Hivision Channel

നവകേരള സദസ്സിന് പയ്യന്നൂരില്‍ പ്രൗഡോജ്വല സ്വീകരണം

നവകേരള നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട് സംവദിക്കുന്ന നവകേരള സദസ്സിന് പയ്യന്നൂരില്‍ പ്രൗഡോജ്വല സ്വീകരണം. ജില്ലയിലെ ആദ്യ സ്വീകരണമായ പയ്യന്നൂരില്‍ രാവിലെ മുതല്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും അടക്കം സമൂഹത്തിന്റെ നാനാ മേഖലയിലുള്ള ആയിരങ്ങളാണ് ഒഴുകിയെത്തിയത്.പയ്യന്നൂരിന്റെ വീഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ ജന നിബിഡമായി.
ജോണ്‍സണ്‍ പുഞ്ചക്കാടിന്റെ പുല്ലാങ്കുഴല്‍ വാദനത്തോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലേക്ക് സ്വാഗതം ചെയ്തത്. കുരുന്നുകള്‍ പൂച്ചെണ്ടുകളും കൈത്തറി മുണ്ടും നല്‍കി സ്വീകരിച്ചു. തിരുമേനി സെന്റ് ആന്റണീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആല്‍ബിന്‍ ആന്റണി വരച്ച നവകേരളം ഛായാ ചിത്രം അടങ്ങുന്ന ഉപഹാരം മുഖ്യമന്ത്രിക്ക് നല്‍കി. സദസ്സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.


തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ എന്നിവര്‍ പരിപാടിയില്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സദസ്സിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകള്‍ വഴി പരാതികള്‍ സ്വീകരിച്ചു. 20 കൗണ്ടറുകളാണ് പരാതി സ്വീകരിക്കാനായി സജ്ജീകരിച്ചത്. പരാതി നല്‍കാനെത്തുന്നവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും ടോക്കണും നല്‍കാന്‍ പ്രത്യേകം ഹെല്‍പ് ഡസ്‌ക് കൗണ്ടറും ഉണ്ടായിരുന്നു. ഭിന്നശേഷിയുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കി കൊണ്ടായിരുന്നു കൗണ്ടറുകള്‍ സജ്ജീകരിച്ചത്.രാവിലെ 8 മണി മുതലാണ് പരാതികള്‍ സ്വീകരിച്ചു തുടങ്ങിയത്. ആക്ഷേപങ്ങള്‍ക്ക് ഇടയില്ലാത്ത രീതിയില്‍ കൗണ്ടറുകളില്‍ സേവനം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *