വയനാട് തിരുനെല്ലി മുള്ളന്‍കൊല്ലിയില്‍ പരുക്കേറ്റ കുട്ടിയാന നാട്ടിലിറങ്ങി. വന്യജീവി ആക്രമണത്തിലാണ് പരുക്കേറ്റതെന്ന് കരുതുന്നു. ആനയെ വനം വകുപ്പ് പിടികൂടി ശുശ്രൂഷ നല്‍കി.
തൃശ്ശിലേരിയിലെ വനമേഖലയില്‍ നിന്നാണ് കുട്ടിയാന എത്തിയത്. കാലിനും തുമ്പിക്കൈക്കും സാരമായ പരിക്കുണ്ടായിരുന്നു. കാടോരത്ത് താമസിക്കുന്നവര്‍ പുലര്‍ച്ചെ മുതല്‍ തള്ളയാനയുടെ കരച്ചില്‍ കേട്ടിരുന്നു. ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കുട്ടിയാന തോട്ടങ്ങളിലും വീടുകള്‍ക്ക് സമീപത്തും കറങ്ങി നടന്നു.
കാലിനും തുമ്പിക്കൈക്കും നല്ല പരിക്കുണ്ടായിരുന്നു. ഡി എഫ് ഓ മാര്‍ട്ടിന്‍ ലോവല്‍, വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ അജേഷ് മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി. വല വീശുന്നതിനിടയില്‍ കുട്ടിയാന ഓട്ടം തുടങ്ങി. ഒടുവില്‍ സമീപത്തെ വീടിന്റെ മാവിന് താഴെ വച്ച് പിടികൂടി. ഒരു വയസ്സുള്ള കുട്ടിയാനയാണിത്. ആനയുടെ കാല്‍പാദം തകര്‍ന്ന നിലയിലാണ്. തോല്‍പ്പെട്ടിയില്‍ എത്തിച്ച് ശുശ്രൂഷ നല്‍കി. നിരീക്ഷണത്തില്‍ തുടരുകയാണ് കുട്ടിയാന.