സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമരാനുകൂലികള്‍ നടത്തുന്ന അക്രമം തടയാന്‍ അടിയന്തര നടപടി വേണമെന്ന കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണെന്നിരിക്കെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടത്തിയത്. അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ത്താല്‍ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം.
പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങള്‍ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണം. അക്രമം തടയാന്‍ എല്ലാ സംവിധാനവും ഉപയോഗിക്കണം. വിശദമായ ഉത്തരവ് 11 മണിക്കുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി
നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മലയോരത്ത് പൂര്‍ണ്ണം.രാവിലെ 6 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍ .മലയോരത്തെ വിവിധ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
മലയോര മേഖലയായ കൊട്ടിയൂരില്‍ ഹര്‍ത്താല്‍ ഭാഗീകമാണ് ചുരുക്കം ചില കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കേളകം മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ടൗണുകളിലെല്ലാം കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.പോലീസ് പെട്രോളിംങ്ങ് നടത്തുന്നുണ്ട്.
ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാസംതോറും കൃത്യമായി അവലോകനം ചെയ്യണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കേണ്ടത് പൊതു സമൂഹത്തിന്റെ ആവശ്യം കൂടിയാണ്. ജന നന്മയ്ക്ക് വേണ്ടി നിയമത്തിനകത്ത് നിന്നുകൊണ്ട് വളരെയേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. അതിനുള്ള ആര്‍ജവം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പി.എസ്.സി വഴി നിയമനം ലഭിച്ച 33 ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആകെ 160 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികളാണുള്ളത്. അതില്‍ 33 പേര്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നതോടെ വകുപ്പിന് കൂടുതല്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കാനാകും. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പില്‍ വരുത്തുന്നതിന് ഉതകുന്ന തരത്തിലാണ് പരിശീലനം സജ്ജമാക്കിയിരിക്കുന്നത്. എഫ്.എസ്.എസ്.എ.ഐ നടത്തുന്ന സ്റ്റാറ്റിയൂട്ടറി പരിശീലനത്തിന് പുറമേയുള്ള പരിശീലനമാണിത്. എന്‍ഫോഴ്സ്മെന്റ്, പ്രോസിക്യൂഷന്‍ തുടങ്ങിയവ കേരളത്തിന്റെ സവിശേഷമായ സാഹചര്യങ്ങളില്‍ കൃത്യമായി നടത്തുന്നതിനാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
എ കെ ജി സെന്റര്‍ ആക്രമണത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നാളെ 11 മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കണം. പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ക്രൈം ബ്രാഞ്ച് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷയും ജാമ്യ അപേക്ഷയും നാളെ 12 മണിക്ക് കോടതിയില്‍ ഹാജരാക്കും.
എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പ്രതി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം പൂര്‍ണമായും നിഷേധിക്കുകയാണ് ജിതിന്‍. ജിതിന്‍ കുറ്റം സമ്മതിച്ചു എന്ന് ക്രൈംബ്രാഞ്ച് പറയുന്നത് അംസംബന്ധമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറയുന്നു. തീ കൊള്ളികൊണ്ട് സര്‍ക്കാര്‍ തല ചൊറിയരുതെന്നും തലപൊള്ളുമെന്നും സുധാകരന്‍ വ്യക്തമാക്കി.
എകെജി സെന്റര്‍ ആക്രമിച്ച പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വിട്ടയച്ചില്ലെങ്കില്‍ നാളെ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. നിയമം കൈയിലെടുക്കാന്‍ പോലും മടിക്കില്ലെന്നും ഭരണകക്ഷി അപകടകരമായ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരിട്ടി:പോപുലര്‍ ഫ്രണ്ട് ദേശിയ – സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. അബ്ദുള്‍ ഖാദര്‍ അയ്യപ്പന്‍കാവ്, നാസര്‍, ഫിറോസ് എം.പി. എന്നിവര്‍ നേതൃത്വം നല്‍കി.
ഇരിട്ടി:ഉളിക്കല്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ബഹുജന റാലി സംഘടിപ്പിച്ചു.ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി ,സി ഐ സുധീര്‍ കല്ലന്‍,ജനമൈത്രി പോലീസ് ഓഫീസര്‍മാരായ കെ പി അനീഷ്,സി പ്രിയേഷ്,എ പി ആന്റോ എന്നിവര്‍ നേതൃത്വം നല്‍കി
കാക്കയങ്ങാട്:മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണ യോഗം പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി വി വിനോദ്, എ വനജ, നോഡല്‍ പ്രേരക്മാരായ സുലോചന ,റീത്ത, മിനിമോള്‍ എന്നിവര്‍ സംസാരിച്ചു.
പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് 12ാം വാര്‍ഡ് ഹരിത ജെഎല്‍ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കുനിത്തലമുക്കില്‍ കൃഷി ചെയ്ത കക്കിരി കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫീസര്‍ പി ജെ വിനോദ് നിര്‍വഹിച്ചു.കൃഷി അസിസ്റ്റന്റ് അനീഷ് പി എസ്,ശശി താഴെപുര,ജെ എല്‍ ജി ഗ്രൂപ്പ് അംഗങ്ങളായ ടി ഉഷ,സുഷമ,സുമ തുടങ്ങിയവര്‍ സംബന്ധിച്ചു.അര ഏക്കറോളം സ്ഥലത്താണ് കക്കിരി കൃഷി ഇറക്കിയത്
കായിക വിനോദത്തിലൂടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലയിലെ 10 കളിക്കളങ്ങള്‍ നവീകരിക്കുന്നു. കായിക വകുപ്പിന്റെ ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതിയുടെ ആദ്യഘട്ടമായാണ് 10 നിയമസഭാ മണ്ഡലങ്ങളില്‍ കളിക്കളങ്ങള്‍ സജ്ജമാക്കുന്നത്. ഗ്രാമതല സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. തളിപ്പറമ്പ് മണ്ഡലത്തില്‍ പരിയാരം ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പറമ്പ് മൈതാനം, കല്ല്യാശ്ശേരിയിലെ കുഞ്ഞിമംഗലം പഞ്ചായത്ത് മൈതാനം, പേരാവൂരില്‍ ചാവശ്ശേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനം, മട്ടന്നൂരില്‍ പടിയൂര്‍-കല്യാട് ഗ്രാമപഞ്ചായത്ത് മൈതാനം, തലശ്ശേരി എരഞ്ഞോളിയിലെ ഇഎംഎസ് മിനി സ്റ്റേഡിയം, ഇരിക്കൂറിലെ പെരുമ്പള്ളി ഗവ. എല്‍ പി സ്‌കൂള്‍ മൈതാനം, അഴീക്കോട് വന്‍കുളത്ത് വയലിലെ പഞ്ചായത്ത് സ്റ്റേഡിയം, പയ്യന്നൂര്‍ പെരിങ്ങോം-വയക്കര പഞ്ചായത്തിലെ തവിടിശ്ശേരി ഹൈസ്‌കൂള്‍ മൈതാനം, കണ്ണൂര്‍ മണ്ഡലത്തിലെ മാളികപ്പറമ്പ് മൈതാനം, ധര്‍മ്മടത്തെ പിണറായി മിനി സ്റ്റേഡിയം എന്നിവയാണ് നവീകരിക്കുക. ഓപ്പണ്‍ ജിംനേഷ്യം, നടപ്പാത, ശുചിമുറികള്‍, വസ്ത്രം മാറാനുള്ള മുറികള്‍, കോഫി ഷോപ്പ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. ഓരോ മൈതാനത്തിനും ഒരു കോടി രൂപ വീതമാണ് ചെലവ്. സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ വീതം അനുവദിക്കും. ബാക്കി തുക എം എല്‍ എമാരുടെ ആസ്തി വികസന ഫണ്ട്, സി എസ് ആര്‍ ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ വഴി കണ്ടെത്തണം. ജനപ്രതിനിധികളുടെ മേല്‍നോട്ടത്തിലാണ് നവീകരിക്കേണ്ട കളിസ്ഥലങ്ങള്‍ തെരഞ്ഞെടുത്തത്. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് പദ്ധതി നിര്‍വ്വഹണ ഏജന്‍സി. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എഞ്ചിനീയര്‍മാര്‍ മൈതാനങ്ങള്‍ സന്ദര്‍ശിച്ച് പ്രാഥമിക പരിശോധന നടത്തി. അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കായിക യുവജന കാര്യ ഡയറക്ടര്‍ അധ്യക്ഷനായ സ്‌ക്രൂട്ടനി കമ്മിറ്റിയുടെ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ അംഗീകരിച്ചു. ആളുകള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാവുന്ന സ്ഥലങ്ങളാണ് പരിഗണിച്ചത്. നെല്‍വയലുകള്‍, വെള്ളക്കെട്ട്, നിര്‍മ്മാണത്തിന് നിയന്ത്രണമുള്ള സ്ഥലങ്ങള്‍ എന്നിവ ഒഴിവാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. പ്രദേശികമായ ആവശ്യം പരിഗണിച്ച് ഓരോ മൈതാനത്തും ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍ എന്നിവയില്‍ എതെങ്കിലുമൊരു കോര്‍ട്ട് ഒരുക്കും. പ്രവൃത്തി ആറ് മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. കേരളത്തില്‍ 104 മൈതാനങ്ങളാണ് ആദ്യഘട്ടത്തില്‍ നവീകരിക്കാന്‍ പരിഗണനയിലുള്ളതെന്ന് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ ബി ടി വി കൃഷ്ണന്‍ അറിയിച്ചു.
‘എന്റെ പെരളശ്ശേരി ശുചിത്വ സുന്ദരം’ മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത സംഗമം നടത്തി. മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തില്‍ നവകേരളം കര്‍മ്മ പദ്ധതി-2 കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ ഉദ്ഘാടനം ചെയ്തു. കേരളം പുരോഗമന സ്വഭാവമുള്ള സമൂഹമാണെന്നും വലിച്ചെറിയല്‍ മുക്ത ക്യാമ്പയിനുകള്‍ അതിന്റെ ഉദാഹരണമാണെന്നും ടി എന്‍ സീമ പറഞ്ഞു. പഞ്ചായത്തിലെ മുഴുവന്‍ കുടുംബാംഗങ്ങളെയും സ്ഥാപനങ്ങളെയും പങ്കാളികളാക്കി ശാസ്ത്രീയ മാലിന്യ പരിപാലനത്തിലൂടെ സമ്പൂര്‍ണ ശുചിത്വം നേടാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഹരിത സംഗമം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ അധ്യക്ഷത വഹിച്ചു. മാലിന്യ പരിപാലന കര്‍മ്മ പദ്ധതിയുടെ പ്രകാശനവും ടി എന്‍ സീമ നിര്‍വ്വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ ‘വലിച്ചെറിയല്‍ മുക്ത പഞ്ചായത്തിലേക്ക്’ എന്ന വിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് വി പ്രശാന്ത് ഹരിത സമൃദ്ധി വാര്‍ഡ് വിളംബര പ്രഖ്യാപനം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍ ബീന റിപ്പോര്‍ട്ടും കെ കെ സുഗതന്‍ കര്‍മ്മ പദ്ധതിയും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന്‍, ബ്ലോക്ക് പഞ്ചായത്തംഗം സി സഞ്ജന, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ശൈലജ, പഞ്ചായത്തംഗം കെ വി സവിത, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി കെ രാജന്‍ മാസ്റ്റര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സി കെ സൗമനി, പഞ്ചായത്ത് സെക്രട്ടറി പി പി സജിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലി.