Hivision Channel

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം: വീണാ ജോര്‍ജ്

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാസംതോറും കൃത്യമായി അവലോകനം ചെയ്യണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കേണ്ടത് പൊതു സമൂഹത്തിന്റെ ആവശ്യം കൂടിയാണ്. ജന നന്മയ്ക്ക് വേണ്ടി നിയമത്തിനകത്ത് നിന്നുകൊണ്ട് വളരെയേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. അതിനുള്ള ആര്‍ജവം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പി.എസ്.സി വഴി നിയമനം ലഭിച്ച 33 ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആകെ 160 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികളാണുള്ളത്. അതില്‍ 33 പേര്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നതോടെ വകുപ്പിന് കൂടുതല്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കാനാകും. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പില്‍ വരുത്തുന്നതിന് ഉതകുന്ന തരത്തിലാണ് പരിശീലനം സജ്ജമാക്കിയിരിക്കുന്നത്. എഫ്.എസ്.എസ്.എ.ഐ നടത്തുന്ന സ്റ്റാറ്റിയൂട്ടറി പരിശീലനത്തിന് പുറമേയുള്ള പരിശീലനമാണിത്. എന്‍ഫോഴ്സ്മെന്റ്, പ്രോസിക്യൂഷന്‍ തുടങ്ങിയവ കേരളത്തിന്റെ സവിശേഷമായ സാഹചര്യങ്ങളില്‍ കൃത്യമായി നടത്തുന്നതിനാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *