കേരളത്തിന്റെ ജനനായകന് വിട. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംസ്‌കരിക്കും.
ഇന്ന് രാവിലെ 9 മണി മുതല്‍ 10.30 വരെ ബെംഗളുരുവില്‍ പൊതുദര്‍ശനം നടക്കും. ബെംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഭൗതികശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. അവിടെ നിന്ന് തിരുവനന്തപുരത്തെ വസതിയിലേക്കും കൊണ്ടുപോകും. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. വൈകുന്നേരത്തോടെ ഭൗതികദേഹം സെക്രട്ടേറിയറ്റിന് സമീപമുള്ള സെന്റ് ജോര്‍ജ് ഓര്‍ക്കഡോക്സ് കതീഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നാലെ ഇന്ദിരാ ഭവനിലും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. രാത്രിയോടെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലേക്ക് മാറ്റും.
നാളെ രാവിലെ ഏഴ് മണിക്ക് വിലാപ യാത്ര കോട്ടയത്തേക്ക്. കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പുതുപ്പള്ളി പള്ളിയില്‍ സംസ്‌കാരം നടക്കുക.
ഇന്ന് പുലര്‍ച്ചെ 4.25ന് ബംഗളൂരുവില്‍ വച്ചായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. ക്യാന്‍സര്‍ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു.