Hivision Channel

കോളേജുകളില്‍ വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

കോട്ടയം അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളേജില്‍ ശ്രദ്ധയെന്ന വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. സെല്ലില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍വകലാശാലയില്‍ മോണിറ്ററിങ് സമിതിയെ സമീപിക്കാന്‍ അവസരമുണ്ടാകും. ഇക്കാര്യം ഉടന്‍ സര്‍വകലാശാല നിയമത്തിന്റെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപനം നടത്തിയത്. കോളേജുകളില്‍ പ്രിന്‍സിപ്പാളായിരിക്കും സെല്‍ മേധാവി. സര്‍വകലാശാലകളില്‍ വകുപ്പ് മേധാവി അധ്യക്ഷനാകും. പരാതി പരിഹാര സെല്ലില്‍ ഒരു വനിതയുണ്ടാകും. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളും സെല്ലില്‍ ഉണ്ടാകും. ഏഴ് അംഗങ്ങളായിരിക്കും പരാതി പരിഹാര സെല്ലില്‍ ഉണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി.

എസ് സി എസ് ടി / ഭിന്നശേഷി പ്രാതിനിധ്യം വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ നടപടി എടുത്തില്ലെങ്കില്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കുമെന്നും അല്ലെങ്കില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുന്ന വലിയ മാറ്റങ്ങള്‍ക്ക് വേണ്ടി പുതിയ നിയമങ്ങള്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പരിഗണനയ്ക്ക് വെക്കും. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പെട്ടെന്ന് പാസാക്കേണ്ടതിനാലാണ് ഇക്കാര്യം ഉത്തരവായി ഇറക്കിയതെന്നും ഇത് സംബന്ധിച്ച നിയമ നിര്‍മ്മാണം അടുത്ത നിയമസഭാ സമ്മേളനത്തില്‍ നടക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *