സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാന്‍ ആഹ്വാനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ത്രിവര്‍ണ്ണ നിറമുള്ള ഡി പി ആക്കാന്‍ ആണ് ആഹ്വാനം. രാജ്യവും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള അതുല്യമായ ശ്രമമാണിതെന്നും പ്രധാന മന്ത്രി പറയുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അതിര്‍ത്തികളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണ രേഖയിലെയും ശ്രീനഗര്‍ താഴ്‌വരയിലെയും സുരക്ഷയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളും അതീവ സുരക്ഷാ വലയത്തില്‍ തന്നെയാണ്. വിമാനത്താവളങ്ങളിലും, ഡല്‍ഹി മെട്രോ സ്റ്റേഷനുകളിലും എന്‍എസ്ജിയുടെ നിരീക്ഷണം കര്‍ശനമാക്കി.
മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കുക്കി, മെയ്തി വിഭാഗത്തിന്റെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. റെഡ് ഫോര്‍ട്ട് പരിസരത്തെ റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ചുകൊണ്ട് പൊലീസ് വാഹനങ്ങളെ തടയുകയാണ്. ഡെല്‍ഹിയില്‍ മാത്രം 10,000ല്‍ അധികം പൊലീസുകാരെയും സുരക്ഷാ സേനയെയുമാണ് നിയോഗിച്ചിരിക്കുന്നത്.
ഡെല്‍ഹി അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പടെ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്ന റെഡ് ഫോര്‍ട്ട് പരിസരത്ത് കഴിഞ്ഞ മാസം 26-ാം തീയതി മുതല്‍ തന്നെ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇവിടമെല്ലാം തന്നെ എന്‍എസ്ജിയുടെ സുരക്ഷാ വലയത്തിലാണ്. ഡെല്‍ഹി മെട്രോ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും കര്‍ശന പരിശോധനയും സുരക്ഷയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.