
കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തം. വന്ദേമാതരം സെമിനാറിനെതിരെയാണ് വിവിധ വിദ്യാര്‍ത്ഥി സംഘടകള്‍ പ്രതിഷേധിക്കുന്നത്. പൊലീസും വിദ്യാര്‍ത്ഥികളുമായി ഉന്തും തള്ളുമുണ്ടായി. സെമിനാര്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചു
കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇന്നും നാളെയും നടത്താന്‍ തീരുമാനിച്ച വന്ദേമാതരം ദേശീയ സെമിനാര്‍ വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ നീക്കം. പരിപാടിയില്‍ ആര്‍എസ്എസ് ആശയബന്ധമുള്ളവരെ ഉള്‍പ്പെടുത്തിയെന്നും കാവിവല്‍ക്കരണ അജണ്ടയാണ് നടപ്പാക്കുന്നതെന്നും ആരോപിച്ച് എസ്എഫ്‌ഐ, എംഎസ്എഫ്, എന്‍എസ്‌യുഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളാണ് രംഗത്തെത്തിയത്. ആര്‍എസ്എസിന്റെ ബൗദ്ധിക വിഭാഗമായി വിശേഷിപ്പിക്കപ്പെടുന്ന പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കണ്‍വീനര്‍ ജെ നന്ദകുമാര്‍ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്നതാണ് വിവാദമായത്. ആര്‍എസ്എസ് ആഭിമുഖ്യമുള്ള അഖില ഭാരതീയ സാഹിത്യ പരിഷത്ത് സഹസംഘാടകരായതിലും പ്രതിഷേധമുണ്ട്.














