വിനോദയാത്രക്ക് ചിറകുമുളപ്പിച്ച ആനവണ്ടി വിനോദയാത്ര സഞ്ചാരികള്‍ക്ക് പ്രിയമേറുന്നു. കെഎസ്ആര്‍ടിസി കണ്ണൂര്‍ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആനവണ്ടി വിനോദയാത്ര ജില്ലയില്‍ 400 പിന്നിട്ടു. രണ്ടുവര്‍ഷത്തിനിടെ 400 യാത്രകള്‍ പിന്നിട്ടു. കഴിഞ്ഞദിവസം സര്‍വേ സൂപ്രണ്ടില്‍ നിന്നുള്ള ഗ്രൂപ്പ് പൈതല്‍മലയിലേക്ക് വിനോദയാത്ര പോയതോടെയാണ് 400ലേക്ക് എത്തിയത്. രണ്ടു വര്‍ഷത്തിനകം വിനോദയാത്രയിലൂടെ 2.5 കോടി രൂപ വരുമാനം നേടാനും കഴിഞ്ഞു. പ്രധാനമായും മൂന്ന് ദ്വിദിന പാക്കേജും നാല് ഏകദിന പാക്കേജുകളുമാണ് കണ്ണൂര്‍ ഡിപ്പോക്ക് കീഴില്‍ സര്‍വീസ് നടത്തുന്നത്.
മാര്‍ച്ച് ഏഴ്, 28 തീയ്യതികളില്‍ ഗവിയിലേക്ക് യാത്ര പുറപ്പെടും. വൈകിട്ട് അഞ്ചിന് പുറപ്പെട്ട് ഗവി, പരുന്തുംപാറ, കുമളി, കമ്പം, രാമക്കല്‍ മേട് എന്നിവ സന്ദര്‍ശിച്ചു 10, 31 തീയതികളില്‍ രാവിലെ ആറുമണിക്ക് കണ്ണൂരില്‍ തിരിച്ചെത്തുന്ന പാക്കേജില്‍ താമസവും ഭക്ഷണവും ലഭിക്കും. മാര്‍ച്ച് ഏഴ്, 28 തീയ്യതികളില്‍ വാഗമണ്‍ – മൂന്നാര്‍ യാത്ര വൈകിട്ട് ഏഴിന് പുറപ്പെടും. 10,31 തീയതികളില്‍ രാവിലെ ആറുണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുവരെ 54 യാത്രകള്‍ പൂര്‍ത്തിയാക്കി.
ഏറ്റവും മികച്ച ടൂറിസം വില്ലേജായ മൂന്നാര്‍-കാന്തല്ലൂര്‍ എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് ഏഴ്, 28 തീയ്യതികളില്‍ പുറപ്പെട്ട് 10, 31 തീയതികളില്‍ കണ്ണൂരില്‍ തിരിച്ചെത്തും. വയനാട്ടിലേക്ക് ഇതുവരെ 175 യാത്രകളാണ് നടത്തിയത്. എല്ലാ ഞായറാഴ്ചകളിലും മുടക്കമില്ലാതെ വയനാട്ടിലേക്ക്് പാക്കേജ് ജൈത്ര യാത്ര തുടരുന്നുണ്ട്. മുത്തങ്ങ വന്യ ജീവി സാങ്കേതത്തിലൂടെ രാത്രിയാത്രയും കൗതുകമുള്ളതാണ്. മാര്‍ച്ച് ഒമ്പതിന് രാവിലെ 05.45 നു കണ്ണൂരില്‍ നിന്നും പുറപ്പെട്ടു കുറുവ ദ്വീപ്, 900 കണ്ടി ഗ്ലാസ് ബ്രിഡ്ജ് പാര്‍ക്ക്, എന്നിവ കൂടി സന്ദര്‍ശിച്ചു പുലര്‍ച്ചെ മൂന്നോടെ കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഡിടിഒ വി മനോജ്കുമാറിന്റെ നേതൃത്വത്തിലാണ് വിനോദയാത്രകള്‍ ഏകോപിപ്പിക്കുന്നു.