ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന 16ാമത് പുസ്തകോത്സവം ചെറുകഥാകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മറ്റ് പ്രവിശ്യകളില്‍ റോഡിലൂടെ സഞ്ചരിച്ചാല്‍ കാലിക്കൂട്ടങ്ങള്‍ നടന്നു പോകുന്നതാണ് കാണാന്‍ സാധിക്കുകയെങ്കില്‍ കേരളത്തില്‍ സ്‌കൂളില്‍ നിന്നും മടങ്ങുന്ന വിദ്യാര്‍ഥികളെയാണ് കാണാന്‍ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിന്റെ സവിശേഷതയാണ്. വിദ്യാഭ്യാസം, എഴുത്ത്, വായന എന്നിവയുടെ ലോകത്ത് കേരളം താണ്ടിയ ദൂരം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ഗ്രന്ഥാലയ പ്രസ്ഥാനത്തിനും പുതിയ മാനം കൈവന്നിട്ടുണ്ട്. ആദിവാസി മേഖലകളിലുള്‍പ്പെടെ വായനശാലകള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ അവരുടെ മറ്റ് അടിസ്ഥാന പ്രശ്നങ്ങള്‍ കൂടി പരിഹരിച്ചാല്‍ മാത്രമേ അതിന് ഒരു അര്‍ത്ഥമുണ്ടാകൂ-ടി പത്മനാഭന്‍ പറഞ്ഞു.
സെപ്റ്റംബര്‍ 25 വരെ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന പുസ്തകമേളയില്‍ 73 പ്രസാധകരുടെ 137 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. പുസ്തകോത്സവത്തില്‍ 15 പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. ആദര സമ്മേളനം, സെമിനാറുകള്‍, ബാലവേദി പ്രവര്‍ത്തകരുടെ സംഗമം, വനിതാ വേദി പ്രവര്‍ത്തകരുടെ സംഗമം, ലഹരി വിരുദ്ധ ചിത്രരചന, കലാപരിപാടികള്‍ എന്നിവയും നടക്കും.
ഡോ. വി ശിവദാസന്‍ എം പി അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു എഴുതിയ ‘ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകള്‍’ ലേഖന സമാഹാരം ടി പത്മനാഭന്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഏറ്റുവാങ്ങി.
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ അക്ഷരം ത്രൈമാസിക വി കെ മധു പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍ ഏറ്റുവാങ്ങി. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.എ വത്സലന്‍ പ്രഭാഷണം നടത്തി.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി കെ അന്‍വര്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എം കെ രമേശ് കുമാര്‍, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇ സി വിനോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ കൗണ്‍സിലര്‍മാരായ കെ രാമചന്ദ്രന്‍, കെ എ ബഷീര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍, വൈസ് പ്രസിഡണ്ട് ടി പ്രകാശന്‍, വി കെ പ്രകാശിനി, ഇ പി ആര്‍ വേശാല, ഇ ചന്ദ്രന്‍, വൈ വി സുകുമാരന്‍, മനോജ് കുമാര്‍ പഴശ്ശി, യു കെ ശിവകുമാരി എന്നിവര്‍ സംസാരിച്ചു.