Hivision Channel

ക്രിസ്തുമസ്- പുതുവത്സരാഘോഷം; എക്‌സൈസ് പരിശോധന കര്‍ശനമാക്കും

എക്‌സൈസ് വകുപ്പ് ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വ്യാജ/അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനുള്ള തീവ്രയജ്ഞ പരിശോധനകള്‍ ജനുവരി മൂന്ന് വരെ നടത്തും. ഇതിന്റെ ഭാഗമായി മദ്യ/മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വിവിധ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കണ്ണൂര്‍ അസി. എക്‌സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഒരു എക്‌സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവൃത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളില്‍ അതാത് സമയംതന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ താലൂക്ക് പരിധികളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും താലൂക്ക്തല സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, രണ്ട് പ്രിവന്റീവ് ഓഫീസര്‍മാര്‍, മൂന്ന് സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിവര്‍ വാഹന സഹിതം ഉണ്ടായിരിക്കും. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകള്‍ നടത്തും.

ജില്ലയിലെ 12 റെയിഞ്ചുകളിലും രണ്ടുവീതം പ്രിവന്റിവ് ഓഫീസര്‍/ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്റലിജന്‍സ് ടീം കര്‍മ്മനിരതരാണ്. റെയിഞ്ച് പരിധിയിലെ വ്യാജമദ്യ നിര്‍മ്മാണവും, വിതരണവും, ശേഖരങ്ങളും, സ്ഥിരം കുറ്റവാളികളെക്കുറിച്ചുളള വിവരങ്ങളും ഇവര്‍ ശേഖരിച്ച് നടപടികള്‍ തുടരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാകുന്നതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും താമസസ്ഥലങ്ങളിലും നിരീക്ഷണങ്ങളും പരിശോധനയും നടത്തുന്നു.നിയോജകമണ്ഡലം/താലൂക്ക്/പഞ്ചായത്ത് തലത്തില്‍ ജനകീയ കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് ജനപ്രതിനിധികള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരില്‍ നിന്നും അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിക്കും.അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ ശക്തമാക്കുന്നതിനും പൊലീസ്, റവന്യൂ, ഫോറസ്റ്റ്, ഭക്ഷ്യസുരക്ഷാവിഭാഗം, ഡ്രഗ്‌സ്‌കണ്‍ട്രോള്‍, കര്‍ണ്ണാടക എക്‌സൈസ്/പോലീസ് തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തും

Leave a Comment

Your email address will not be published. Required fields are marked *