അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയില്‍ താല്‍ക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.
അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ജീവനക്കാരില്‍ നിന്ന് വലിയ വീഴ്ച്ച സംഭവിച്ചത്. പനിയെ തുടര്‍ന്ന് രക്തപരിശോധനയ്ക്ക് വേണ്ടി അമ്മയ്ക്ക് ഒപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. അമ്മ ഒപി ടിക്കറ്റെടുക്കാന്‍ പോയപ്പോഴാണ് നഴ്‌സ് കുട്ടിയ്ക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയത്. കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവയ്പ്പ് മാറി നല്‍കിയത്.
പനിയുണ്ടെങ്കിലും കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നഴ്‌സിന് ഗുരുതര പിഴവ് സംഭവിച്ചതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ച്ചയായി അലംഭാവം ഉണ്ടാകുന്നത് അങ്കമാലി താലൂക്ക് ആശുപത്രിയില്‍ സ്ഥിരം സംഭവമാണെന്ന ആക്ഷേപവുമായി നഗരസഭ കൗണ്‍സിലും സംഭവത്തിന് പിന്നാലെ രംഗത്തെത്തിയിരുന്നു.