരാവൂര്‍:പെരുന്തോടി വേക്കളം എ.യു.പി സ്‌കൂളില്‍ ഗാന്ധിജയന്തി ദിനാഘോഷം നടത്തി. പുഷ്പാര്‍ച്ചന, ഗാന്ധിസന്ദേശങ്ങള്‍, കുട്ടികളുടെയും രക്ഷിതാക്കളുടേയും വിവിധ പരിപാടികള്‍ എന്നിവയും നടന്നു. ഇന്ദു.പി, ശ്രീജിത്ത് എ.ഇ, നിഷ വി.എ, ആശ്രീത്,സജ്‌ന ഒ , വൃന്ദ, രജില, എക്‌സിക്യൂട്ടീവ് അംഗം അമൃത വൈശാഖന്‍, പ്രജീഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പെരുന്തോടി വേക്കളം എ.യു.പി സ്‌കൂളില്‍ ഗാന്ധിജയന്തി ദിനാഘോഷം Read More »

മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍ അടിയന്തര നടപടികളിലേക്ക്

ഗവണ്‍മെന്റ് ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി അടിയന്തര നടപടികളിലേക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍. മരുന്നുകളുടെ റി ടെന്‍ഡര്‍ കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അംഗീകരിച്ചു. പുതിയ സ്റ്റോക്ക് മരുന്നുകള്‍ക്കായുള്ള പര്‍ച്ചേസ് ഓഡര്‍ വൈകിയത് തെരഞ്ഞെടുപ്പ് കാരണമെന്നായിരുന്നു സര്‍ക്കാര്‍ വാദം. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് മാസം കഴിഞ്ഞിട്ടാണ് പര്‍ച്ചേസ് ഓര്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായത്. അതില്‍ ചില മരുന്നുകള്‍ക്ക് റീ ടെന്‍ഡര്‍ വിളിച്ചു. റീ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വൈകിപ്പിക്കുന്നത് വലിയ വിവാദമായതോടെയാണ് റി ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കിയത്.

രാജസ്ഥാന്‍, കര്‍ണാടക ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോര്‍പ്പറേഷനുകളുമായി സഹകരിച്ച് മരുന്നെത്തിക്കാനുള്ള ശ്രമത്തില്‍ തീരുമാനമായില്ല. കുടിശ്ശിക തീര്‍ക്കാന്‍ ധനവകുപ്പില്‍ നിന്നുള്ള അടിയന്തരസഹായം ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.

മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍ അടിയന്തര നടപടികളിലേക്ക് Read More »

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ച എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ച എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയെങ്കിലും പൊലീസ് ജാഗ്രത കാണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് നേരത്തെ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥരെ നിയോഗിച്ചില്ല. കെ എം ഷാജിയെ 20 മിനിറ്റോളം വഴിയില്‍ തടഞ്ഞിട്ടും പൊലീസ് സാന്നിധ്യം ഉണ്ടായില്ലെന്നും വിമര്‍ശനവുണ്ട്. തിരുവനന്തപുരത്തെ പ്രതിഷേധങ്ങളില്‍ ഡിജിപി കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.

മന്ത്രിമാര്‍ക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ സുരക്ഷ ശക്തിപ്പെടുത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നും കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളിലും യാത്രകളിലും കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. പ്രതിഷേധമുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാകും കേസ് എടുക്കുക. കെ എം ഷാജിക്ക് എതിരായ പ്രതിഷേധത്തില്‍ പൊലീസിന് വീഴ്ച എന്ന ആക്ഷേപം ശക്തമാണ്. സെക്രട്ടറിയേറ്റിന് അര കിലോമീറ്റര്‍ അകലെ നടന്ന പ്രതിഷേധത്തിലാണ് സുരക്ഷാ വീഴ്ച എന്നതാണ് ഏറ്റവും ഗൗരവതരം. കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ച എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് Read More »