മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം. കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് ആക്രമണമുണ്ടായത്. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പയ്യന്നൂരില്‍ വെച്ചും ആക്രമണമുണ്ടായി. കല്ലുകൊണ്ടും കൈ കൊണ്ടും വാഹനത്തിന് മേല്‍ ആഞ്ഞടിച്ചു. കാസര്‍കോടേയ്ക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. പയ്യന്നൂര്‍ കഴിഞ്ഞതിന് പിന്നാലെ മൂന്നാമതും ഒജെ ജനീഷിന്റെ വാഹനത്തിന് നേരേ പ്രതിഷേധമുണ്ടായി.
കോടിയേരി ബാലകൃഷ്ണന് വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വര്‍ഷം. മികച്ച സംഘാടകനെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും കോടിയേരി ജനമനസ്സ് കവര്‍ന്നു. കോടിയേരിയുടെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല
രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു കോടിയേരി ബാലകൃഷ്ണന്. സംയമനം പാലിക്കേണ്ടിടത്ത് സംയമനം. കണിശമാകേണ്ടിടത്ത് കണിശത. എന്നതായിരുന്നു കോടിയേരിയുടെ ശൈലി. ഏത് പ്രതിസന്ധിയേയും ചിരിച്ചുകൊണ്ട് നേരിട്ട അസാമാന്യ സംഘാടക മികവ് വച്ചുപുലര്‍ത്തിയ നേതാവ്. കെഎസ്എഫില്‍ തുടങ്ങിയ പോരാട്ട ജീവിതം. അടിയന്തരാവസ്ഥക്കാലത്ത് പതിനാറു മാസം ജയില്‍വാസം. പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തനം. മികച്ച ഭരണാധികാരിയെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും തിളങ്ങി, കോടിയേരി.
കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നു കോടിയേരി. പ്രക്ഷോഭ സമരപാതകളില്‍ അവരെ അണിനിരത്തി. വിഎസ് അച്യുതാനന്ദനും പിണറായിക്കുമിടയില്‍ പലതവണ പാലമായി മാറി കോടിയേരി. വിഭാഗീയത ഉയര്‍ന്നുവന്നപ്പോഴും പാര്‍ട്ടി നിലപാടുകളില്‍ ഉറച്ചുനിന്ന് അവയെ ചെറുത്തുകൊണ്ട് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി.
സ്നേഹനിര്‍ഭരമായ പെരുമാറ്റം കൊണ്ട് നാട്ടുകാരുടെ ഹൃദയം കവര്‍ന്ന നേതാവ്. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ പറഞ്ഞു. അസുഖബാധിതനായപ്പോഴും സ്വന്തം ബുദ്ധിമുട്ടുകള്‍ അവഗണിച്ച് പ്രസ്ഥാനത്തിനായി അവസാനം ശ്വാസം വരെ പോരാടി. കോടിയേരി വിട വാങ്ങിയപ്പോള്‍ പകരം വയ്ക്കാനാകാത്ത, കര്‍മധീരനായ ഒരു സഖാവിനെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നഷ്ടമായത്.
ഇരിട്ടി:കുടകില്‍ താമസക്കാരിയായ ഇരിട്ടി സ്വദേശിനിയായ യുവതിക്ക് വിസ വാഗാദാനം ചെയ്ത് പണം തട്ടിയ പ്രതിയെ 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരിട്ടി പൊലിസ് പിടികൂടി.കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി പി.പി അബ്ബാസിനെയാണ് ഇരിട്ടി എസ് ഐ സനീതിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം പിടികൂടിയത്.ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം എസ് സി പി ഒ രതീഷ് , ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ ജയദേവ് ,രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ വയനാടില്‍ നിന്നും പിടികൂടിയത്.
രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 62 മുതല്‍ 71 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 2810 രൂപയായി
ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വിവിധ ആഘോഷങ്ങളും വിശേഷ ദിനങ്ങളും വരാനിരിക്കെയാണ് വിലകുതിച്ചുയര്‍ന്നിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ 2747.50 ആയിരുന്നു ഡല്‍ഹിയില്‍ ഒരു വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില. 62.50 രൂപയാണ് ഡല്‍ഹിയില്‍ വര്‍ധിച്ചത്. അതേസമയം സിലിണ്ടര്‍ ഒന്നിന് മുംബൈയില്‍ വര്‍ധിച്ചിരിക്കുന്നത് 63 രൂപയാണ്. 2701 രൂപയില്‍ നിന്ന് 2764 രൂപയായി സിലിണ്ടര്‍ വില കുതിച്ചുയര്‍ന്നു. ചെന്നൈയില്‍ 65.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു സിലിണ്ടറിന് ഇപ്പോള്‍ നല്‍കേണ്ട വില 2983 രൂപയാണ്. മുമ്പ് ഇത് 2932 രൂപയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങിയേക്കുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6.20 മുതല്‍ രാത്രി 11 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകും. സംസ്ഥാനത്ത് മഴയുടെ സാഹചര്യം നിലവില്‍ ഉണ്ടെങ്കിലും വൈദ്യുതി ആവശ്യകതയില്‍ കുറവ് വന്നിട്ടില്ല. ഏകദേശം 600 മുതല്‍ 800 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. മധ്യപ്രദേശില്‍ നിന്ന് സ്വാപ്പ് കരാര്‍ പ്രകാരം ലഭിച്ചിരുന്ന 200 മെഗവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതല്‍ ലഭ്യമാകും.
വാഹനാപകടത്തില്‍ മരിച്ച നടന് കൊല്ലം സുധിയുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക നല്കാന് വിധി. ഒരു കോടി 77 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണം എന്നാണ് മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ വിധി. കോടതി ചെലവുകള്‍ അടക്കം ചേര്‍ത്താണ് തുക വിധിച്ചിരിക്കുന്നത്. സുധിയുടെ ഭാര്യ, രണ്ടുമക്കള്‍, അമ്മ എന്നിവരാണ് അവകാശികള്‍. സുധിയുടെ കുടുംബത്തിന് വേണ്ടി അഡ്വ. കലേഷ് കുമാര്‍ ഹാജരായി.
30 ദിവസത്തിനകം തുക കോടതിയില്‍ കെട്ടിവയ്ക്കണമെന്നു കോടതി നിര്‍ദേശിച്ചു. 2023 ജൂണില്‍ തൃശ്ശൂര്‍ കയ്പമംഗലത്ത് ദേശീയപാതയിലുണ്ടായ അപകടത്തിലാണ് നടന് കൊല്ലം സുധി മരിച്ചത്. സുധി സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സുധിക്കൊപ്പം ടെലിവിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. കോഴിക്കോട് വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങവേയാണ് അപകടം സംഭവിച്ചത്.
പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പോരായ്മകളില്‍ അതൃപ്തിയറിയിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് മന്ത്രി വിമര്‍ശിച്ചു. ഓരോ ജില്ലകളിലെയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന പറഞ്ഞ മന്ത്രി തിരുവനന്തപുരം ഡിഎംഒ ഏറ്റവും ഒടുവില്‍ വിശദീകരിച്ചാല്‍ മതിയെന്നും പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. പകര്‍ച്ചപ്പനി വ്യാപനം നിസ്സാരമായി കാണരുതെന്ന് മന്ത്രി നിര്‍ദ്ദേശം നല്കി.
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ വിദര്‍ശക്ക് കേരളത്തില്‍ തന്നെ ജോലി നല്‍കുമെന്ന് കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. കായിക മേഖലയില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് ഇനി കായിക വകുപ്പില്‍ തന്നെ ജോലി നല്കാന് ശ്രമിക്കും. അതിലൂടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഉള്‍ക്കൊണ്ട് ഈ വകുപ്പ് മുന്നോട്ടു പോകും. വിദര്ഷയ്ക്ക് ആര്യനാട് ഗ്രാമപഞ്ചായത്ത് നല്കിയ പൗര സ്വീകരണത്തിലാണ് പ്രഖ്യാപനം.
എല്ലാം അഡ്വാന്‍സ് ആയി പ്രഖ്യാപിക്കുകയും ആദ്യം നല്‍കുകയും ചെയ്യുക എന്നത് ആണ് സര്‍ക്കാരിന്റെ നയം. മെഡല്‍ ജേതാക്കള്‍ക്ക് നല്കുവാനുള്ള സാമ്പത്തിക പാരിതോഷികത്തിന്റെ ഫയല്‍ നീക്കം കഴിഞ്ഞു. അത് ഒക്ടോബര്‍ 13ന് ജി വി രാജ ജന്മദിനത്തില് തിരുവനന്തപുരത്ത് വച്ച് നല്‍കും.
വകുപ്പിന് സൂക്ഷ്മതയും വേഗതയും ഉണ്ടാകും. താളം ചവിട്ടിനില്ക്കല് ഉണ്ടാകില്ല. താന്‍ ഷൂട്ടിംഗ് പഠിക്കാന്‍ തീരുമാനിച്ചു. രാഷ്ട്രീയപ്രവര്ത്തകന് എന്നുള്ള നിലയ്ക്ക് അതാണ് നല്ലതെന്ന് തോന്നുന്നുവെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി.
സംസ്ഥാനത്ത് പനി കേസുകളില്‍ കുത്തനെ വര്‍ധന. ഈ മാസം ഇതുവരെ 20 ഇന്‍ഫ്ലുവന്‍സ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നാല് മരണവും 724 രോഗബാധയുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ മാസം ഇന്‍ഫ്ലുവന്‍സ രോഗികളുടെ എണ്ണം 251 ആയി വര്‍ധിച്ചു. ഈ വര്‍ഷം ഇതുവരെ 11,021 പേര്‍ക്ക് ഇന്‍ഫ്ലുവന്‍സ ബാധിക്കുകയും 119 പേര് മരിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്‍ഫ്ലുവന്‍സ കേസുകള്‍ 6182 ആയിരുന്നു. 40 മരണമാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഫ്ലുവന്‍സ മരണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം ഇരട്ടിയായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പനി വന്നാല്‍ എന്തൊക്കെ ശ്രദ്ധിക്കണം പനി, ശരീരവേദന, ജലദോഷം ലക്ഷണങ്ങള്‍ അവഗണിക്കരുത്, ഇന്‍ഫ്ലുവന്‍സയാകാം, ശ്രദ്ധ വേണം. ഇന്‍ഫ്ലുവന്‍സ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം, സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പൂര്‍ണ്ണവിശ്രമം. ധാരാളം വെള്ളം കുടിയ്ക്കണം. രോഗമുണ്ടെങ്കില്‍ മാസ്ക് ധരിക്കുക. പ്രതിരോധശേഷി കുറഞ്ഞവരും മാസ്ക് ധരിക്കുക. പ്രായമായവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക. പനിയുള്ള കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുത്. മരുന്ന് കഴിക്കാന്‍ മടിക്കരുത്. ഡെങ്കിപ്പനിയിലും ജാഗ്രത വേണം വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. കൊതുക് പടരുന്ന് തടയണം. ഇടവിട്ടുള്ള മഴക്കാലത്ത് ഈഡിസ് കൊതുകുകള്‍ പെരുകാം. ഡ്രൈ ഡേ കൃത്യമായി പാലിക്കണം. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച്ച തൊഴിലിടങ്ങളിലും ഞായറാഴ്ച്ച വീടുകകളിലും ഡ്രൈ ഡേ നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. കൊതുക് പ്രജനന സാദ്ധ്യതയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കണം. ഫ്രിഡ്ജിന്റെ പുറകിലെ ട്രെ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രങ്ങള്‍, വെള്ളത്തില്‍ വളര്‍ത്തുന്ന അലങ്കാര ചെടി പാത്രങ്ങള്‍, ഉപയോഗിക്കാത്ത ക്ലോസെറ്റ് ഇതില്ലെല്ലാം കണ്ണ് വേണം. ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി വലിച്ചെറിയരുത്. ടെറസ്, സണ്‍ഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും മൂടിവെയ്ക്കണം. കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കണം. രണ്ടാമതും ഡെങ്കി വന്നാല്‍ ഗുരുതരമാകാം.
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ ഏറെ വിവാദമായ ഫോം സിക്സിലെ അനുബന്ധ ചോദ്യങ്ങള്‍ നീക്കം ചെയ്ത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്. ECINet-ല്‍ നിന്നാണ് അനുബന്ധ ചോദ്യങ്ങള്‍ നീക്കിയത്.
എസ്ഐആറിലെ ഫോം 6- ല്‍ അപേക്ഷകന്റെ രക്ഷകര്‍ത്താവിന്റെയോ മുത്തച്ഛന് മുത്തശ്ശിയുടെയോ മുന്‍എസ്ഐആര്‍ വിവരങ്ങള്‍ തേടുന്ന അനുബന്ധ ചോദ്യം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവെച്ചത്. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണര്‍മാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനോട് എതിര്‍പ്പ് അറിയിച്ചിരുന്നു. ഈ അനുബന്ധ ചോദ്യമാണ് പോര്‍ട്ടലില്‍ നിന്ന് നീക്കം ചെയ്തത്.
എസ്ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നാണ് നീക്കം ചെയ്തത്. എസ്ഐആര്‍ നടപടികള്‍ പുരോഗമിക്കുന്ന സംസ്ഥാനങ്ങളില്‍ തല്‍സ്ഥിതി തുടരും. തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനത്തിന് പിന്നാലെ നാല് ദിവസത്തിന് ശേഷമാണ് നടപടി.