Hivision Channel

latest news

കല്ലുമുട്ടി ശ്രീനാരായണ ഗുരു മന്ദിരത്തില്‍ ഗുരു പൂജ, സമൂഹ പ്രാര്‍ത്ഥന എന്നിവ നടന്നു

കല്ലുമുട്ടി: ശ്രീ നാരായണ ഗുരുദേവന്റെ 95-ാം മഹാസമാധി ദിനത്തിന്റെ ഭാഗമായി ഇരിട്ടി എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തില്‍ കല്ലുമുട്ടി ശ്രീനാരായണ ഗുരു മന്ദിരത്തില്‍ നടത്തിയ പരിപാടിയില്‍ ഗുരു പൂജ, സമൂഹ പ്രാര്‍ത്ഥന എന്നിവ നടന്നു. എ.എന്‍ സുകുമാരന്‍ മാസ്റ്റര്‍, ലക്ഷ്മിക്കുട്ടി ടീച്ചര്‍, പി.കെ രാമന്‍ മാസ്റ്റര്‍,
പി.പി കുഞ്ഞൂഞ്ഞ്, വി. ഭാസ്‌കരന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി പി.എന്‍ ബാബു, പ്രസിഡണ്ട് കെ.വി അജി, കെ.കെ സോമന്‍, കെ.എം രാജന്‍, പി.ജി രാമകൃഷ്ണന്‍, എ.എം കൃഷ്ണന്‍കുട്ടി, ചന്ദ്രമതി ടീച്ചര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

യൂട്യൂബ് വീഡിയോകളില്‍ മറ്റുള്ളവരുടെ പാട്ടുകള്‍ ചേര്‍ക്കാം; ക്രിയേറ്റര്‍ മ്യൂസിക് എന്ന പുതിയ സംവിധാനവുമായി യൂട്യൂബ്

ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ദൈര്‍ഘ്യമേറിയ വീഡിയോകളില്‍ ലൈസന്‍സുള്ള പാട്ടുകള്‍ ഉപയോഗിക്കാനാകുന്ന പുതിയ സൗകര്യവുമായി യൂട്യൂബ്.ക്രിയേറ്റര്‍മാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ഗുണമേന്മയുള്ള മ്യൂസിക് ലൈസന്‍സുകള്‍ വാങ്ങാനും അവ ഉള്‍പ്പെടുത്തിയ വീഡിയോകളില്‍ നിന്ന് വരുമാനമുണ്ടാക്കാനും സാധിക്കും. പാട്ട് ഉപയോഗിക്കാത്ത വീഡിയോകളില്‍ ലഭിക്കുന്ന അതേ വരുമാനം ഈ പാട്ടുകള്‍ ഉപയോഗിച്ച വീഡിയോകളില്‍ നിന്നുണ്ടാക്കാം.ക്രിയേറ്റര്‍ മ്യൂസിക് എന്ന പുതിയ സംവിധാനമാണ് ഇതിനായി അവതരിപ്പിക്കുക. ഇതില്‍ നിന്നും ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കാനാവും.
നിലവില്‍ നമ്മള്‍ യൂട്യൂബില്‍ പങ്കുവെക്കുന്ന വീഡിയോയില്‍ മറ്റൊരാളുടെയോ സ്ഥാപനത്തിന്റേയോ ഉടമസ്ഥതയിലുള്ള പാട്ടുകള്‍ ഉപയോഗിച്ചാല്‍ നമ്മളുടെ വീഡിയോയില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്ക് പാട്ടിന്റെ യഥാര്‍ത്ഥ ഉടമയുമായി പങ്കുവെക്കപ്പെടും.ക്രിയേറ്റര്‍ മ്യൂസികില്‍ നിന്നുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവ ഉപയോഗിച്ചതിന്റെ പേരില്‍ വീഡിയോയില്‍ നിന്നുള്ള വരുമാനം കുറയില്ല.എന്നാല്‍ ലൈസന്‍സ് വാങ്ങാതെ പാട്ട് ഉപയോഗിച്ചാല്‍ വരുമാനം പങ്കുവെക്കേണ്ടി വരും.നിലവില്‍ യുഎസില്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ് ഈ സൗകര്യം. അടുത്ത വര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്കായി അവതരിപ്പിച്ചേക്കും.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇനി ലൈവ്

സുപ്രീംകോടതി ഭരണഘടന ബഞ്ചിലെ നടപടികള്‍ ഓണ്‍ലൈനിലൂടെ തത്സമയം കാണിക്കാന്‍ തീരുമാനം. ഇന്നലെ വൈകിട്ട് ചീഫ് ജസ്റ്റിസ് വിളിച്ച് ചേര്‍ത്ത ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന് അനുവാദം നല്‍കിയത്. ചൊവ്വാഴ്ച ലൈവ് സ്ട്രീമിംഗ് തുടങ്ങാനാണ് ധാരണ. ദില്ലിയിലെ അധികാര തര്‍ക്കം പരിഗണിക്കുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബഞ്ചിന്റെ നടപടികളാകും ആദ്യം തത്സമയം നല്‍കുക. സുപ്രീംകോടതി നടപടിയാകെ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിന്റെ തുടക്കമാവുമിതെന്നാണ് സൂചന. ലൈവ് സ്ട്രീമിംഗ് മാധ്യമങ്ങള്‍ക്കും സംപ്രേക്ഷണം ചെയ്യാമോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.

ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണവും ഉപവാസവും

കണിച്ചാര്‍: ലോകാരാധ്യനായ ശ്രീ നാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി അഞ്ചാമത് സമാധി ദിനാചരണവും ഉപവാസവും എസ്.എന്‍.ഡി.പി യോഗം കണിച്ചാര്‍ ശാഖയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ കണിച്ചാറില്‍ നടത്തി. കണിച്ചാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടത്തിയ സമാധി ദിനാചരണത്തില്‍ കെ.വി.ദാസന്‍ കണ്ണൂര്‍ പ്രഭാഷണം നടത്തി. ശാഖായോഗം പ്രസിഡന്റ് ജിതീഷ്, സെക്രട്ടറി മനു, ശ്രീനിവാസന്‍ പനക്കല്‍, സജീവന്‍ പാലപ്പിള്ളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉപവാസത്തില്‍ നിരവധി വിശ്വാസികള്‍ പങ്കാളികളായി.

ഐ.ടി.ഐകളില്‍ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പരിശീലന മേന്മ വര്‍ദ്ധിപ്പിക്കാനും നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഐ.ടി.ഐകളില്‍ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പരിശീലന മേന്മ വര്‍ദ്ധിപ്പിക്കാനും നടപടിയുണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 2022 ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റുകളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ചാക്കാ ഐ ടി ഐയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ഐ.ടി.ഐ വിജയിക്കുന്ന ട്രെയിനികള്‍ക്ക് ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളാണ് ലഭ്യമാക്കുക എന്നതാണ് ഐ.ടി.ഐകളില്‍ പ്രവര്‍ത്തിക്കുന്ന പ്ലേസ്‌മെന്റ് സെല്ലകളിലൂടെയും വ്യാവസായിക പരിശീലന വകുപ്പ് ഓരോ വര്‍ഷവും സംഘടിപ്പിക്കുന്ന സ്‌പെക്ട്രം ജോബ് ഫെയറിലൂടെയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ കൂടുതല്‍ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകള്‍ ആരംഭിക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.നിലവില്‍ വകുപ്പിന്റെ കീഴിലുളള എല്ലാ മേജര്‍ ഐ.ടി.ഐകളും കമ്പ്യൂട്ടര്‍ അധിഷ്ഠിത കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നതിനാല്‍ ട്രെയിനികള്‍ക്ക് ഏറെ ദൂരം യാത്ര ചെയ്യാതെ തന്നെ ഡി.ജി.റ്റി. നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നു എന്നത് എടുത്ത് പറയത്തക്ക നേട്ടമാണ്. കൂടുതല്‍ ഐ.ടി.ഐകളില്‍ ഇത്തരം പരീക്ഷാകേന്ദങ്ങള്‍ ക്രമീകരിക്കുന്നതിന് വകുപ്പിന്റെ ഭാഗത്തുനിന്ന് തുടര്‍നടപടികള്‍ ഉണ്ടാകും. 2022 ആഗസ്റ്റ് മാസത്തില്‍ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് നിശ്ചിത സമയത്തിനുളളില്‍ പൂര്‍ത്തിയാക്കുവാനും സെപ്റ്റംബര്‍ 7 ന് തന്നെ റിസള്‍ട്ട് പ്രഖ്യാപിക്കുവാനും വ്യാവസായിക പരിശീലന വകുപ്പ് പരീക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ കഴിഞ്ഞിട്ടുണ്ട്.വളരെ തിളക്കമാര്‍ന്ന വിജയമാണ് അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ സംസ്ഥാനത്തിന് ഇക്കൊല്ലം നേടാന്‍ കഴിഞ്ഞത്.മികച്ച വിജയം കരസ്ഥമാക്കിയ എല്ലാവര്‍ക്കും മന്ത്രി വി ശിവന്‍കുട്ടി അഭിനന്ദനങ്ങള്‍ നേര്‍ന്നു.

ദേശീയ വനിതാ കമ്മിഷനു കീഴില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

ദേശീയ വനിതാ കമ്മിഷനു കീഴില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. മൂന്ന് വ്യത്യസ്ത ഇന്റേണ്‍ഷിപ്പ് സ്‌കീമുകളാണുള്ളത്.ആദ്യ സ്‌കീമില്‍ മൂന്നുവര്‍ഷ എല്‍എല്‍.ബി. പഠിക്കുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അഞ്ചുവര്‍ഷ എല്‍എല്‍.ബി. കോഴ്സ് പഠിക്കുന്ന മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കുമാണ് അവസരം. ഇന്റേണ്‍ഷിപ്പ്: ഒരു മാസം. സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് സ്‌റ്റൈപ്പെന്‍ഡുണ്ടാകില്ല.രണ്ടാമത്തെ സ്‌കീമില്‍, മൂന്ന് വര്‍ഷ എല്‍എല്‍.ബി. കോഴ്സ് പഠിക്കുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും ബി.എ. എല്‍എല്‍.ബി., ബി.ബി.എ. എല്‍എല്‍.ബി ബി.എസ്സി. എല്‍എല്‍.ബി. എന്നിവ പഠിക്കുന്ന നാല്, അഞ്ച് വര്‍ഷ വിദ്യാര്‍ഥികള്‍ക്കും സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ജെന്‍ഡര്‍ ഇഷ്യു, വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നീ കോഴ്സുകള്‍ പഠിക്കുന്ന രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കും എല്‍എല്‍.എം., എം.ഫില്‍, പിഎച്ച്.ഡി. ഗവേഷകര്‍ക്കും അപേക്ഷിക്കാം.ഇന്റേണ്‍ഷിപ്പ്: 60 ദിവസം. പ്രതിമാസ സ്‌റ്റൈപ്പെന്‍ഡ് 10,000 രൂപ. വിവരങ്ങള്‍ക്ക്: ncw.nic.in

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപയുടെ ഇടിവുണ്ടായി. ഇന്നലെ 80 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36640 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4580 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3780 രൂപയാണ്.

ജാഗ്രതാ സമിതി രൂപീകരണം

തില്ലങ്കേരി:ലഹരിക്കെതിരെ ജനകീയ കവചം എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ .എഫ്.ഐ നടത്തുന്ന ജനകീയ സദസിന്റെ ഭാഗമായി ഡി.വൈ എഫ് ഐ തില്ലങ്കേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലുളള ജാഗ്രതാ സമിതി രൂപീകരണം തില്ലങ്കേരി ബാങ്ക് ഹാളില്‍ നടന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സനീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ടി. ദിലീപ് അധ്യക്ഷനായി. സിവില്‍ എക്‌സൈസ് ഓഫീസര്‍ ബെന്‍ഹര്‍ ബോധവത്ക്കരണ ക്ലാസെടുത്തു. പഞ്ചായത്തംഗം പി.കെ രതീഷ്,എന്‍. സജു , കെ.എ ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

വലിച്ചെറിയല്‍ മുക്ത ജില്ല; പ്രത്യേക ഗ്രാമസഭകള്‍ ചേരണം

മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വലിച്ചെറിയല്‍ വിരുദ്ധ ഗ്രാമസഭകള്‍ ചേരാന്‍ നിര്‍ദേശം. നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ‘വലിച്ചെറിയല്‍ മുക്ത ജില്ല’ ക്യാമ്പയിന്റെ ആലോചന യോഗത്തിലാണ് നിര്‍ദേശം ഉയര്‍ന്നത്.
മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കണമെന്ന് ക്യാമ്പയിന്റെ പ്രസക്തി വിശദീകരിച്ച നവകേരളം കര്‍മ്മ പദ്ധതി 2 കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ പറഞ്ഞു. നിയമത്തെക്കുറിച്ച് ബോധവാന്‍മാരല്ലാത്തവരെ ബോധവത്ക്കരിക്കണം. കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയാലെ ക്യാമ്പയിന്‍ വിജയിത്തിലെത്തൂ. ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പുകളിലും ഹരിത പ്രോട്ടോക്കോള്‍ പാലിക്കണം. മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ മുഴുവന്‍ വകുപ്പുകളും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും ടി എന്‍ സീമ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ എം പി രാജേഷ്, സബ് കലക്ടര്‍ അനുകുമാരി, എഡിഎം കെ കെ ദിവാകരന്‍, തളിപ്പറമ്പ് ആര്‍ഡിഒ ഇ പി മേഴ്‌സി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ടി ജെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവത്തിന് തുടക്കമായി

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന 16ാമത് പുസ്തകോത്സവം ചെറുകഥാകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മറ്റ് പ്രവിശ്യകളില്‍ റോഡിലൂടെ സഞ്ചരിച്ചാല്‍ കാലിക്കൂട്ടങ്ങള്‍ നടന്നു പോകുന്നതാണ് കാണാന്‍ സാധിക്കുകയെങ്കില്‍ കേരളത്തില്‍ സ്‌കൂളില്‍ നിന്നും മടങ്ങുന്ന വിദ്യാര്‍ഥികളെയാണ് കാണാന്‍ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിന്റെ സവിശേഷതയാണ്. വിദ്യാഭ്യാസം, എഴുത്ത്, വായന എന്നിവയുടെ ലോകത്ത് കേരളം താണ്ടിയ ദൂരം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ഗ്രന്ഥാലയ പ്രസ്ഥാനത്തിനും പുതിയ മാനം കൈവന്നിട്ടുണ്ട്. ആദിവാസി മേഖലകളിലുള്‍പ്പെടെ വായനശാലകള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ അവരുടെ മറ്റ് അടിസ്ഥാന പ്രശ്നങ്ങള്‍ കൂടി പരിഹരിച്ചാല്‍ മാത്രമേ അതിന് ഒരു അര്‍ത്ഥമുണ്ടാകൂ-ടി പത്മനാഭന്‍ പറഞ്ഞു.
സെപ്റ്റംബര്‍ 25 വരെ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന പുസ്തകമേളയില്‍ 73 പ്രസാധകരുടെ 137 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. പുസ്തകോത്സവത്തില്‍ 15 പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. ആദര സമ്മേളനം, സെമിനാറുകള്‍, ബാലവേദി പ്രവര്‍ത്തകരുടെ സംഗമം, വനിതാ വേദി പ്രവര്‍ത്തകരുടെ സംഗമം, ലഹരി വിരുദ്ധ ചിത്രരചന, കലാപരിപാടികള്‍ എന്നിവയും നടക്കും.
ഡോ. വി ശിവദാസന്‍ എം പി അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു എഴുതിയ ‘ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകള്‍’ ലേഖന സമാഹാരം ടി പത്മനാഭന്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഏറ്റുവാങ്ങി.
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ അക്ഷരം ത്രൈമാസിക വി കെ മധു പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍ ഏറ്റുവാങ്ങി. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.എ വത്സലന്‍ പ്രഭാഷണം നടത്തി.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി കെ അന്‍വര്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എം കെ രമേശ് കുമാര്‍, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇ സി വിനോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ കൗണ്‍സിലര്‍മാരായ കെ രാമചന്ദ്രന്‍, കെ എ ബഷീര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍, വൈസ് പ്രസിഡണ്ട് ടി പ്രകാശന്‍, വി കെ പ്രകാശിനി, ഇ പി ആര്‍ വേശാല, ഇ ചന്ദ്രന്‍, വൈ വി സുകുമാരന്‍, മനോജ് കുമാര്‍ പഴശ്ശി, യു കെ ശിവകുമാരി എന്നിവര്‍ സംസാരിച്ചു.