ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നയിക്കുന്ന ക്യാമ്പയിന്‍ പൊതുജനങ്ങള്‍ ഏറ്റെടുക്കണമെന്ന് കേരള നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍. ബാല സൗഹൃദ കേരളം നാലാം ഘട്ടം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ വലിയ തോതില്‍ ലഹരിക്ക് അടിമപ്പെടുന്ന കാലമാണിത്. കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പ് വരുത്തണം. വ്യാജ പോക്‌സോ കേസുകള്‍ ഭയന്ന് അധ്യാപകര്‍ വിദ്യാലയങ്ങളില്‍ പലതും കണ്ടില്ലെന്ന് വെക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ അധ്യാപകര്‍ രക്ഷിതാവിനെ സ്വകാര്യമായി അറിയിക്കണം. തന്റെ കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള സ്വഭാവ ദൂഷ്യമുണ്ടെന്ന് മനസിലായാല്‍ അത് മറച്ച് വെക്കാതെ വിദഗ്ദാഭിപ്രായം തേടണം. ഉപയോഗിച്ചാല്‍ മറ്റാര്‍ക്കും മനസിലാക്കാന്‍ സാധിക്കാത്ത പലവിധ മയക്കുമരുന്നുകള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ സുലഭമാണ്. ഇതില്‍ പെടാതെ കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിന് വീടുകളില്‍ ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണം. കുട്ടികള്‍ക്ക് മുന്നില്‍ വച്ച് അച്ഛനമ്മമാര്‍ വഴക്കിടുമ്പോള്‍ അതവരുടെ സ്വഭാവ രൂപീകരണത്തില്‍ മോശമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം, ബാലസൗഹൃദ തദ്ദേശ ഭരണം എന്നിവ ഉള്‍പ്പെടുത്തി കേരളത്തിലുടനീളം നടത്തി വരുന്ന ബൃഹദ് പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം. ബാലസംരക്ഷണ സമിതികളുടെ രൂപീകരണം, സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനം നടത്തുക, ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക, കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന പീഡനങ്ങള്‍ ഇല്ലാതാക്കുക, മദ്യം -മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുക, ബാലവേല – ഭിക്ഷാടനം എന്നിവ തടയുക, ശൈശവ വിവാഹം ഇല്ലാതാക്കുക, കുട്ടികളുടെ ആത്മഹത്യകള്‍ ഇല്ലാതാക്കുക, ലിംഗസമത്വം സൃഷ്ടിക്കുക, ശാസ്ത്രീയ അവബോധം വളര്‍ത്തുക തുടങ്ങിയവയ്ക്കുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ് നാലാം ഘട്ടത്തില്‍ പദ്ധതി ലക്ഷ്യം വെക്കുന്നത്. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഇഎംഎസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന്‍ കെ.വി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രജിത പ്രദീപ്, തലശ്ശേരി ബി.ഡി.ഒ അഭിഷേക് കുറുപ്പ്, തലശ്ശേരി സി.ഡി.പി.ഒ എം ശ്രീജ എന്നിവര്‍ സംസാരിച്ചു. ഗുഡ് പാരന്റിംഗ് എന്ന വിഷയത്തില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ – സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം ശ്യാമളാദേവി, ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം- ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.വി രജീഷ എന്നിവര്‍ ക്ലാസുകളെടുത്തു.