
രാജ്യ തലസ്ഥാന നഗരിയായ ദില്ലിയില്‍ ഓരോ സ്ത്രീക്കും രാത്രിയിലെയടക്കം യാത്രകളില്‍ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. നിര്‍ദ്ദേശങ്ങളും പദ്ധതികളും വെറും കടലാസുകളില്‍ മാത്രം ഒതുങ്ങരുതെന്നും, അത് പ്രയോഗത്തില്‍ വരുത്തി ഫലപ്രദമായ നടപടികളിലേക്ക് പോലീസ് അടിയന്തരമായി കടക്കണമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ അതിശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മടിക്കരുത്. നടപടികളില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നേക്കാമെങ്കിലും പൊലീസ് സ്വന്തം കടമ കൃത്യമായി നിര്‍വ്വഹിക്കണമെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സാമൂഹ്യവിരുദ്ധരുടെയും കുറ്റവാളികളുടെയും മനസ്സുകളില്‍ ഭയം സൃഷ്ടിക്കാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ‘ഇനി കുറ്റം ചെയ്താല്‍ മരണം ഉറപ്പ്’ എന്ന തരത്തിലുള്ള ഭയം കുറ്റവാളികളില്‍ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു.














