Hivision Channel

അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ക്രൈബ്രാഞ്ച് അന്വേഷിക്കും

ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജില്‍ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാര്‍ത്ഥി സമരം മന്ത്രി തല സമിതി നടത്തിയ ചര്‍ച്ചയോടെ അവസാനിപ്പിച്ചു. ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും എന്നതാണ് ചര്‍ച്ചയിലെ പ്രധാന തീരുമാനം. ഉന്നയിച്ച ആവശ്യങ്ങള്‍ ഒന്നും പൂര്‍ണമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും മന്ത്രിമാര്‍ ഇടപെട്ട പശ്ചാത്തലത്തിലാണ് സമരത്തില്‍ നിന്ന് പിന്മാറാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായത്.

ബിരുദ വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് കോട്ടയം എസ് പിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. അന്വേഷണ ഘട്ടത്തില്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയാല്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ അപ്പോള്‍ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, വിദ്യാര്‍ത്ഥികള്‍ ഏറ്റവും അധികം പരാതി ഉന്നയിച്ച ഹോസ്റ്റല്‍ വാര്‍ഡന്‍ സിസ്റ്റര്‍ മായയെ തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തും. അതും ബിഷപ്പുമായി ആലോചിച്ച ശേഷം മാത്രമായിരിക്കും. പ്രധാനമായും ഈ മൂന്ന് ഉറപ്പുകള്‍ നല്‍കിയാണ് മന്ത്രിമാര്‍ വിദ്യാര്‍ത്ഥികളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്.

ഉന്നയിച്ച വിഷയങ്ങളില്‍ കൃത്യമായ നടപടി ഉണ്ടാകാത്തതിനാല്‍ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തരല്ലെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. മന്ത്രിമാര്‍ നല്‍കിയ ഉറപ്പ് കണക്കിലെടുത്താണ് തല്‍ക്കാലം സമരത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ക്യാമ്പസില്‍ അന്വേഷണത്തിന് എത്തിയ കെ ടി യു സംഘത്തിന് മുന്നിലും യുവജന കമ്മീഷന് മുന്നിലും വിദ്യാര്‍ഥികള്‍ മാനേജ്‌മെന്റിനെതിരെ ശക്തമായ പരാതികള്‍ ആവര്‍ത്തിച്ചു. ഇതുവരെ നടന്ന പൊലീസ് അന്വേഷണം മാനേജ്‌മെന്റിന് അനുകൂലമായിരുന്നു എന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിലെങ്കിലും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രദ്ധയുടെ അച്ഛന്‍ പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *