മകരവിളക്കിന് വേണ്ട മുഴുവന്‍ സുരക്ഷ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. മകരവിളക്ക് ഡ്യൂട്ടിക്കായി 5000 പൊലീസുകാരെ വിവിധ ഇടങ്ങളിലായി വിന്യസിച്ചു. മകരജ്യോതി ദര്‍ശനത്തിന് ഭക്തര്‍ കയറുന്ന ഉയര്‍ന്ന സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. മണ്ഡല മകരവിളക്ക് സീസണില്‍ നല്ല ആസൂത്രണത്തോടെയാണ് പൊലീസ് ചുമതല നിര്‍വഹിച്ചതെന്നും ശബരിമല സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ജനുവരി 14ന് ഉച്ചയ്ക്ക് ചെറിയാനവട്ടത്ത് എത്തും. തുടര്‍ന്ന് നീലിമല താണ്ടി വൈകീട്ട് അഞ്ച് മണിയ്ക്ക് ശരംകുത്തിയില്‍ എത്തിച്ചേരും. ശരംകുത്തിയില്‍ വെച്ച് ഘോഷയാത്രയെ ദേവസ്വം പ്രതിനിധികള്‍ ചേര്‍ന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന സമയത്ത് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ അലയമണ്‍ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്‌കോറും, തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രം 85.83 ശതമാനം സ്‌കോറും, എറണാകുളം ജില്ലയിലെ കട്ടിങ് പ്ലാന്റേഷന്‍ ജനകീയ ആരോഗ്യ കേന്ദ്രം 88.47 ശതമാനം സ്‌കോറും, വയനാട് ജില്ലയിലെ വടക്കനാട് ജനകീയ ആരോഗ്യ കേന്ദ്രം 90.55 ശതമാനം സ്‌കോറും നേടിയാണ് എന്‍.ക്യു.എ.എസ്. കരസ്ഥമാക്കിയത്. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്നത്. 2023ല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് ആര്‍ദ്രം മിഷന്റെ ഭാഗമായി 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഉപകരണങ്ങളും ആരോഗ്യ സേവനങ്ങളും 36 ഇനം മരുന്നുകളും 10 തരം ലാബ് പരിശോധനകളും ലഭ്യമാക്കുന്നു. ഇതിലൂടെ വാര്‍ഡ് തലം മുതലുള്ള ആരോഗ്യ സേവനങ്ങള്‍ ശാക്തീകരിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ലഭിച്ച എന്‍.ക്യു.എ.എസ് അംഗീകാരം. കൂടുതല്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍.ക്യു.എ.എസ് അംഗീകാരം നേടാനുള്ള തയ്യാറെടുപ്പിലാണ്.
ഇതോടെ സംസ്ഥാനത്തെ 197 ആശുപത്രികള്‍ എന്‍.ക്യു.എ.എസ് അംഗീകാരവും 83 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 133 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 3 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ് അംഗീകാരം നേടി.
എന്‍.ക്യു.എ.എസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.
കണ്ണൂര്‍:ജില്ലയിലെ വിവിധ ദേശീയ ആരോഗ്യ പരിപാടികളുടെ നടത്തിപ്പ് പരിശോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര കുടുംബ ക്ഷേമ കാര്യമന്ത്രാലയത്തിന്റെ റീജിയണല്‍ ഓഫീസില്‍ നിന്നുള്ള സംഘം ജില്ല സന്ദര്‍ശിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ ശനത്തില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ സംഘം പരിശോധിച്ചു. വിവിധ പകര്‍ച്ച പകര്‍ച്ചേതര വ്യാധികളുടെ വ്യാപനം വിലയിരുത്തി. ദേശീയ ആരോഗ്യ പരിപാടികളുടെ നടത്തിപ്പില്‍ സംഘം തൃപ്തി രേഖപ്പെടുത്തി. ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനര്‍ഹമാണെന്നും കേന്ദ്രസംഘം അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തിയ സംഘം ഡി.എം.ഒ ഡോ. പിയുഷ് എം നമ്പൂതിരിപ്പാടിന്റെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി ഡി.എം.ഒ മാര്‍, വിവിധ ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. താലൂക്ക് ഹോസ്പിറ്റല്‍ പഴയങ്ങാടി, സാമൂഹിക ആരോഗ്യ കേന്ദ്രം ഇരിവേരി, കുടുംബാരോഗ്യ കേന്ദ്രം കൂടാളി, ജില്ലാ ടി ബി സെന്റര്‍, ജില്ലാ ഡിവിസി കണ്‍ട്രോള്‍ യൂണിറ്റ്, വിവിധ സബ് സെന്ററുകള്‍ എന്നിവ സന്ദര്‍ശിച്ചു. രജിസ്റ്ററുകള്‍ പരിശോധിക്കുകയും വിവിധ സ്‌കീമുകളുടെ ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് വിലയിരുത്തുകയും ചെയ്തു. റീജിയണല്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ വി എല്‍ ഹരിത, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം എ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.
അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ 2°C മുതല്‍ 3°C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഉയര്‍ന്ന ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സൂര്യാഘാതം ഏല്‍ക്കാതെ സൂക്ഷിക്കണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
നിര്‍ദേശങ്ങള്‍
പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്. മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക. പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക. യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റ് വളര്‍ത്ത് മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
പേരാവൂര്‍:വിജയവാഡയില്‍ വെച്ച് നടക്കുന്ന 14 ാമത് ദേശീയ ലങ്കാഡി ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ ഗേള്‍സ് ടീമിന്റെ ക്യാപ്റ്റന്‍ ആയി ആല്‍ഫി ബിജുവിനെയും, വൈസ് ക്യാപ്റ്റന്‍ ആയി റന ഫാത്തിമയെയും തെരഞ്ഞെടുത്തു.വിജയവാഡയില്‍ വെച്ച് 10 മുതല്‍ 12 വരെ ആണ് ദേശീയ ലങ്കാഡി ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.ആല്‍ഫി കൊളക്കാട് സന്തോം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ +2 വിദ്യാര്‍ത്ഥി ആണ് തൊണ്ടിയില്‍ കിഴക്കേമാവടി മഞ്ഞപ്പള്ളിയില്‍ ബിജു ജോസഫിന്റെയും ജിഷി ബിജുവിന്റെയും മകള്‍ ആണ്. റന ഫാത്തിമ പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ 9 ക്ലാസ്സ് വിദ്യാര്‍ത്ഥി ആണ്. തൊണ്ടിയില്‍ കാഞ്ഞിരപുഴയിലെ മുണ്ടയില്‍ അയൂബ്ബ്,സുഫീറ ദമ്പതികളുടെ മകള്‍ ആണ്.തങ്കച്ചന്‍ കോക്കാട്ട് ആണ് പരിശീലകന്‍.
വയനാട് തിരുനെല്ലി മുള്ളന്‍കൊല്ലിയില്‍ പരുക്കേറ്റ കുട്ടിയാന നാട്ടിലിറങ്ങി. വന്യജീവി ആക്രമണത്തിലാണ് പരുക്കേറ്റതെന്ന് കരുതുന്നു. ആനയെ വനം വകുപ്പ് പിടികൂടി ശുശ്രൂഷ നല്‍കി.
തൃശ്ശിലേരിയിലെ വനമേഖലയില്‍ നിന്നാണ് കുട്ടിയാന എത്തിയത്. കാലിനും തുമ്പിക്കൈക്കും സാരമായ പരിക്കുണ്ടായിരുന്നു. കാടോരത്ത് താമസിക്കുന്നവര്‍ പുലര്‍ച്ചെ മുതല്‍ തള്ളയാനയുടെ കരച്ചില്‍ കേട്ടിരുന്നു. ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കുട്ടിയാന തോട്ടങ്ങളിലും വീടുകള്‍ക്ക് സമീപത്തും കറങ്ങി നടന്നു.
കാലിനും തുമ്പിക്കൈക്കും നല്ല പരിക്കുണ്ടായിരുന്നു. ഡി എഫ് ഓ മാര്‍ട്ടിന്‍ ലോവല്‍, വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ അജേഷ് മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി. വല വീശുന്നതിനിടയില്‍ കുട്ടിയാന ഓട്ടം തുടങ്ങി. ഒടുവില്‍ സമീപത്തെ വീടിന്റെ മാവിന് താഴെ വച്ച് പിടികൂടി. ഒരു വയസ്സുള്ള കുട്ടിയാനയാണിത്. ആനയുടെ കാല്‍പാദം തകര്‍ന്ന നിലയിലാണ്. തോല്‍പ്പെട്ടിയില്‍ എത്തിച്ച് ശുശ്രൂഷ നല്‍കി. നിരീക്ഷണത്തില്‍ തുടരുകയാണ് കുട്ടിയാന.
കണ്ണൂര്‍:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാല്‍ ബീച്ച്. ഡെന്‍മാര്‍ക്ക് ആസ്ഥാനമായി ലോകത്ത് 51 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജുക്കേഷന്‍ (എഫ്ഇഇ) എന്ന സംഘടനയാണ് വിശദമായ പരിശോധനകള്‍ക്കു ശേഷം ബ്ലൂ ഫ്ളാഗ് പദവി നല്‍കിയത്. സംസ്ഥാനത്ത് ബ്ലൂ ഫ്ളാഗ് അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ബീച്ചാണ് ചാല്‍ ബീച്ച്. രാജ്യത്ത് 13 ബീച്ചുകള്‍ക്കാണ് ഈ വര്‍ഷം ബ്ലൂ ഫ്ളാഗ് അംഗീകാരം ലഭിച്ചത്. അഴീക്കോട് എംഎല്‍എ കെ വി സുമേഷാണ് ചാല്‍ ബീച്ചിന് ബ്ലൂ ഫ്ളാഗ് ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ചെയര്‍മാനായ ചാല്‍ ബീച്ച് മാനേജ്മെന്റ് കമ്മിറ്റി അസി. കലക്ടര്‍ ഗ്രന്ഥേ സായികൃഷ്ണയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ജൈവവൈവിധ്യ സമ്പന്നമായ ചാല്‍ ബീച്ചില്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നടത്തിയ പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളാണ് ബ്ലൂ ഫ്‌ളാഗ് ലഭിക്കാന്‍ വഴിയൊരുക്കിയത്. ജനുവരി ഒമ്പതിന് അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജുക്കേഷന്‍ (സിഇഇ) കാമ്പസില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ചാല്‍ ബീച്ചിനു വേണ്ടി ഡിടിപിസി ബീച്ച് മാനേജര്‍ പി ആര്‍ ശരത്കുമാര്‍ പതാക ഏറ്റുവാങ്ങി. ബ്ലൂ ഫ്ലാഗ് പ്രവര്‍ത്തനങ്ങളുടെ അവലോകനം, ചാല്‍ ബീച്ചില്‍ ബ്ലൂ ഫ്ളാഗ് അവാര്‍ഡ് ലഭ്യമാക്കാനായി നടത്തിയ മാനദണ്ഡങ്ങളുടെ പ്രസന്റേഷന്‍, ഗ്രൂപ്പ് ഡിസ്‌കഷന്‍ തുടങ്ങിയവ നടന്നു. ഗുജറാത്ത് ടൂറിസം സെക്രട്ടറി രാജേന്ദര്‍ കുമാര്‍, എഫ്ഇഇ സിഇഒ ഡാനിയല്‍ ഷാഫര്‍, ബ്ലൂ ഫ്ളാഗ് ദേശീയ ജൂറി അംഗം ഡോ. അലക്സ് സക്സേന, ബ്ലൂ ഫ്ളാഗ് ഇന്ത്യ നാഷനല്‍ ഓപ്പറേറ്റര്‍ ഡോ. ശ്രീജി കുറുപ്പ്, ആന്ധ്ര പ്രദേശ് ടൂറിസം അതോറിറ്റി അസി. ഡയറക്ടര്‍ ഡോ. ലജന്തി നായിഡു, സിഇഇ ഗവേണിംഗ് കൗണ്‍സില്‍ അംഗം പ്രസാദ് മേനോന്‍, ജപ്പാന്‍ അലയന്‍സ് ഓഫ് ട്രാവല്‍ ഏജന്റ്സിന്റെ മസാരു തകായാമ എന്നിവര്‍ പങ്കെടുത്തു. തടസ്സങ്ങളില്ലാതെ ഉപയോഗിക്കാവുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത, കുറഞ്ഞ ചെലവിലുള്ള പരിസ്ഥിതി സൗഹൃദ മാതൃക പ്രദര്‍ശിപ്പിച്ചതിന് എഫ്ഇഇ ഇന്റര്‍നാഷണലും ദേശീയ ജൂറിയും ബ്ലൂ ഫ്ലാഗ് ഇന്ത്യ നാഷണല്‍ കോര്‍ഡിനേറ്ററും ചാല്‍ ബീച്ചിനെ പ്രത്യേകം അഭിനന്ദിച്ചു. ജനപ്രതിനിധികള്‍, പഞ്ചായത്ത്, കുടുംബശ്രീ എസ്എച്ച്ജി അംഗങ്ങള്‍, സോഷ്യല്‍ ഫോറസ്ട്രി, പ്രോആക്ടീവ് ടൂറിസം വകുപ്പ്, സുസ്ഥിര ടൂറിസം രീതികള്‍ സ്വീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ജില്ലാ ഭരണകൂടം എന്നിവരുടെ പങ്കാളിത്തത്തെ പ്രത്യേകം അഭിനന്ദിച്ചു.
മകരവിളക്കിനൊരുങ്ങി ശബരിമല. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. തിരക്ക് മുന്നില്‍ കണ്ട് തീര്‍ത്ഥാടകര്‍ക്കായി ഇത്തവണ കൂടുതല്‍ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും എര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മകരവിളക്ക്. ഭക്തലക്ഷങ്ങളുടെ ശരണം വിളിയുടെ വിശുദ്ധിയുമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയാന്‍ ഇനി 4 നാളുകള്‍ കൂടി.
തയ്യാറെടുപ്പുകളെല്ലാം ഇന്നും നാളെയുമായി പൂര്‍ത്തിയാകും. പന്ത്രണ്ടിന് ഉച്ചയ്ക്കാണ് പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര തുടങ്ങുക. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ സഞ്ചരിച്ച് ജനുവരി 14ന് വൈകിട്ട് ഘോഷയാത്ര സന്നിധാനത്ത് എത്തും. തുടര്‍ന്ന് അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന. പിന്നീട് പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിയും. ഇതേസമയം ആകാശത്ത് മകര നക്ഷത്രവും ദൃശ്യമാകും.
ഭക്തജന തിരക്ക് നിയന്ത്രിക്കാന്‍ നിരവധി ക്രമീകരണങ്ങള്‍ ഇതിനോടകം ഏര്‍പ്പെടുത്തി കഴിഞ്ഞു. വിര്‍ച്വല്‍ ക്യു, സ്‌പോട്ട് ബുക്കിംഗ് എന്നിവ നിജപ്പെടുത്തിയതാണ് പ്രധാനം. സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ നിലക്കലിലേക്ക് മാറ്റി കഴിഞ്ഞു. പമ്പയില്‍ നിന്ന് 800 ഓളം കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാകും. പമ്പ ഹില്‍ ടോപ്പിലെ വാഹന പാര്‍ക്കിംഗ് ചാലക്കയം, നിലക്കല്‍ എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
നാളെ മുതല്‍ പതിനാലു വരെ മുക്കുഴി കാനനപാത വഴി ഭക്തര്‍ക്ക് പ്രവേശനവുമുണ്ടാകില്ല. മകരവിളക്ക് കഴിഞ്ഞു 15, 16, 17 ,18 തീയതികളില്‍ തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരമുണ്ടാകും. അതിനാല്‍ പ്രായമായവരും കുട്ടികളും 14ന് സന്നിധാനത്തേക്ക് എത്തുന്നത് ഒഴിവാക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ത്ഥന.
ഭാരത് സീരിസ് പ്രകാരം കേരളത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നല്‍കിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോള്‍ വീണ്ടും രജിസ്‌ട്രേഷന്‍ ആവശ്യമില്ല. സംസ്ഥാന രജിസ്‌ട്രേഷനുളള വാഹനങ്ങള്‍ ഒരു വര്‍ഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാന്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ടതുണ്ട്.
ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം കൊണ്ടുവരുന്നതിനും അവിടെ ആ വാഹനം ഉപയോഗിക്കുന്നതിനും കടമ്പകള്‍ ഏറെയാണ്. ആ കടമ്പകള്‍ ഇല്ലാതാക്കുകയാണു കേന്ദ്ര സര്‍ക്കാര്‍ ബിഎച്ച് (BH) വാഹന രജിസ്‌ട്രേഷനിലൂടെ. എന്താണ് ബിഎച്ച് രജിസ്‌ട്രേഷന്‍, പഴയ വാഹനങ്ങളും ബിഎച്ച് സീരിസിലേക്ക് മാറ്റാന്‍ കഴിയുമോ ഇതേക്കുറിച്ചൊക്കെയുള്ള കാര്യങ്ങള്‍ വായിക്കാം.
എന്താണ് ബിഎച്ച് അഥവാ ഭാരത് രജിസ്‌ട്രേഷന്‍?
വാഹനലോകത്തെ ചര്‍ച്ചാവിഷയമാണ് ഭാരത് സീരീസ്. രാജ്യത്ത് എവിടെയും ഉപയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനമാണ് ബിഎച്ച് അഥവാ ഭാരത് സീരീസ് രജിസ്ട്രേഷന്‍. 2021ലാണ് ഭാരത് സീരീസ് എന്ന സംവിധാനത്തിനായി കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്.
എന്തിനാണ് വാഹന രജിസ്‌ട്രേഷനില്‍ ബിഎച്ച് സംവിധാനം?
വാഹന രജിസ്‌ട്രേഷനിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് സീരീസ് എന്ന ഏകീകൃത സംവിധാനം തുടങ്ങിയത്. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ വാഹന രജിസ്‌ട്രേഷന്‍ ഒഴിവാക്കാനാണ് പുതിയ സംവിധാനം.
ആദ്യം പുതിയവാഹനങ്ങള്‍ക്ക് മാത്രമാണ് ബിഎച്ച് രജിസ്‌ട്രേഷന്‍ അനുവദിച്ചിരുന്നത്. പുതിയ വിജ്ഞാപനം പ്രകാരം പഴയ വാഹനങ്ങള്‍ക്കും ബിഎച്ച് സീരീസില്‍ രജിസ്റ്റര്‍ ചെയ്യാം.
ഭാവഗായകന്‍ പി ജയചന്ദ്രന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി. അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേര്‍ത്ത് നിര്‍ത്തിയ പ്രിയ ഗായകനാണ് വിട വാങ്ങിയത്. അര്‍ബുദബാധയെ തുടര്‍ന്ന് എണ്‍പതാം വയസിലായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. നാളെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പറവൂര്‍ ചേന്ദമംഗലത്താണ് സംസ്‌കാരം.
ഇന്നലെ രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പി ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ലളിത. മകള്‍ ലക്ഷ്മി. മകന്‍ ഗായകന്‍ കൂടിയായ ദിനനാഥന്‍.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങള്‍ പി ജയചന്ദ്രന്‍ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സര്‍ക്കാരിന്റെ ജെസി ഡാനിയല്‍ പുരസ്‌കാരം ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം എന്നിവയും ലഭിച്ചു.