Hivision Channel

latest news

കെ.എസ്.ഇ.ബി തൊണ്ടിയില്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി

തൊണ്ടിയില്‍: നിലാവ് പദ്ധതി പ്രകാരം സ്ഥാപിച്ച തെരുവ് വിളക്കുകളുടെ തകരാറ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി തൊണ്ടിയില്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.വേണുഗോപാലന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റീന മനോഹരന്‍, വാര്‍ഡ് മെമ്പര്‍മാരായ രാജു ജോസഫ്, കെ.വി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

ജലാഞ്ജലി നീരുറവ്; നീര്‍ത്തട നടത്തം

വെള്ളര്‍വള്ളി: ഹരിത കേരളം, തൊഴിലുറപ്പ് മിഷനുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ജലാഞ്ജലി നീരുറവ് പദ്ധതിയുടെ നീര്‍ത്തട നടത്തം വെള്ളര്‍വള്ളി വേക്കളം ചൗള നഗര്‍ നീര്‍ത്തടത്തില്‍ വാര്‍ഡ് മെമ്പര്‍ യമുന ഉദ്ഘാടനം ചെയ്തു. പി.ജെ ആന്റണി അധ്യക്ഷത വഹിച്ചു. പി.വി ജയേഷ് സംസാരിച്ചു.

ദേവസ്യ മേച്ചേരിക്ക് സ്വീകരണവും ആശ്രയ പദ്ധതിയുടെ ഉദ്ഘാടനവും

കൊളക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി കൊളക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത ദേവസ്യ മേച്ചേരിക്ക് സ്വീകരണം നല്‍കി. ജില്ലാ കമ്മറ്റി നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി നിര്‍വഹിച്ചു. പദ്ധതിയില്‍ അംഗമായ മെമ്പര്‍ മരിച്ചാല്‍ 10 ലക്ഷം രൂപയും ചികിത്സക്ക് 5 ലക്ഷം രൂപയും നല്‍കും. കൊളക്കാട് യൂണിറ്റ് പ്രസിഡണ്ട് കെ.കെ മനോജ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍, കെ.സുധാകരന്‍ മേഖല പ്രസിഡണ്ട് എസ്.ജെ. തോമസ്, ബോബി ജെയിംസ്, സജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തെരുവു നായകളുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്

കോഴിക്കോട് വടകരയില്‍ തെരുവു നായകളുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്കേറ്റു.താഴെ അങ്ങാടി ആട്മുക്കില്‍ സഫിയക്കാണ് (65) നായകളുടെ കടിയേറ്റത്. ഇന്നു രാവിലെയാണ് സംഭവം ഉണ്ടായത്.
കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയപ്പോഴാണ് നാലഞ്ച് നായകള്‍ ഇവരെ ആക്രമിച്ചത്.കൈക്കും കാലിനും മുറിവേറ്റു.സഫിയയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം നടപ്പിലായി

കാലിക്കറ്റ് സര്‍വകലാശാലയില്‍ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു. തിരഞ്ഞെടുത്തവരിലെ 25 പേരില്‍ 22 പേരാണ് ആദ്യദിനം ജോലിയില്‍ പ്രവേശിച്ചത്.സര്‍വകലാശാല രൂപവത്കൃതമായി അരനൂറ്റാണ്ടിനുശേഷമാണ് വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം നടപ്പിലായത്. പരീക്ഷാഭവന്‍, ടാഗോര്‍ നികേതന്‍, ഭരണകാര്യാലയം, വനിതാ ഹോസ്റ്റല്‍, പ്രവേശനകവാടം തുടങ്ങിയ പ്രധാന ഇടങ്ങളിലാണ് വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്.രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് സേവനം.

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36680 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ശനിയാഴ്ച 15 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4585 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3780 രൂപയാണ്.

സ്വര്‍ണ്ണ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ്

തില്ലങ്കേരി: മച്ചൂര്‍മലയില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനായി സ്റ്റേഡിയം നിര്‍മ്മാണ കമ്മറ്റി നടപ്പിലാക്കിയ സ്വര്‍ണ്ണ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് മച്ചൂര്‍മലയില്‍ നടന്നു. തില്ലങ്കേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ ഷാജി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം സി സനീഷ് എന്നിവര്‍ ചേര്‍ന്ന് നറുക്കെടുത്തു. മുന്‍ പഞ്ചായത്ത് അംഗം സി രാജന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ കുമാരന്‍,കെ കെ പ്രീത,പി സുധീഷ്,ടി അജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.ഒന്നാം സമ്മാനമായ ഒരു പവന്‍ സ്വര്‍ണ്ണ സമ്മാനം ആദിയ സനീഷും,രണ്ടാം സമ്മാനമായ സ്മാര്‍ട്ട് ഫോണ്‍ പ്രമീള ചന്ദ്രനും നേടി.600 ഓളം ആളുകളാണ് സമ്മാനപദ്ധതിയില്‍ അംഗങ്ങളായത്.സമ്മാനം ലഭിക്കാത്തവര്‍ക്ക് 3 ഫൈബര്‍ കസേരകളും നല്‍കി.

അനുശോചന യോഗം

തില്ലങ്കേരി: കുണ്ടെരിഞ്ഞാല്‍ പൗര്‍ണമി & പൂര്‍ണിമ സംഘത്തിന്റെ നേതൃത്വത്തില്‍ എന്‍.വി കുഞ്ഞിരാമന്‍ നമ്പ്യാര്‍, എന്‍.വി ബാലകൃഷ്ണന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു. മുന്‍ ഗ്രാമ പഞ്ചായത്തംഗം യു.സി നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.പുരുഷു, പി പ്രദീപന്‍, സി.ദിനേശ്, വി.രതീഷ്, വി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധ സദസും പ്രതീകാത്മക വാഴ നടീലും

കേളകം: അമ്പായത്തോട് മുതല്‍ മണത്തണ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമ്പായത്തോട് കെ.സി.വൈ.എം, സി.എം.എല്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ സദസും, അധികാരികള്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ റോഡിലെ കുഴിയില്‍ പ്രതീകാത്മക വാഴ നടീലും നടന്നു. ദിനംപ്രതി നിരവധിയായ വാഹനങ്ങളും വഴിയാത്രക്കാരും സഞ്ചരിക്കുന്ന പാതയിലെ വലിയ ഗര്‍ത്തങ്ങളില്‍ വീണ് നിരവധിയായ വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. പ്രതിഷേധ പരിപാടികള്‍ക്ക് കെ.സി.വൈ.എം അമ്പായത്തോട് യൂണിറ്റ് പ്രസിഡന്റ് മെല്‍ബിന്‍ കല്ലടയില്‍, സെക്രട്ടറി ഗോഡ്‌സണ്‍ ഇലഞ്ഞിമറ്റത്തില്‍, സി.എം.എല്‍ പ്രസിഡന്റ് ഷെറിന്‍ അഞ്ചേരി, പ്രവര്‍ത്തകരായ ഫെബിന്‍ കൊച്ചുതാഴത്ത്, ഷോണ്‍ കവികല്ലറക്കല്‍,അലന്‍ ചെരുവിളയില്‍, നിജൂല്‍ റെജി, ക്രിസ്റ്റി അഞ്ചേരി, പ്രിന്‍സ് പയ്യമ്പള്ളി, അജിന്‍ പള്ളിത്താഴത്ത്, ഡോണ്‍ കവികല്ലറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ലഹരിക്കെതിരായ ക്യാമ്പയിന്‍ പൊതുജനങ്ങള്‍ ഏറ്റെടുക്കണം: സ്പീക്കര്‍
അഡ്വ. എ.എന്‍ ഷംസീര്‍

ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നയിക്കുന്ന ക്യാമ്പയിന്‍ പൊതുജനങ്ങള്‍ ഏറ്റെടുക്കണമെന്ന് കേരള നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍. ബാല സൗഹൃദ കേരളം നാലാം ഘട്ടം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ വലിയ തോതില്‍ ലഹരിക്ക് അടിമപ്പെടുന്ന കാലമാണിത്. കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പ് വരുത്തണം. വ്യാജ പോക്‌സോ കേസുകള്‍ ഭയന്ന് അധ്യാപകര്‍ വിദ്യാലയങ്ങളില്‍ പലതും കണ്ടില്ലെന്ന് വെക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ അധ്യാപകര്‍ രക്ഷിതാവിനെ സ്വകാര്യമായി അറിയിക്കണം. തന്റെ കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള സ്വഭാവ ദൂഷ്യമുണ്ടെന്ന് മനസിലായാല്‍ അത് മറച്ച് വെക്കാതെ വിദഗ്ദാഭിപ്രായം തേടണം. ഉപയോഗിച്ചാല്‍ മറ്റാര്‍ക്കും മനസിലാക്കാന്‍ സാധിക്കാത്ത പലവിധ മയക്കുമരുന്നുകള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ സുലഭമാണ്. ഇതില്‍ പെടാതെ കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിന് വീടുകളില്‍ ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണം. കുട്ടികള്‍ക്ക് മുന്നില്‍ വച്ച് അച്ഛനമ്മമാര്‍ വഴക്കിടുമ്പോള്‍ അതവരുടെ സ്വഭാവ രൂപീകരണത്തില്‍ മോശമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം, ബാലസൗഹൃദ തദ്ദേശ ഭരണം എന്നിവ ഉള്‍പ്പെടുത്തി കേരളത്തിലുടനീളം നടത്തി വരുന്ന ബൃഹദ് പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം. ബാലസംരക്ഷണ സമിതികളുടെ രൂപീകരണം, സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനം നടത്തുക, ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക, കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന പീഡനങ്ങള്‍ ഇല്ലാതാക്കുക, മദ്യം -മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുക, ബാലവേല – ഭിക്ഷാടനം എന്നിവ തടയുക, ശൈശവ വിവാഹം ഇല്ലാതാക്കുക, കുട്ടികളുടെ ആത്മഹത്യകള്‍ ഇല്ലാതാക്കുക, ലിംഗസമത്വം സൃഷ്ടിക്കുക, ശാസ്ത്രീയ അവബോധം വളര്‍ത്തുക തുടങ്ങിയവയ്ക്കുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ് നാലാം ഘട്ടത്തില്‍ പദ്ധതി ലക്ഷ്യം വെക്കുന്നത്. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഇഎംഎസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന്‍ കെ.വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രജിത പ്രദീപ്, തലശ്ശേരി ബി.ഡി.ഒ അഭിഷേക് കുറുപ്പ്, തലശ്ശേരി സി.ഡി.പി.ഒ എം ശ്രീജ എന്നിവര്‍ സംസാരിച്ചു. ഗുഡ് പാരന്റിംഗ് എന്ന വിഷയത്തില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ – സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം ശ്യാമളാദേവി, ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം- ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.വി രജീഷ എന്നിവര്‍ ക്ലാസുകളെടുത്തു.