Hivision Channel

യൂട്യൂബിലെ വമ്പന്‍ എഐ അപ്‌ഗ്രേഡ്- കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന മൂന്ന് ഫീച്ചറുകൾ

ണ്‍ലൈന്‍ സേവനങ്ങളെല്ലാം തന്നെ തങ്ങളുടെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ടിതമായ പുതിയ സൗകര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ജനപ്രിയ വീഡിയോ സ്ട്രീമിങ് സേവനമായ യൂട്യൂബും പുതിയ എഐ ഫീച്ചറുകള്‍ പരീക്ഷിക്കുകയാണ്. ദൈര്‍ഘ്യമേറിയ വീഡിയോകള്‍ സൗകര്യപ്രദമായി കാണുക, വീഡിയോയ്ക്ക് കീഴിലെ കമന്റ് സെക്ഷന്‍ കൂടുതല്‍ സജീവമാക്കുക, വിദ്യാഭ്യാസ അധിഷ്ടിത ഉള്ളടക്കത്തില്‍ നിന്ന് എളുപ്പം പഠനം സാധ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് മൂന്ന് എഐ സൗകര്യങ്ങളാണ് കമ്പനി പരീക്ഷിക്കുന്നത്.

വീഡിയോയിലെ നല്ല ഭാഗങ്ങള്‍ മാത്രം കാണാം

ദൈര്‍ഘ്യമേറിയ വീഡിയോകള്‍ മുഴുനീളെ കണ്ടിരിക്കുക കാഴ്ചക്കാരെ സംബന്ധിച്ച് അത്ര സുഖകരമായിരിക്കില്ല. വീഡിയോയിലെ ചില രംഗങ്ങള്‍ മാത്രമേ ചിലപ്പോള്‍ രസകരമായിരിക്കുകയുള്ളൂ. അത്തരം വീഡിയോകള്‍ സാധാരണ നമ്മള്‍ ഫോര്‍വേഡ് ചെയ്ത് നോക്കി കണ്ടുപിടിച്ച് കാണുകയാണ് ചെയ്യുക. എന്നാല്‍ പുതിയ എഐ ഫീച്ചര്‍ ഇനി നിങ്ങളെ സഹായിക്കും.

വീഡിയോകളില്‍ ഡബിള്‍ ടാപ്പ് ചെയ്ത് അത് സ്‌കിപ്പ് ചെയ്ത് കാണാന്‍ ശ്രമിക്കുമ്പോള്‍ സ്‌ക്രീനില്‍ ഒരു ബട്ടന്‍ തെളിയും. അതുവഴി വീഡിയോയിലെ രസകരമെന്ന് എഐ കണ്ടെത്തിയ രംഗങ്ങള്‍ തിരഞ്ഞെടുത്ത് കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും.

നിലവില്‍ ചുരുക്കം ചില യൂട്യൂബ് പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ എഐ വീഡിയോ നാവിഗേഷന്‍ ടൂള്‍ ലഭ്യമായിട്ടുള്ളൂ. താമലിയാതെ തന്നെ കൂടുതല്‍ പേരിലേക്ക് ഈ സൗകര്യം എത്തിയേക്കും.

കമന്റുകള്‍ വേര്‍തിരിച്ച് കാണാം

ഒരു വീഡിയോയ്ക്ക് കീഴില്‍ പലവിധങ്ങളായ ചര്‍ച്ചകള്‍ നടക്കാറുണ്ട്. വീഡിയോയിലെ വിഷയം, അവതരണരീതി, അവതാരകര്‍ പോലുള്ള പലവിധ വിഷയങ്ങളെ കുറിച്ചാവും ആ ചര്‍ച്ചകള്‍. നിലവില്‍ സമയ ക്രമത്തിലാണ് കമന്റ് സെക്ഷനില്‍ കമന്റുകള്‍ കാണുക. ഒരാള്‍ ആരംഭിച്ച ചര്‍ച്ചാ വിഷയത്തിന്‍ കീഴില്‍ ചര്‍ച്ച നടത്താന്‍ റിപ്ലൈ കൊടുക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്.

പുതിയ എഐ ഫീച്ചര്‍ വരുന്നതോടെ വീഡിയോയിലെ കമന്റുകള്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണിക്കും. എഐയുടെ സഹായത്തോടെയാണ് കമന്റുകള്‍ വേര്‍തിരിക്കുക.

വീഡിയോയിലെ കമന്റ് സെക്ഷന്‍ തുറക്കുമ്പോള്‍ ‘ടോപ്പിക്‌സ്’ എന്ന പേരില്‍ ഒരു ടാബ് കാണാം. അത് തിരഞ്ഞെടുത്താല്‍ വിവിധ വിഷയങ്ങള്‍ക്ക് കീഴില്‍ കമന്റുകള്‍ ക്രമീകരിച്ചിരിക്കുന്നത് കാണാം. ഇതില്‍ ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് ചര്‍ച്ചയുടെ ഭാഗമാവാം. കമന്റുകളുടെ സംഗ്രഹവും എഐ നല്‍കും. അനാവശ്യ വിഷയങ്ങള്‍ എഐ തന്നെ മാറ്റി നിര്‍ത്തുകയും ചെയ്യും..

സജീവമായ ചര്‍ച്ചകള്‍ നടക്കുന്ന യൂട്യൂബ് കമന്റ് ബോക്‌സില്‍ ഈ പുതിയ ഫീച്ചര്‍ വലിയൊരു മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വീഡിയോയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ചാറ്റ്‌ബോട്ട്

വിവര ശേഖരണത്തിനും പഠനത്തിനും വേണ്ടിയാണ് നിങ്ങള്‍ യൂട്യൂബില്‍ ഒരു വീഡിയോ കാണുന്നത് എങ്കില്‍ ഏറെ ഉപകാരപ്പെടുന്ന ഫീച്ചറാണിത്. വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് Ask എന്ന ബട്ടന്‍ ക്ലിക്ക് ചെയ്ത് വീഡിയോയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാം. വീഡിയോയുടെ സംഗ്രഹം എന്തെന്നും ചോദിക്കാം.

ഈ മൂന്ന് ഫീച്ചറുകളും എല്ലാ യൂട്യൂബ് ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കിയിട്ടില്ല. ചുരുക്കം ചില യൂട്യൂബ് പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ ഇവയില്‍ പലതും ലഭ്യമാക്കിയിട്ടുള്ളൂ.

Leave a Comment

Your email address will not be published. Required fields are marked *