Hivision Channel

വിട പറഞ്ഞത് വികസന പദ്ധതികളിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവ്

വികസന പദ്ധതികളിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.പൊലീസിനെ പാന്റ്‌സിലേക്ക് മാറ്റിയതും, മൂല്യവര്‍ദ്ധിത നികുതി അഥവാ വാറ്റ് ആദ്യമായി പ്രഖ്യാപിക്കുന്നതും ഉമ്മന്‍ ചാണ്ടിയാണ്. ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമവും ജനസമ്പര്‍ക്ക പരിപാടിയും, കാരുണ്യ ബെനവലന്റ് സ്‌കീമും , കേള്‍വിപരിമിധിയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും, തുടങ്ങി ഉമ്മന്‍ ചാണ്ടി വിഭാവനം ചെയ്ത് നടപ്പിലാക്കിയ സാമൂഹ്യ പദ്ധതികള്‍ എണ്ണിയാല്‍ തീരില്ല. ജനങ്ങളെ കൈപിടിച്ച് ഉയര്‍ത്തുന്ന ക്ഷേമ പദ്ധതികള്‍ക്ക് പുറമെ നാടിന്റെ വികസനം ലക്ഷ്യംവച്ചുള്ള പദ്ധതികള്‍ക്കും ഉമ്മന്‍ ചാണ്ടി തുടക്കമിട്ടു. അതിലൊന്നാണ് കൊച്ചി മെട്രോ.

പലവിധ വിവാദങ്ങള്‍ കാരണം നീണ്ടുപോയ കേരളത്തിന്റെ ആദ്യ മെട്രോ പദ്ധതിയായ കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് തുടക്കമിട്ടത് 2012 ലാണ്. അന്ന് ഉമ്മന്‍ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി.

രാജ്യാന്തര തുറമുഖമായി മാറാനിരിക്കുന്ന വിഴിഞ്ഞം തുറമുഖം പദ്ധതി തുടങ്ങിവച്ചതും ഉമ്മന്‍ ചാണ്ടി തന്നെയാണ്. 1995 ലെ പദ്ധതി വിവാദങ്ങളില്‍പ്പെട്ട് 20 വര്‍ഷമാണ് കുരുങ്ങിക്കിടന്നത്. 2011 ല്‍ ഉമ്മന്‍ ചാണ്ടി അധികാരത്തിലെത്തിയാണ് വിഴിഞ്ഞത്തെ കുരുക്കുകള്‍ അഴിച്ചുതുടങ്ങിയത്. കേന്ദ്രസര്‍ക്കാരില്‍ തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തി അനുമതികള്‍ നേടിയെടുത്ത് 2015 ഡിസംബറില്‍ തുറമുഖ നിര്‍മാണം തുടങ്ങിവച്ചു. പാര്‍ട്ടിക്കുളില്‍ നിന്നുപോലുമുള്ള എതിര്‍പ്പുകള്‍ വകവയ്ക്കാതെയായിരുന്നു ഈ തീരുമാനം.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായതും ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് തന്നെയാണ്. വിമാനത്താവള പദ്ധതി 1997ല്‍ തുടക്കമിട്ട് കേന്ദ്രാനുമതി ലഭിക്കുന്നത് 2008 ല്‍ ആണെങ്കിലും 2014 ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് നിര്‍മാണം ആരംഭിച്ചത്. 2018 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഔദ്യോഗിക സര്‍വീസ് ആരംഭിച്ചു.

എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് എന്ന പദ്ധതി മുന്നോട്ടുവച്ചതും ഉമ്മന്‍ ചാണ്ടിയായിരുന്നു. എട്ട് മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാനായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതി. പദ്ധതി പ്രകാരമുള്ള ആദ്യത്തെ മെഡിക്കല്‍ കോളജ് 2013ല്‍ ഉദ്ഘാടനം ചെയ്തു. 31 വര്‍ഷത്തിന് ശേഷം കേരളത്തില്‍ സ്ഥാപിക്കുന്ന ആദ്യ മെഡിക്കല്‍ കോളജായിരുന്നു അത്.

40 വര്‍ഷത്തോളം മുടങ്ങിക്കിടന്ന കേരളത്തിലെ ദേശിയപാതാ ബൈപാസുകളുടെ നിര്‍മാണ് പുനരാരംഭിച്ചതും ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *