Hivision Channel

മാലിന്യ സംസ്‌കരണം സര്‍ക്കാര്‍ വകുപ്പുകള്‍ ഉത്തരവാദിത്തം നിറവേറ്റണം;കലക്ടര്‍

ശുചിത്വവും ഖരമാലിന്യ സംസ്‌കരണവും കൂടുതല്‍ ഫലപ്രദമായി ജില്ലയില്‍ നടപ്പിലാക്കാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. മാലിന്യ സംസ്‌കരണം തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല. ഖരമാലിന്യ സംസ്‌കരണം നടപ്പിലാക്കുന്നതിനായി ഡിപിസി ഹാളില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.

ജില്ലയെ മാലിന്യമുക്തമാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച എന്‍ഫോഴ്സ്മെന്റ് ടീമിനൊപ്പം നിര്‍ബന്ധമായും പോലീസ് ഓഫീസറെ നിയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പൊതുനിരത്തിലേയ്ക്ക് മാലിന്യം വലിച്ചെറിയുക, ജലാശയങ്ങളില്‍ മാലിന്യം തള്ളുക, നിയമാനുസൃതം മാലിന്യം കടത്താന്‍ അംഗീകാരമില്ലാത്ത വാഹനങ്ങളില്‍ മാലിന്യം കടത്തുക, സ്ഥാപനങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ചുറ്റും മാലിന്യം, പാഴ്വസ്തുക്കള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിഞ്ഞ് വൃത്തികേടാക്കുന്നവര്‍ക്ക് എതിരെ ഐ.പി.സി, കേരളാ പോലീസ് ആക്ട്, പരിസ്ഥിതി നിയമം തുടങ്ങിയ നിയമങ്ങള്‍ പ്രകാരം പോലീസ് കേസെടുക്കണമെന്ന് കലക്ടര്‍ പറഞ്ഞു.


ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഹരിത ഓഫീസ് ആയി മാറിയത് നിരീക്ഷിക്കാന്‍ സെപ്റ്റംബര്‍ 10നകം സ്‌ക്വാഡുകള്‍ സന്ദര്‍ശിക്കും. മികച്ചത്, ശരാശരി, മോശം എന്നിങ്ങനെ തരംതിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഓഫീസുകളിലെ ഓണാഘോഷം മാലിന്യം ഇല്ലാതെ നടത്തണം. ഓഫീസുകളില്‍ പേപ്പര്‍ ഗ്ലാസുകള്‍, പാത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. പുനരുപയോഗിക്കാവുന്നവ മാത്രം ഉപയോഗിക്കുക. ഓഫീസുകള്‍ ഹരിത കര്‍മ്മസേനയ്ക്ക് പ്രതിവര്‍ഷ യൂസര്‍ഫീ നല്‍കണം. 1200 രൂപയാണ് ഒരു ഓഫീസ് നല്‍കേണ്ടത്. കാലാവധി കഴിഞ്ഞ ജനറിക് മരുന്നുകള്‍ നശിപ്പിക്കാനാവാതെ മെഡിക്കല്‍ ഷോപ്പുകളില്‍ കെട്ടിക്കിടക്കുന്നതായി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം നിലവിലില്ല. ഇവയുടെ വിശദമായ കണക്കെടുപ്പ് നടത്തി അറിയിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ഹരിതകേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *