കണ്ണൂര്‍:ജില്ലയിലെ വിവിധ ദേശീയ ആരോഗ്യ പരിപാടികളുടെ നടത്തിപ്പ് പരിശോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര കുടുംബ ക്ഷേമ കാര്യമന്ത്രാലയത്തിന്റെ റീജിയണല്‍ ഓഫീസില്‍ നിന്നുള്ള സംഘം ജില്ല സന്ദര്‍ശിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ ശനത്തില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ സംഘം പരിശോധിച്ചു. വിവിധ പകര്‍ച്ച പകര്‍ച്ചേതര വ്യാധികളുടെ വ്യാപനം വിലയിരുത്തി. ദേശീയ ആരോഗ്യ പരിപാടികളുടെ നടത്തിപ്പില്‍ സംഘം തൃപ്തി രേഖപ്പെടുത്തി. ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനര്‍ഹമാണെന്നും കേന്ദ്രസംഘം അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തിയ സംഘം ഡി.എം.ഒ ഡോ. പിയുഷ് എം നമ്പൂതിരിപ്പാടിന്റെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി ഡി.എം.ഒ മാര്‍, വിവിധ ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. താലൂക്ക് ഹോസ്പിറ്റല്‍ പഴയങ്ങാടി, സാമൂഹിക ആരോഗ്യ കേന്ദ്രം ഇരിവേരി, കുടുംബാരോഗ്യ കേന്ദ്രം കൂടാളി, ജില്ലാ ടി ബി സെന്റര്‍, ജില്ലാ ഡിവിസി കണ്‍ട്രോള്‍ യൂണിറ്റ്, വിവിധ സബ് സെന്ററുകള്‍ എന്നിവ സന്ദര്‍ശിച്ചു. രജിസ്റ്ററുകള്‍ പരിശോധിക്കുകയും വിവിധ സ്‌കീമുകളുടെ ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് വിലയിരുത്തുകയും ചെയ്തു. റീജിയണല്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ വി എല്‍ ഹരിത, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം എ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.