Hivision Channel

മത്സ്യതൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാക്കും

കണ്ണൂര്‍:ഈ വര്‍ഷം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി 12 മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 വരെ തീരുമാനിച്ച ട്രോളിംഗ് നിരോധനം ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗം തീരുമാനിച്ചു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ്, ബയോമെട്രിക് ഐ ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമാക്കും. ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷൈനി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ബോട്ടുടമ പ്രതിനിധികള്‍, മത്സ്യതൊഴിലാളി സംഘടനാപ്രതിനിധികള്‍, കോസ്റ്റല്‍ പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ രണ്ട് ബോട്ടുകള്‍ വാടകക്കെടുക്കും. നാല് ലൈഫ് ഗാര്‍ഡുമാരെ പുതുതായി നിയോഗിച്ച് മൊത്തം അംഗബലം എട്ടാക്കും. ഹാര്‍ബറുകളിലെ ഡീസല്‍ബങ്കുകള്‍ അടയ്ക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഇന്ധനത്തിനായി മത്സ്യഫെഡ് ബങ്കുകള്‍ അനുവദിക്കും. ഇതര സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പായി കേരളതീരം വിട്ട് പോകണം. ഇത് ലംഘിക്കുന്ന യാനം ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജൂണ്‍ ഒമ്പതിന് വൈകീട്ടോടെ മുഴുവന്‍ ട്രോളിംഗ് ബോട്ടുകളും കടലില്‍ നിന്നും മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെമെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കും. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.
ഒരു ഇന്‍ബോര്‍ഡ് വള്ളത്തിന് ഒരു കാരിയര്‍ വള്ളം മാത്രമാണ് അനുവദിക്കുക. ഇതര സംസ്ഥാന ബോട്ടുകള്‍ കേരള മേഖലയില്‍ പ്രവേശിക്കുന്നത് തടയും. തട്ടുമടി ഉള്‍പ്പെടെയുള്ള പരമ്പരാഗത വള്ളങ്ങള്‍ ഉപയോഗിച്ച് ലൈറ്റ് ഫിഷിംഗും ജുവനൈല്‍ ഫിഷിംഗും നടത്തരുത്. മീന്‍ പിടിക്കാന്‍ പോകുന്നവര്‍ കാലവസ്ഥാ മുന്നറിയിപ്പുകള്‍ മുഖവിലയ്‌ക്കെടുക്കണം. രക്ഷാപ്രവര്‍ത്തനം ആവശ്യമായി വന്നാല്‍ മറൈന്‍ എന്‍ഫോഴ്സ് മെന്റ്, കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് വകുപ്പ് എന്നിവ ചേര്‍ന്ന് ഏകോപിപ്പിക്കുമെന്നും ആവശ്യമെങ്കില്‍ നേവി ഹെലികോപ്ടറിന്റെ സഹായം ലഭ്യമാക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *