Hivision Channel

കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്രം

കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയ മാതൃകാ ചട്ടങ്ങളിലാണ് പിതാവിന്റെയും മാതാവിന്റെയും മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന നിര്‍ദേശമുള്ളത്. അതേസമയം നിയമം പ്രാബല്യത്തില്‍ വരുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പും അംഗീകാരവും ആവശ്യമാണ്.

നേരത്തെ കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനനം രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നത്. ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ മതം രേഖപ്പെടുത്തേണ്ട കോളം പിതാവിന്റെ മതം, മാതാവിന്റെ മതം എന്നിവ രേഖപ്പെടുത്തുന്നതിന് ആവശ്യമായ രീതിയില്‍ വിപുലീകരിക്കുകയും ചെയ്യും. ദത്തെടുക്കുന്ന കുട്ടിയുടെ സര്‍ട്ടിഫിക്കറ്റിലും സമാന മാറ്റങ്ങള്‍ വരുത്തും.

ഓഗസ്റ്റ് 11ന് പാര്‍ലമെന്റ് പാസാക്കിയ ഭേദഗതി ചെയ്ത ജനന മരണ രജിസ്ട്രേഷന്‍ നിയമം, 2023 പ്രകാരം ജനന മരണ കണക്കുകള്‍ ദേശീയ തലത്തിലായിരിക്കും കണക്കാക്കുക. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍), ഇലക്ട്രറല്‍ റോള്‍സ്, ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, സ്വത്ത് രജിസ്ട്രേഷന്‍ തുടങ്ങിയവ അപ്ഡേറ്റ് ചെയ്യാനും ഇത് ഉപയോഗിക്കും.

ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന നിയമം പ്രകാരം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ജനനവും മരണവും കേന്ദ്രത്തിന്റ സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റത്തില്‍ ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യണം. ഈ സംവിധാനത്തിലൂടെ നല്‍കുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനമുള്‍പ്പെടെയുള്ള വിവി ആവശ്യങ്ങള്‍ക്കായി ഒരൊറ്റ രേഖയായി ഉപയോഗിക്കാം.

ജനനം, മരണം, ദത്തെടുക്കല്‍, ഗര്‍ഭാവസ്ഥയിലോ പ്രസവത്തിന്റെ സമയത്തോ ഉള്ള കുട്ടിയുടെ മരണം, മരണകാരണത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നിലവിലുള്ള ഫോമുകള്‍ക്ക് പകരം കരട് നിയമം പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. മരണകാരണത്തിനുള്ള സര്‍ട്ടിഫിക്കറ്റില്‍ ഇനി മുതല്‍ മരണ കാരണത്തിന്റെ കൂടെ രോഗം വന്നാണ് മരിച്ചതെങ്കില്‍ രോഗത്തിന്റെ ചരിത്രവും ഉള്‍പ്പെടുത്തണം.

കൂടാതെ ജനന രജിസ്റ്ററില്‍ രണ്ട് ഭാഗങ്ങളുണ്ടായിരിക്കും. നിയമപരമായ വിവരങ്ങളും സ്ഥിതിവിവരകണക്കുമായി ബന്ധപ്പെട്ട വിവരങ്ങളും. സ്ഥിതിവിവര കണക്കുമായി ബന്ധപ്പെട്ട വിവരത്തിലാണ് മാതാപിതാക്കളുടെ മതം ഉള്‍പ്പെടുന്നത്. അതേസമയം ലഭ്യമാണെങ്കില്‍ മാതാപിതാക്കളുടെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും ഈമെയില്‍ ഐഡിയും ഉള്‍പ്പെടുത്താന്‍ നിയമപരമായ വിവരങ്ങളുടെ ഫോമും വിപുലീകരിക്കും. സംസ്ഥാനം, ജില്ല, ഉപജില്ല, നഗരം അല്ലെങ്കില്‍ ഗ്രാമം, വാര്‍ഡ് നമ്പര്‍, പ്രദേശം, വീട്ടു നമ്പര്‍, പിന്‍ കോഡ് എന്നിവ ഉള്‍പ്പെടുത്താന്‍ വിലാസം നല്‍കുന്ന ഭാഗങ്ങളും വിവരണാത്മകമായി വിപുലീകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *