
കായിക വിനോദത്തിലൂടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലയിലെ 10 കളിക്കളങ്ങള്‍ നവീകരിക്കുന്നു. കായിക വകുപ്പിന്റെ ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതിയുടെ ആദ്യഘട്ടമായാണ് 10 നിയമസഭാ മണ്ഡലങ്ങളില്‍ കളിക്കളങ്ങള്‍ സജ്ജമാക്കുന്നത്. ഗ്രാമതല സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.
തളിപ്പറമ്പ് മണ്ഡലത്തില്‍ പരിയാരം ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പറമ്പ് മൈതാനം, കല്ല്യാശ്ശേരിയിലെ കുഞ്ഞിമംഗലം പഞ്ചായത്ത് മൈതാനം, പേരാവൂരില്‍ ചാവശ്ശേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനം, മട്ടന്നൂരില്‍ പടിയൂര്‍-കല്യാട് ഗ്രാമപഞ്ചായത്ത് മൈതാനം, തലശ്ശേരി എരഞ്ഞോളിയിലെ ഇഎംഎസ് മിനി സ്റ്റേഡിയം, ഇരിക്കൂറിലെ പെരുമ്പള്ളി ഗവ. എല്‍ പി സ്‌കൂള്‍ മൈതാനം, അഴീക്കോട് വന്‍കുളത്ത് വയലിലെ പഞ്ചായത്ത് സ്റ്റേഡിയം, പയ്യന്നൂര്‍ പെരിങ്ങോം-വയക്കര പഞ്ചായത്തിലെ തവിടിശ്ശേരി ഹൈസ്‌കൂള്‍ മൈതാനം, കണ്ണൂര്‍ മണ്ഡലത്തിലെ മാളികപ്പറമ്പ് മൈതാനം, ധര്‍മ്മടത്തെ പിണറായി മിനി സ്റ്റേഡിയം എന്നിവയാണ് നവീകരിക്കുക.
ഓപ്പണ്‍ ജിംനേഷ്യം, നടപ്പാത, ശുചിമുറികള്‍, വസ്ത്രം മാറാനുള്ള മുറികള്‍, കോഫി ഷോപ്പ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. ഓരോ മൈതാനത്തിനും ഒരു കോടി രൂപ വീതമാണ് ചെലവ്. സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ വീതം അനുവദിക്കും. ബാക്കി തുക എം എല്‍ എമാരുടെ ആസ്തി വികസന ഫണ്ട്, സി എസ് ആര്‍ ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ വഴി കണ്ടെത്തണം.
ജനപ്രതിനിധികളുടെ മേല്‍നോട്ടത്തിലാണ് നവീകരിക്കേണ്ട കളിസ്ഥലങ്ങള്‍ തെരഞ്ഞെടുത്തത്. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് പദ്ധതി നിര്‍വ്വഹണ ഏജന്‍സി. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എഞ്ചിനീയര്‍മാര്‍ മൈതാനങ്ങള്‍ സന്ദര്‍ശിച്ച് പ്രാഥമിക പരിശോധന നടത്തി. അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കായിക യുവജന കാര്യ ഡയറക്ടര്‍ അധ്യക്ഷനായ സ്‌ക്രൂട്ടനി കമ്മിറ്റിയുടെ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ അംഗീകരിച്ചു. ആളുകള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാവുന്ന സ്ഥലങ്ങളാണ് പരിഗണിച്ചത്. നെല്‍വയലുകള്‍, വെള്ളക്കെട്ട്, നിര്‍മ്മാണത്തിന് നിയന്ത്രണമുള്ള സ്ഥലങ്ങള്‍ എന്നിവ ഒഴിവാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. പ്രദേശികമായ ആവശ്യം പരിഗണിച്ച് ഓരോ മൈതാനത്തും ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍ എന്നിവയില്‍ എതെങ്കിലുമൊരു കോര്‍ട്ട് ഒരുക്കും. പ്രവൃത്തി ആറ് മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. കേരളത്തില്‍ 104 മൈതാനങ്ങളാണ് ആദ്യഘട്ടത്തില്‍ നവീകരിക്കാന്‍ പരിഗണനയിലുള്ളതെന്ന് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ ബി ടി വി കൃഷ്ണന്‍ അറിയിച്ചു.