കണ്ണൂര്‍:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാല്‍ ബീച്ച്. ഡെന്‍മാര്‍ക്ക് ആസ്ഥാനമായി ലോകത്ത് 51 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജുക്കേഷന്‍ (എഫ്ഇഇ) എന്ന സംഘടനയാണ് വിശദമായ പരിശോധനകള്‍ക്കു ശേഷം ബ്ലൂ ഫ്ളാഗ് പദവി നല്‍കിയത്. സംസ്ഥാനത്ത് ബ്ലൂ ഫ്ളാഗ് അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ബീച്ചാണ് ചാല്‍ ബീച്ച്. രാജ്യത്ത് 13 ബീച്ചുകള്‍ക്കാണ് ഈ വര്‍ഷം ബ്ലൂ ഫ്ളാഗ് അംഗീകാരം ലഭിച്ചത്.
അഴീക്കോട് എംഎല്‍എ കെ വി സുമേഷാണ് ചാല്‍ ബീച്ചിന് ബ്ലൂ ഫ്ളാഗ് ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ചെയര്‍മാനായ ചാല്‍ ബീച്ച് മാനേജ്മെന്റ് കമ്മിറ്റി അസി. കലക്ടര്‍ ഗ്രന്ഥേ സായികൃഷ്ണയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
ജൈവവൈവിധ്യ സമ്പന്നമായ ചാല്‍ ബീച്ചില്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നടത്തിയ പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളാണ് ബ്ലൂ ഫ്‌ളാഗ് ലഭിക്കാന്‍ വഴിയൊരുക്കിയത്. ജനുവരി ഒമ്പതിന് അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജുക്കേഷന്‍ (സിഇഇ) കാമ്പസില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ചാല്‍ ബീച്ചിനു വേണ്ടി ഡിടിപിസി ബീച്ച് മാനേജര്‍ പി ആര്‍ ശരത്കുമാര്‍ പതാക ഏറ്റുവാങ്ങി. ബ്ലൂ ഫ്ലാഗ് പ്രവര്‍ത്തനങ്ങളുടെ അവലോകനം, ചാല്‍ ബീച്ചില്‍ ബ്ലൂ ഫ്ളാഗ് അവാര്‍ഡ് ലഭ്യമാക്കാനായി നടത്തിയ മാനദണ്ഡങ്ങളുടെ പ്രസന്റേഷന്‍, ഗ്രൂപ്പ് ഡിസ്‌കഷന്‍ തുടങ്ങിയവ നടന്നു.
ഗുജറാത്ത് ടൂറിസം സെക്രട്ടറി രാജേന്ദര്‍ കുമാര്‍, എഫ്ഇഇ സിഇഒ ഡാനിയല്‍ ഷാഫര്‍, ബ്ലൂ ഫ്ളാഗ് ദേശീയ ജൂറി അംഗം ഡോ. അലക്സ് സക്സേന, ബ്ലൂ ഫ്ളാഗ് ഇന്ത്യ നാഷനല്‍ ഓപ്പറേറ്റര്‍ ഡോ. ശ്രീജി കുറുപ്പ്, ആന്ധ്ര പ്രദേശ് ടൂറിസം അതോറിറ്റി അസി. ഡയറക്ടര്‍ ഡോ. ലജന്തി നായിഡു, സിഇഇ ഗവേണിംഗ് കൗണ്‍സില്‍ അംഗം പ്രസാദ് മേനോന്‍, ജപ്പാന്‍ അലയന്‍സ് ഓഫ് ട്രാവല്‍ ഏജന്റ്സിന്റെ മസാരു തകായാമ എന്നിവര്‍ പങ്കെടുത്തു.
തടസ്സങ്ങളില്ലാതെ ഉപയോഗിക്കാവുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത, കുറഞ്ഞ ചെലവിലുള്ള പരിസ്ഥിതി സൗഹൃദ മാതൃക പ്രദര്‍ശിപ്പിച്ചതിന് എഫ്ഇഇ ഇന്റര്‍നാഷണലും ദേശീയ ജൂറിയും ബ്ലൂ ഫ്ലാഗ് ഇന്ത്യ നാഷണല്‍ കോര്‍ഡിനേറ്ററും ചാല്‍ ബീച്ചിനെ പ്രത്യേകം അഭിനന്ദിച്ചു. ജനപ്രതിനിധികള്‍, പഞ്ചായത്ത്, കുടുംബശ്രീ എസ്എച്ച്ജി അംഗങ്ങള്‍, സോഷ്യല്‍ ഫോറസ്ട്രി, പ്രോആക്ടീവ് ടൂറിസം വകുപ്പ്, സുസ്ഥിര ടൂറിസം രീതികള്‍ സ്വീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ജില്ലാ ഭരണകൂടം എന്നിവരുടെ പങ്കാളിത്തത്തെ പ്രത്യേകം അഭിനന്ദിച്ചു.