സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. പിഎംഎല്‍എ പ്രകാരം എടുത്ത കേസിലാണ് തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ റെയ്ഡ് നടക്കുന്നത്
അങ്കമാലി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലുണ്ടായിരുന്ന ആളുകളുടെ വീടുകളില്‍ ഉള്‍പ്പെടെ പുലര്‍ച്ചെ റെയ്ഡ് നടക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എറണാകുളത്ത് അഞ്ചിടങ്ങളിലും കോഴിക്കോട് ഏഴിടങ്ങളിലും ഒരേ സമയം പരിശോധനകള്‍ പുരോഗമിക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കൊച്ചി യൂണിറ്റും കോഴിക്കോട് യൂണിറ്റുമാണ് പരിശോധനകള്‍ നടത്തുന്നത്.
സംസ്ഥാനത്ത് അടുത്ത നാല് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇന്നും നാളെയും ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. മിക്ക ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച ആറ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശനിയാഴ്ച ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും, നദീ തീരങ്ങളിലും, വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവിധ വായ്പകള്‍ എടുത്തവര്‍ക്ക് തിരിച്ചടി. റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കൂട്ടി. റിപ്പോ നിരക്ക് 5.5 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഭവന, വാഹന വായ്പകള്‍ക്ക് പലിശ നിരക്ക് ഉയരും. പണനയ കമ്മിറ്റി തീരുമാനം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പ്രഖ്യാപിച്ചത്.
2023 ഫെബ്രുവരിയിലാണ് അവസാനമായി റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചിരുന്നത്. അന്ന് ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി 6.5% ആക്കിയിരുന്നു. 2025 ല്‍ നിരക്ക് കുറയ്ക്കുന്നതുവരെ 2023-24 കാലയളവില്‍ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു. 5.25 ആയിരുന്നു നിലവിലെ റിപ്പോ നിരക്ക്.
ആഗോളതലത്തില്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. വ്യാപാരരംഗത്ത് അനിശ്ചിതത്വം തുടരുകയാണ്. ആഗോള വിപണികളില്‍ പൊതുവില്‍ ദുര്‍ബലമായ ട്രെന്‍ഡുകളാണ് തുടരുന്നത്. ഇറാന് യുദ്ധത്തിന്റെ ആഘാതം വ്യാപാരത്തെയും വിതരണ ശൃംഖലകളെയും തടസപ്പെടുത്തി. ആഗോള സാഹചര്യങ്ങളെല്ലാം പരിഗണിച്ച ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ച് ഒക്ടോബര്‍ 14 ന് നടക്കും. സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും സൗജന്യ യാത്രയ്ക്കായുള്ള ‘പ്രിയദര്‍ശിനി പദ്ധതി’ സൌജന്യ യാത്ര കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. രണ്ടാം ഘട്ടത്തില്‍ ഈ മാസം അവസാനം സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരം നടത്തും. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് പ്രതിഷേധിക്കുന്നത്. പ്രവര്‍ത്തനച്ചെലവിന് ആനുപാതികമായി വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്കുകള്‍ ഉള്‍പ്പെടെയുള്ള ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ ഒക്ടോബര്‍ അവസാന വാരം ഫെഡറേഷന് ഭാരവാഹികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തും. അതിനുശേഷവും നടപടിയുണ്ടായില്ലെങ്കില്‍ നവംബര്‍ ആദ്യവാരം മുതല്‍ സംസ്ഥാനവ്യാപകമായി സര്‍വീസുകള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചിട്ടുണ്ട്
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കേന്ദ്ര ഊര്‍ജ മന്ത്രിയുമായി വി ഡി സതീശന്, സണ്ണി ജോസഫ് എന്നിവര്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്കായി സമയം തേടിയിട്ടുണ്ടെന്നെന്ന് മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. എന്‍.ടി.പി.സി ചെയര്‍മാനുമായി നടത്തിയ ചര്‍ച്ച പൂര്‍ത്തിയായിയെന്നും എന്‍.ടി.പി.സിയുടെ പൂളില്‍ നിന്ന് വൈദ്യതി കേരളത്തിന് ലഭ്യമാകുന്ന കാര്യവും ചര്‍ച്ച ചെയ്തെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കും എന്ന് എന്‍.ടി.പി.സി ചെയര്മാന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തം. വന്ദേമാതരം സെമിനാറിനെതിരെയാണ് വിവിധ വിദ്യാര്‍ത്ഥി സംഘടകള്‍ പ്രതിഷേധിക്കുന്നത്. പൊലീസും വിദ്യാര്‍ത്ഥികളുമായി ഉന്തും തള്ളുമുണ്ടായി. സെമിനാര്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ എസ്എഫ്ഐ, കെഎസ്യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചു
കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇന്നും നാളെയും നടത്താന്‍ തീരുമാനിച്ച വന്ദേമാതരം ദേശീയ സെമിനാര്‍ വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ നീക്കം. പരിപാടിയില്‍ ആര്‍എസ്എസ് ആശയബന്ധമുള്ളവരെ ഉള്‍പ്പെടുത്തിയെന്നും കാവിവല്‍ക്കരണ അജണ്ടയാണ് നടപ്പാക്കുന്നതെന്നും ആരോപിച്ച് എസ്എഫ്ഐ, എംഎസ്എഫ്, എന്എസ്യുഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളാണ് രംഗത്തെത്തിയത്. ആര്‍എസ്എസിന്റെ ബൗദ്ധിക വിഭാഗമായി വിശേഷിപ്പിക്കപ്പെടുന്ന പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കണ്‍വീനര്‍ ജെ നന്ദകുമാര്‍ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്നതാണ് വിവാദമായത്. ആര്‍എസ്എസ് ആഭിമുഖ്യമുള്ള അഖില ഭാരതീയ സാഹിത്യ പരിഷത്ത് സഹസംഘാടകരായതിലും പ്രതിഷേധമുണ്ട്.
നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ കൂട്ട പിരിച്ചുവിടല്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച എന്‍എച്ച്എം കരാര്‍ ജീവനക്കാരെ ആരോഗ്യവകുപ്പ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. 2026 ജൂണിനു മുമ്പ് തയ്യാറാക്കിയ മുഴുവന്‍ ഇന്റര്‍വ്യൂ ലിസ്റ്റും റദ്ദാക്കാന്‍ നിര്‍ദ്ദേശം.തീരുമാനത്തോടെ ആയിരക്കണക്കിന് കരാര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും.
എന്‍എച്ച്എം ജീവനക്കാരുടെ കരാര്‍ കാലാവധി നേരത്തെ 3 മാസം നീട്ടി നല്‍കിയിരുന്നു. കാലാവധി അവസാനിച്ചതോടെ ആണ് സര്‍ക്കാര്‍ തീരുമാനം. നിലവിലെ ആവശ്യകതയും ജോലിഭാരവും കണക്കാക്കി പുതിയ ലിസ്റ്റ് തയാറാക്കാന്‍ നിര്‍ദേശം നല്കി. കഴിവും പ്രാപ്തിയുമുള്ള പുതിയ ആളുകളെ കൊണ്ടുവരാന്‍ വേണ്ടിയാണ് ഇത്തരം നീക്കമെന്ന് ആരോഗ്യ വകുപ്പ് പറയുന്നത്. അസാധാരണമായ നീക്കമാണ് ആരോഗ്യവകുപ്പില്‍ ഉണ്ടായിരിക്കുന്നത്.
ഹിറ്റായ പ്രിയദര്ശിന് പദ്ധതിക്ക് ശേഷം വീണ്ടും സ്ത്രീ സൗഹൃദ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ആര്‍ത്തവ സമയത്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും യാത്രകള്‍ സുഗമമാക്കുന്ന വനിതാ-ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ‘വിമന്‍ ഓണ്‍ ദി മൂവ് ആന്‍ഡ് മെന്‍സ്ട്രല്‍ നീഡ്’ പദ്ധതിക്ക് ഇന്ന് തുടക്കം. കെ.എസ്.ആര്.ടി.സി ടെര്‍മിനലുകള്‍ മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സാനിറ്ററി നാപ്കിന് വെന്‍ഡിംഗ് മെഷീനുകളും ഇന്‍സിനേറ്ററുകളും സ്ഥാപിക്കുന്ന പദ്ധതിയാണിത്. വൈകിട്ട് 5ന് തമ്പാനൂര്‍ കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനലില്‍ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി സി.പി ജോണ്‍ അദ്ധ്യക്ഷത വഹിക്കും. മേയര്‍ വി.വി രാജേഷ് പങ്കെടുക്കും.
യാത്രാവേളയില്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുകയും ഉപയോഗശേഷം പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്നതിന് ഇന്‍സിനറേറ്റര്‍ സൗകര്യം ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു പാക്കറ്റില്‍ മൂന്ന് സാനിറ്ററി നാപ്കിനുകള്‍ ഉണ്ടായിരിക്കും. 10 രൂപയാണ് വില. എച്ച്.എല്‍.എല്ലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 14 ബസ് ടെര്‍മിനലുകളിലാണ് വെന്‍ഡിങ് മെഷീന് സ്ഥാപിക്കുക. ഇതിനുശേഷം കൂടുതല്‍ ഡിപ്പോകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലുമാണ് ഇന്ന് യെല്ലോ അലേര്‍ട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുന്ന ഒക്ടോബര്‍ 9 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പുതിയ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
തുടര്‍ന്നുള്ള ദിവസങ്ങളിലും വിവിധ ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ (സെപ്റ്റംബര്‍ 6) ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, വെള്ളിയാഴ്ച (ഒക്ടോബര്‍ 9 ) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ, ഒക്ടോബര്‍ 7 മുതല്‍ ഒക്ടോബര്‍ 9 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ വീശിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കടലില്‍ പോകുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. കേരള തീരത്തും അതിനോട് ചേര്‍ന്ന കടല്‍ പ്രദേശങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
രാജ്യ തലസ്ഥാന നഗരിയായ ദില്ലിയില്‍ ഓരോ സ്ത്രീക്കും രാത്രിയിലെയടക്കം യാത്രകളില്‍ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. നിര്‍ദ്ദേശങ്ങളും പദ്ധതികളും വെറും കടലാസുകളില്‍ മാത്രം ഒതുങ്ങരുതെന്നും, അത് പ്രയോഗത്തില്‍ വരുത്തി ഫലപ്രദമായ നടപടികളിലേക്ക് പോലീസ് അടിയന്തരമായി കടക്കണമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ അതിശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മടിക്കരുത്. നടപടികളില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നേക്കാമെങ്കിലും പൊലീസ് സ്വന്തം കടമ കൃത്യമായി നിര്‍വ്വഹിക്കണമെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സാമൂഹ്യവിരുദ്ധരുടെയും കുറ്റവാളികളുടെയും മനസ്സുകളില്‍ ഭയം സൃഷ്ടിക്കാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ‘ഇനി കുറ്റം ചെയ്താല്‍ മരണം ഉറപ്പ്’ എന്ന തരത്തിലുള്ള ഭയം കുറ്റവാളികളില്‍ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു.