Hivision Channel

ചികിത്സയ്ക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം നാലുദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു

കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം നാലുദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പുല്‍പ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്റ്റെബിനാണ് നാലുനാള്‍ മുമ്പ് മരിച്ചത്. മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള സര്‍ജറിക്കാണ് യുവാവ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം യുവാവ് മരിക്കുകയായിരുന്നു.ഡിസംബര്‍ ഒന്നിനാണ് സ്റ്റെബിന്റെ മരണം. മൂക്കില്‍ വളര്‍ന്ന ദശ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലേക്ക് സ്വന്തം വണ്ടിയോടിച്ചായിരുന്നു സ്റ്റെബിന്‍ വന്നത്. എന്നാല്‍ സ്റ്റെബിന്‍ തിരികെ പോയത് ചേതനയറ്റ ശരീരവുമായാണ്. സ്റ്റെബിന്റെ മരണത്തിന് കാരണം അനസ്‌തേഷ്യ നല്‍കിയതിലെ പിഴവെന്നാണ് കുടംബം ആരോപിക്കുന്നത്. എന്നാല്‍ ഹൃദയാഘാതമെന്നാണ് ആശുപത്രിയുടെ വിശദീകരണം. മരിച്ച ദിവസം പോസ്റ്റുമോര്‍ട്ടം നടത്താനോ പരാതിപ്പെടാനോ കുടുംബം തയ്യാറായിരുന്നില്ല.പിന്നീട് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ കല്‍പ്പറ്റ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്ക് പിന്നാലെ ശശിമല ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നിന്നും മൃതേദഹം പുറത്തെടുത്തു പരിശോധന നടത്തി. വൈത്തിരി തഹസില്‍ദാര്‍ ആര്‍.എസ് സജിയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍ പുരോഗമിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Leave a Comment

Your email address will not be published. Required fields are marked *