Hivision Channel

തെരുവുനായ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം വൈകും

തെരുവുനായ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം വൈകും.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, സംസ്ഥാനബാലാവകാശ കമ്മീഷന്‍ എന്നിവരുടെ ഹര്‍ജികള്‍ അടുത്ത മാസം പതിനാറിലേക്ക് മാറ്റി. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്നും തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നും കണ്ണൂര്‍ജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജിയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് മൃഗസ്‌നേഹികളുടെ സംഘടനകള്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് എല്ലാ കക്ഷികള്‍ക്കും ജില്ലാ പഞ്ചായത്തിന്റെ ഹര്‍ജികള്‍ നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

രണ്ടാഴ്ച്ചയ്ക്കകം എല്ലാ കക്ഷികളും ഹര്‍ജിയില്‍ മേലുള്ള അവരുടെ വാദങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണം. തുടര്‍ന്ന് അടുത്ത മാസം പതിനാറിന് ഹര്‍ജികളില്‍ വിശദവാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി,ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഹര്‍ജി പരിഗണിക്കാന്‍ എടുത്തപ്പോള്‍ മൃഗസ്‌നേഹികളുടെയും വ്യക്തികളുടെയും അടക്കം അഭിഭാഷകരുടെ വലിയ നിരയാണ് കോടതിയില്‍ കണ്ടത്. കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുകയാണെന്നത് അടക്കം ആരോപണങ്ങള്‍ സംഘടനകളുടെ അഭിഭാഷകര്‍ ഉന്നയിച്ചു. എന്നാല്‍ വളരെ വലിയ പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്നും ഇത് പരിഹരിക്കാന്‍ അടിയന്തരമായ ഇടപെടല്‍ വേണമെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ പി.വി സുരേന്ദ്രനാഥ്, അഭിഭാഷകന്‍ കെ. ആര്‍ സുഭാഷ് ചന്ദ്രന്‍, സംസ്ഥാനബാലാവകാശ കമ്മീഷനായി അഭിഭാഷകന്‍ ജയ്‌മോന്‍ ആന്‍ഡ്രൂസ് എന്നിവര്‍ കോടതിയെ അറിയിച്ചു.

നായുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവവും കോഴിക്കോട് ജില്ലയിലെ ആറ് സ്‌കൂളുകള്‍ തെരുവ് നായ ശല്യം കാരണം അടച്ചിട്ട വിഷയങ്ങള്‍ അടക്കം സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കോടതിയില്‍ ഉന്നയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *