Hivision Channel

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാന വ്യാപകമായി മിതമായ മഴ കിട്ടാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദമായി മാറും. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് ഒരു ഇടവേളയ്ക്ക് ശേഷം കാലവര്‍ഷം മെച്ചപ്പെടുന്നത്. തിങ്കളാഴ്ചയോടെ കൂടുതല്‍ ഇടങ്ങളില്‍ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *