Hivision Channel

വാണിജ്യ എല്‍പിജി വിലയും കുറച്ചു; സിലിണ്ടര്‍ വില 158 രൂപ കുറയും

ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വിലയും കുറച്ചു. 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും. തിരുവനന്തപുരത്തെ പുതിയവില 1558 രൂപയായിരിക്കും. വിലക്കുറവ് രാജ്യത്ത് പ്രാബല്യത്തിലായി. കഴിഞ്ഞ മാസം 29 ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആഗസ്റ്റ് 30 മുതല്‍ പാചകവാതക വിലക്കുറവ് പ്രാബല്യത്തില്‍ എത്തിയിരുന്നു. നിലവില്‍ ദില്ലിയില്‍ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും. പ്രധാന മന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിലവില്‍ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 703 രൂപയ്ക്ക് സിലിണ്ടര്‍ ലഭിക്കും.

കൊവിഡ് കാലത്ത് പാചക വാതക സബ്‌സിഡ് സര്‍ക്കാര്‍ ആരെയും അറിയിക്കാതെ എടുത്തു കളഞ്ഞിരുന്നു. അറുന്നൂറ് രൂപയ്ക്ക് കിട്ടിയിരുന്ന സിലിണ്ടറിന്റെ വില ഇതോടെ ആയിരത്തിനു മുകളിലെത്തി. വന്‍ പ്രതിഷേധം ഉയരുമ്പോഴാണ് ഇത് ചെറുതായെങ്കിലും കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നത്. 33 കോടി പേര്‍ക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം കിട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 75 ലക്ഷം പുതിയ ഉജ്വല യോജന കണക്ഷനുകള്‍ കൂടി നല്‍കാന്‍ തീരുമാനമെടുത്തതായും കേന്ദ്രം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *