Hivision Channel

ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനത്തിന്റെ 15 വര്‍ഷങ്ങള്‍; കേരളത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നിരോധനം ഒരുഘട്ടത്തില്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, 2010 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി നിരോധനം ശരിവെച്ച് ഉത്തരവിടുകയായിരുന്നു.പ്രതീക്ഷകള്‍ കൈവിടാതെ വയനാടന്‍ ജനത


ദേ
ശീയപാത 766-ലെ രാത്രിയാത്രാ നിരോധനം ഒന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും, പ്രതീക്ഷകള്‍ അസ്തമിക്കാത്ത ഒരു ജനതയാണ് വയനാട്ടിലുള്ളത്. വന്യമൃഗശല്യവും കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയും വേട്ടയാടുന്ന വയനാടിന് ആശ്രയമായ വിനോദസഞ്ചാരമേഖലയ്ക്കുപോലും വലിയ ആഘാതം സൃഷ്ടിച്ചാണ് രാത്രിയാത്രാ നിരോധനം നിലവില്‍ വന്നത്. ബെംഗളൂരുവില്‍നിന്ന് മലബാര്‍ മേഖലയിലേക്കുള്ള എളുപ്പവഴിയാണ് ദേശീയപാത 766. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് വേഗത്തിലെത്താനാകുന്ന പാതയാണിത്. ചരക്കുഗതാഗതത്തിന് ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന പാതയും ഇതുതന്നെ. കര്‍ണാടകയിലെ കൊല്ലഗലില്‍നിന്ന് മൈസൂരു-ഗുണ്ടല്‍പേട്ട്-മുത്തങ്ങ-സുല്‍ത്താന്‍ബത്തേരി വഴി കോഴിക്കോട്ടേക്കെത്തുന്ന പാതയുടെ ദൂരം 272 കിലോമീറ്ററാണ്. ഇതില്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലൂടെയുള്ള 25 കിലോമീറ്റര്‍ പാതയിലാണ് രാത്രിയാത്രാ നിരോധനം. 2009-ലാണ് ബന്ദിപ്പൂര്‍ വനപാതയില്‍ രാത്രിയാത്രയ്ക്ക് വിലക്കുവീണത്. രാത്രിയില്‍ ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ വന്യമൃഗങ്ങളുടെ സൈ്വരവിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടകയിലെ ചാമരാജനഗര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെ ഗതാഗതം നിരോധിച്ചത്.കേരളത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നിരോധനം ഒരുഘട്ടത്തില്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, 2010 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി നിരോധനം ശരിവെച്ച് ഉത്തരവിടുകയായിരുന്നു. രാത്രിയാത്രാ നിരോധനം പിന്‍വലിക്കാനുള്ള സാധ്യതകള്‍ മങ്ങിയതോടെ ബദല്‍മാര്‍ഗങ്ങള്‍ പലതും അധികൃതരുടെ പരിഗണനയില്‍ വന്നു. വനത്തിലൂടെ മേല്‍പ്പാതകള്‍ നിര്‍മിക്കുന്നതായിരുന്നു ഇതില്‍ പ്രധാനം. മേല്‍പ്പാതകള്‍ നിര്‍മിച്ച് വന്യജീവികള്‍ക്ക് സഞ്ചാരത്തിന് സൗകര്യമൊരുക്കുമെന്ന് മുമ്പ് കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ വിദഗ്ധസമിതി ശുപാര്‍ശ നല്‍കിയിരുന്നു. ഇടവിട്ട് അഞ്ച് മേല്‍പ്പാതകള്‍ നിര്‍മിക്കാനുള്ള ഈ ശുപാര്‍ശ കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നടപ്പായില്ല.കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള ചരക്കുഗതാഗതത്തിന്റെ തന്ത്രപ്രധാനമായ പാതയായിരുന്നു ദേശീയപാത 766. കോഴിക്കോട്, മൈസൂരു, ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദൈര്‍ഘ്യം കുറഞ്ഞ പാതയാണിത്. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കുള്ള ചരക്കുനീക്കം ഏറക്കുറെ പൂര്‍ണമായും റോഡ് ഗതാഗതത്തെ ആശ്രയിച്ചാണുള്ളത്. ഇതില്‍ ദേശീയപാത 766-ന്റെ പങ്ക് വലിയ പ്രാധാന്യമുള്ളതാണ്. 24 മണിക്കൂറും തടസ്സങ്ങളില്ലാതെ ചരക്കുഗതാഗതം സുഗമമായി നടന്നിരുന്ന പാതയില്‍ യാത്രാനിരോധനം വന്നതോടെ വാണിജ്യമേഖലയ്ക്ക് വലിയ ആഘാതമാണുണ്ടായത്. നിരോധനത്തിനുമുമ്പ് പാലക്കാട് ഒഴികെയുള്ള കേരളത്തിന്റെ മറ്റു ജില്ലകളിലേക്ക് ചരക്കുവാഹനങ്ങള്‍ ഭൂരിഭാഗവും ബന്ദിപ്പൂര്‍ വഴിയാണ് കടന്നുപോയിരുന്നത്. സ്വകാര്യവാഹനങ്ങള്‍ കുട്ട-ഗോണിക്കുപ്പ വഴി കര്‍ണാടകയിലേക്കും കേരളത്തിലേക്കും സഞ്ചരിക്കുന്നതുപോലെ ചരക്കുവാഹനങ്ങള്‍ക്കാകില്ല. താരതമ്യേന വീതികുറഞ്ഞതും കൂടുതല്‍ വളവുകള്‍ നിറഞ്ഞതുമായ ഗോണിക്കുപ്പ വഴി, ചരക്കുമായെത്തുന്ന ഹെവി വാഹനങ്ങള്‍ക്ക് കടന്നുപോകുകയെന്നത് എളുപ്പമല്ല. നൂറിലധികം ഹെവി വാഹനങ്ങളാണ് ദിവസവും കര്‍ണാടകയിലേക്കോ കേരളത്തിലേക്കോ ചരക്കുമായി കേരള-കര്‍ണാടക അതിര്‍ത്തികളിലെത്തുന്നത്. ഈ വാഹനങ്ങളത്രയും ഇടുങ്ങിയ പാതയിലൂടെ കടന്നുപോവുകയെന്നത് ആയാസകരമാണ്.

To advertise here, Contact Us

Leave a Comment

Your email address will not be published. Required fields are marked *