Hivision Channel

ട്രാഫിക് പിഴ അടക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശം

രാജ്യത്തുടനീളം ഇ-ചെല്ലാന്‍ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക 49,194.05 കോടി രൂപയായി ഉയര്‍ന്നതോടെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. ഇ-ചെല്ലാന്‍ തുക അടക്കാത്ത വാഹന ഉടമകള്‍ക്കെതിരെ റോഡുകളില്‍ അപ്രതീക്ഷിത പരിശോധന നടത്താനും, പിഴ അടച്ചുതീര്‍ക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

പിഴ ഒടുക്കാത്ത വാഹന ഉടമകള്‍ക്ക് നല്‍കുന്ന വിവിധ മോട്ടോര്‍ വാഹന സേവനങ്ങള്‍ നിര്‍ത്തിവെക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. വാഹനം വില്‍ക്കാനോ ഉടമസ്ഥാവകാശം കൈമാറാനോ സാധിക്കാത്ത വിധം ‘പരിവാഹന്‍’ പോര്‍ട്ടലില്‍ ഇത്തരം വാഹനങ്ങളെ ബ്ലാക്ക്ലിസ്റ്റ് ചെയ്യും. കൂടാതെ, കുടിശ്ശിക തീര്‍പ്പാക്കാതെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ആര്‍.സി, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇ-ചെല്ലാനുകള്‍ വെറുതെ അയച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, പിഴത്തുക കൃത്യമായി ഈടാക്കാന്‍ അധികാരികള്‍ക്ക് കഴിയണമെന്നും കോടതി നിരീക്ഷിച്ചു. ഇത്രയും വലിയ തുക പിഴയിനത്തില്‍ കുടിശ്ശിക കിടക്കുന്നത് നിസ്സാരമായി കാണാനാകില്ല. വന്‍തോതില്‍ നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നത് തടയുന്നതുള്‍പ്പെടെയുള്ള കര്‍ശനമായ രീതികള്‍ നടപ്പിലാക്കാനും സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *